Sunday, March 10, 2013
മദ്യക്കുപ്പിയിലെ ഹോളോഗ്രാം: സി ഡിറ്റിനെ ഒഴിവാക്കുന്നു; വന്‍ അഴിമതി
ഹോളോഗ്രാം നിര്‍മിച്ച് മദ്യക്കുപ്പികളില്‍ ഒട്ടിച്ച് നല്‍കുന്നതിനുള്ള കരാര്‍ കര്‍ണാടകത്തിലെ സ്വകാര്യ കമ്പനിയെ എല്പ്പിക്കാന് എക്സൈസ് വകുപ്പിന്റെ നീക്കം. 12 വര്‍ഷമായി കുപ്പികളില്‍ ഹൈ സെക്യൂരിറ്റി ഹോളോഗ്രാം ലേബല്‍ പതിക്കുന്ന പൊതുമേഖലാ സ്ഥാപനമായ സി ഡിറ്റിനെ ഒഴിവാക്കിയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അയോഗ്യത കല്‍പ്പിച്ച വിവാദ കമ്പനിക്ക് അഞ്ചുവര്‍ഷത്തേക്ക് കരാര്‍ നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് 18 കോടിയിലേറെ രൂപയുടെ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. ഇവര്‍ക്ക് ടെന്‍ഡര്‍ ലഭിക്കുംവിധം നിലവിലുള്ള വ്യവസ്ഥകളില്‍ ഭേദഗതി വരുത്താനാണ് നീക്കം. സി ഡിറ്റില്‍നിന്ന് ക്രമക്കേടിന് പുറത്താക്കിയ വ്യക്തിയും എക്സൈസ് വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കര്‍ണാടകത്തിലെ സ്വകാര്യ കമ്പനിക്കായി ചരടുവലിക്കുന്നത്. ഒന്നിന് 13.75 പൈസയ്ക്ക് സിഡിറ്റ് ചെയ്യുന്ന ഹോളോഗ്രാം ലേബല്‍ 23 പൈസയ്ക്ക് ചെയ്യിക്കാനാണ് നീക്കം. ടെന്‍ഡറിന് ശ്രമിക്കുന്ന വ്യക്തിക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും ഇതില്‍നിന്ന് അഞ്ചുപൈസ വീതം ലഭിക്കും. സംസ്ഥാനത്ത് മാസം ആറുകോടിയിലധികം ലേബലാണ് മദ്യക്കുപ്പികളില്‍ പതിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ മാസം 30 ലക്ഷം രൂപയും അഞ്ച് വര്‍ഷത്തേക്ക് 18 കോടിയിലധികം രൂപയും ഇവരുടെ പോക്കറ്റിലെത്തും.
സി ഡിറ്റിന്റെ ഹോളോഗ്രാഫിക് ഡിവിഷന്റെ മേല്നോട്ടക്കാരനായി ജോലിചെയ്യവെ തിരുവനന്തപുരത്ത് സ്വന്തമായി ഹോളോഗ്രാം കമ്പനി തുടങ്ങി സി ഡിറ്റിലെ ജോലികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് നടപടി നേരിട്ടയാളാണ് തട്ടിപ്പിന് കളമൊരുക്കിയത്. ഇയാളുടെ മേല്‍നോട്ടത്തില്‍ 2012 ഒക്ടോബറില്‍ എക്സൈസ് വകുപ്പിലെ ചില ഉന്നതര്‍ കര്‍ണാടകത്തിലെ കമ്പനിയില്‍ എത്തി "പ്രത്യേക പഠനം" നടത്തി. ഇതിന്റെ തുടര്‍ച്ചയായി 120 കോടിയില്‍ കുറയാതെ അറ്റാദായം ഉള്ള കമ്പനികള്‍ക്കുമാത്രം ടെന്‍ഡര്‍ നല്കിയാല് മതിയെന്ന പുതിയ വ്യവസ്ഥ നടപ്പാക്കിയാണ് സി ഡിറ്റിനെ പുറത്താക്കുന്നത്. ഇന്ത്യന്‍ ബാങ്കിന്റെ രജിസ്ട്രേഷന് വേണമെന്നതും ടെന്‍ഡറില്‍ വ്യവസ്ഥചെയ്യും.
2001 നവംബര്‍ 20ന് ബിവറേജസ് കോര്‍പറേഷനും സി ഡിറ്റുമായി ഒപ്പുവച്ച കരാര്‍പ്രകാരം 2012 വരെ രഹസ്യസ്വഭാവത്തോടെ ഹോളോഗ്രാം നിര്‍മിച്ച് അവിടെത്തന്നെയുള്ള ഫാക്ടറിയില്‍ എക്സൈസ് കമീഷണറുടെയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിലും മേല്‍നോട്ടത്തിലും കുപ്പികളില്‍ ഒട്ടിച്ചാണ് വില്‍പ്പനയ്ക്കായി വിതരണം ചെയ്തിരുന്നത്. ഇതിന് മൂന്നുതവണ സി ഡിറ്റിന് അവാര്‍ഡും ലഭിച്ചു. ഹോളോഗ്രാഫില് സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനമാണ് സി ഡിറ്റ്. ഹൈ സെക്യൂരിറ്റി ഹോളോഗ്രാഫിക് ലേബലിനുപകരം 50 വര്‍ഷത്തിലധികം പഴക്കമുള്ള ഇന്റാഗ്ലിയോ പ്രിന്റിങ് സാങ്കേതികവിദ്യ എറ്റവും പുതിയ സാങ്കേതിക വിദ്യയാണെന്ന് സമര്‍ഥിച്ചാണ് പുതിയ ലോബിയുടെ കടന്നുകയറ്റം. ട്രാക് ആന്‍ഡ് ട്രെയ്സ് സിസ്റ്റം ടെക്നോളജി സി ഡിറ്റില്ത്തന്നെ ഉള്ളപ്പോള്‍ കര്‍ണാടകത്തില്‍ ബാര്‍കോഡ് പ്രിന്റ്ചെയ്ത് ലേബല്‍ കേരളത്തില്‍ കൊണ്ടുവന്ന് നമ്പറിടുന്ന ജോലി മാത്രമാകും ഒരുപക്ഷേ ഇനി സി ഡിറ്റിന് ഉണ്ടാകുക. കര്‍ണാടകത്തിലെ നിര്‍ദിഷ്ട കമ്പനി ആന്ധ്രാപ്രദേശിലെ എക്സൈസ് ലേബല്‍ ഹോളോഗ്രാം ടെന്‍ഡറില്‍ പങ്കെടുത്തപ്പോള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇവരുടെ സാമ്പിള്‍ ചെന്നൈ ഐഐടിയെക്കൊണ്ട് പരിശോധിപ്പിച്ചിരുന്നു. ഗുണനിലവാരമില്ലെന്ന ഐഐടി റിപ്പോര്‍ട്ടും കമ്പനിക്ക് മുന്‍പരിചയമില്ലെന്നതും കാട്ടിയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അയോഗ്യത കല്‍പ്പിച്ചത്.
(ജിജോ ജോര്‍ജ്)
deshabhimani 100313
Labels:
അഴിമതി,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment