Sunday, March 17, 2013

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം


സെക്രട്ടറിയറ്റിലും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അക്രെഡിറ്റേഷനോ പിആര്‍ഡി പാസോ കൈവശമുള്ള മാധ്യമപ്രവര്‍ത്തകരെമാത്രമേ സെക്രട്ടറിയറ്റിലേക്ക് കടത്തിവിടുകയുള്ളൂവെന്ന് പൊതുഭരണ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗവും നിരോധിച്ചു.

സര്‍ക്കാര്‍ മുന്‍കൂട്ടി അറിയിച്ചിട്ടുള്ള പരിപാടികളില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍/പ്രൈവറ്റ് സെക്രട്ടറി, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, പ്രസ് സെക്രട്ടറി എന്നിവരുടെ രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിലേക്ക് കടത്തിവിടില്ല. മറ്റ് സാഹചര്യങ്ങളില്‍ സെക്രട്ടറിയറ്റിലേക്ക് പാസുള്ള മാധ്യമപ്രവര്‍ത്തകരെ കടത്തിവിടുമെങ്കിലും ക്യാമറ/വീഡിയോ ക്യാമറ എന്നിവ അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്ത് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയും. സ്ത്രീകളുള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ ബാഗുകളും മൊബൈല്‍ഫോണുകളും മുഖ്യമന്ത്രിയുടെ ഓഫീസ് കവാടത്തിനരികില്‍ സജ്ജമാക്കിയിരിക്കുന്ന കൗണ്ടറില്‍ നല്‍കി ടോക്കണ്‍ വാങ്ങണം. സുരക്ഷാസംവിധാനം ശക്തിപ്പെടുത്തണമെന്ന ഇന്റലിജന്‍സ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നത്.

deshabhimani 170313

No comments:

Post a Comment