Saturday, March 16, 2013
പുത്തൂര്‍ മൃഗശാലക്ക് ഇത് രണ്ടാം നിര്‍മാണോദ്ഘാടനം
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനിത് രണ്ടാം നിര്‍മാണോദ്ഘാടനം. 2010 ജൂണ്‍ അഞ്ചിന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഇതേ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചതാണ്. മൂന്നുദിവസത്തെ ഉദ്ഘാടനമാമാങ്കം നടത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച വീണ്ടും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് തറക്കല്ലിടും.
തൃശൂരിലെ മൃഗശാല മാറ്റി സ്ഥാപിക്കണമെന്ന സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വര്‍ഷാവസാനം സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കുകൂടി തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും അത് അംഗീകരിക്കുകയുമാണ് ചെയ്തിരുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് രാജാജി മാത്യുതോമസ് എംഎല്‍എ ചെയര്‍മാനും പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രഘുനാഥ് കണ്‍വീനറുമായ ജനകീയ സമിതി സാംസ്കാരിക മന്ത്രി എം എ ബേബി, റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മൃഗശാല മാറ്റുന്നതിനെക്കുറിച്ച് ആദ്യ ചര്‍ച്ചകള്‍ നടക്കുന്നത്. പുത്തൂരില്‍ കണ്ടെത്തിയ മുളങ്കാട് വനം വകുപ്പിനു കീഴിലായതിനാല്‍ പകരം ഭൂമി റവന്യൂവകുപ്പ് നല്‍കണമെന്നും ഇവിടം വനവല്‍ക്കരിക്കാനുള്ള തുക സര്‍ക്കാരിലേക്ക് നല്‍കണമെന്നും നിയമോപദേശം കിട്ടി. ഇടുക്കി ജില്ലയിലെ കോട്ടകാമ്പൂര്‍, കാരന്തൂര്‍ പഞ്ചായത്തുകള്‍ ഇതിനായി കണ്ടെത്തിയെങ്കിലും മറ്റൊരു പദ്ധതിപ്രദേശമായതിനാല്‍ പിന്നീട് കോട്ടകാമ്പൂരിനെ ഒഴിവാക്കി.
തുടര്‍ന്ന് പൂത്തൂരിലെ ആദ്യ പരിപാടിയായ ഭൂമി കൈമാറ്റച്ചടങ്ങ് 2007 ഡിസംബര്‍ 25ന് അന്നത്തെ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കേന്ദ്രമന്ത്രി ജയറാം രമേഷ് എല്ലാ തടസ്സങ്ങളും നീങ്ങിയതായി അറിയിച്ചകാര്യം സാംസ്കാരിക മന്ത്രിയായിരുന്ന എം എ ബേബി ഡല്‍ഹിയില്‍വച്ചുതന്നെ പ്രഖ്യാപിച്ചു. ധനമന്ത്രിയായിരിക്കെ തോമസ് ഐസക് ബജറ്റ് ചര്‍ച്ചയില്‍ തൃശൂരിലെ പാര്‍ക്കിന് ആവശ്യമായ തുക എത്രയാണോ അത് പൂര്‍ണമായും നല്‍കുമെന്ന് പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ 336 ഏക്കര്‍ ഭൂമിക്ക് ചുറ്റുമതില്‍ കെട്ടാനും പ്രൗഢമായ ഗേറ്റ് നിര്‍മിക്കാനും ഒന്നരക്കോടി അനുവദിച്ചു. ടെന്‍ഡര്‍ നടപടികളടക്കം പൂര്‍ത്തീകരിച്ചാണ് നിര്‍മാണോദ്ഘാടനം നടത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച നിര്‍മാണത്തിന്റെ തുടര്‍ച്ചയ്ക്കാണ് വെള്ളിയാഴ്ച വീണ്ടും ഉദ്ഘാടനം നടത്തുന്നത്. ടെന്‍ഡര്‍ നടപടികള്‍ ഇതുവരെയായിട്ടില്ല. തൃശൂരിലെ സുവോളജിക്കല്‍ പാര്‍ക്ക് വനംവകുപ്പിനു കീഴിലാകുമെന്നാണ് നിലവില്‍ വകുപ്പുമന്ത്രിമാര്‍ പറയുന്നത്. വനം, സൂ വകുപ്പുകള്‍ വെവ്വേറെയാണെന്നിരിക്കെ ഇത് കൂടുതല്‍ നിയമതടസ്സങ്ങള്‍ വരുത്തിവയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
deshabhimani 160313
Subscribe to:
Post Comments (Atom)
No comments:
Post a Comment