പൊലീസിന്റെ മൃഗീയ നടപടിയാണ് തിരുവണ്ണൂരില്‍ ബൈപാസില്‍ കുറ്റിയില്‍പടിയില്‍ രണ്ട് യുവാക്കളുടെ ജീവന്‍ പൊലിയാന്‍ ഇടയാക്കിയത്. പൊലീസിന്റെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് ജനം ബൈപാസിലേക്ക് കുതിക്കുകയായിരുന്നു. ആശാരിപ്പണിക്കാരനായ രാജേഷും ഇലക്ട്രീഷ്യനായ മഹേഷും ജോലികഴിഞ്ഞു വരുമ്പോഴാണ് അപകടം ഉണ്ടായത്. ദേശീയപാതയിലൂടെ പോകുന്ന വാഹന യാത്രികര്‍ കാണാത്ത വിധം മെയിന്‍റോഡില്‍നിന്നും പോക്കറ്റ് റോഡിലേക്ക് പൊലീസ് ജീപ്പ് മാറ്റിയിട്ട് ഒളിച്ചുനിന്നാണ് പന്നിയങ്കര എസ്ഐ അനില്‍കുമാറും സംഘവും ഹെല്‍മറ്റ്വേട്ട നടത്തിയത്. ഹെല്‍മറ്റ് ഇല്ലാതെ പോകുന്ന യാത്രികരുടെ മുന്നിലേക്ക് ചാടിവീണ് ഇവര്‍ ശനിയാഴ്ച രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇത്തരത്തിലാണ് ഇവര്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കുകള്‍ക്ക് മുന്നിലേക്ക് ചാടി വീണത്. രാത്രിയായതിനാല്‍ വാഹന യാത്രികര്‍ പൊലീസിനെ കാണില്ലായിരുന്നു. എന്താണെന്ന് അറിയാതെ ബൈക്ക് മുന്നോട്ട് നിര്‍ത്താന്‍ ശ്രമിക്കവെ തന്നെ രാജേഷും മഹേഷും സഞ്ചരിച്ച ബൈക്കിന് പിന്നാലെ എസ്ഐ ജീപ്പ് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇതാണ് തിരുവണ്ണൂരില്‍ പൊലീസിനെതിരെ വന്‍ ജനരോഷം ഉയരാന്‍ ഇടയാക്കിയത്. ഇതിനിടെ പിന്നാലെ എത്തിയ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ ഇടിച്ചാണ് ബൈക്കില്‍ നിന്ന് രാജേഷും മഹേഷും തെറിച്ച് വീണതും ബസ്സിനടിയില്‍ ആയതും. ബൈക്ക് യാത്രികരെ പിന്തുടര്‍ന്ന് ഹെല്‍മറ്റ് വേട്ട നടത്തരുതെന്ന കോടതി നിര്‍ദേശവും എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പുറത്തിറക്കിയ ഉത്തരവും കാറ്റില്‍ പറത്തിയാണ് പന്നിയങ്കര എസ്ഐയും സംഘവും നരവേട്ട നടത്തിയത്.
മണിക്കൂറുകളോളമാണ് ജനങ്ങള്‍ പൊലീസിനെതിരെ റോഡില്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ തങ്ങള്‍ക്ക് പറ്റിയ പാളിച്ച മറച്ചുവെക്കാനായി ലാത്തിച്ചാര്‍ജ് നടത്തി അപകട മരണം ഒതുക്കി ത്തീര്‍ക്കാനുള്ള ശ്രമമാണ് എസ്ഐയും സംഘവും നടത്തിയത്. തുടര്‍ന്ന് കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് സൗത്ത് അസി. കമീഷണര്‍ കെ ആര്‍ പ്രേമചന്ദ്രന്‍ നാട്ടുകാര്‍ക്ക് ഉറപ്പുകൊടുക്കുകയും നാട്ടുകാര്‍ പിരിഞ്ഞുപോകുകയും ചെയ്തിരുന്നു. ഈ സമയത്താണ് വീണ്ടും പൊലീസ് ലാത്തി വീശിയത്. ഇതിനെ തുടര്‍ന്ന് സ്ഥലത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവത്തിന് ഉത്തരവാദിയായ പന്നിയങ്കര എസ്ഐ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാര്‍ എംഎല്‍എ, സൗത്ത് ഏരിയാ സെക്രട്ടറി കാനങ്ങോട്ട് ഹരിദാസന്‍, ഏരിയാ കമ്മിറ്റി അംഗം മുസാഫര്‍ അഹമ്മദ്, കല്ലായി ലോക്കല്‍ സെക്രട്ടറി സി ബാലു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ബൈജു എന്നിവര്‍ സംസാരിച്ചു.
രാത്രി വൈകിയും ഉപരോധം തുടരുന്നു. സിറ്റി പൊലീസ് കമീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍, സൗത്ത് അസി. കമീഷണറും ഡെപ്യൂട്ടി കലക്ടറും സ്ഥലത്തെത്തി ജനപ്രതിനിധികളുമായും നാട്ടുകാരുമായും ചര്‍ച്ച തുടരുകയാണ്. ഇതോടെ ബൈപ്പാസില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. രാജേഷിന്റെയും മഹേഷിന്റെയും മൃതദേഹങ്ങള്‍ കൊണ്ടുവന്ന മിംസ് ആശുപത്രിക്ക് പുറത്തും ജനങ്ങളുടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
deshabhimani 100313

No comments:
Post a Comment