Wednesday, March 6, 2013

ഹ്യൂഗോ ഷാവേസ് :(


വെനിസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്(58) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാരക്കാസിലെ സൈനിക ആശുപത്രിയില്‍ വെനസ്വേലന്‍ സമയം ചൊവ്വാഴ്ച വൈകുന്നേരം 4.25 നാണ് അദ്ദേഹം അന്തരിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു അന്ത്യം. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങ് നടക്കുക. രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. മരണവാര്‍ത്ത വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുറോ സ്ഥിരീകരിച്ചു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഷാവേസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഷാവേസ് മരിച്ചത് അമേരിക്ക നടത്തിയ ജൈവായുധപ്രയോഗം മൂലമാണെന്ന് സംശയിക്കുന്നതായി നിക്കോളാസ് മഡൂറോ പറഞ്ഞു. ഷാവേസിന്റെ മരണവാര്‍ത്ത പുറത്തുവിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാവേസിന്റെ മൃതദേഹം ശാസ്ത്രസംഘത്തിന്റെ വിശദമായ പരിശോധനകള്‍ക്കു ശേഷമായിരിക്കും സംസ്ക്കരിക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കാരക്കസില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന ഷാവേസിന്റെ മൃതദേഹത്തില്‍ വെള്ളിയാഴ്ച വരെ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് ഭഅധികൃതര്‍ അറിയിച്ചു.

ലാറ്റിനമേരിക്കയില്‍ സാമ്രാജ്യത്വത്തിനെതിരെ നടത്തിയ സന്ധിയില്ലാത്ത പോരാട്ടത്തിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി നാലുതവണ വെനിസ്വേലയില്‍ അധികാരത്തിലേറിയ അദ്ദേഹം കുറച്ചുനാളായി അര്‍ബുദത്തിന്റെ പിടിയിലായിരുന്നു. വെനിസ്വേലയിലെ ബാരിനാസ് സംസ്ഥാനത്തെ ലോസ് രാസ്ട്രജോയെന്ന കുഗ്രാമത്തില്‍ 1954 ജൂലൈ 28നാണ് ഷാവേസിന്റെ ജനനം. അധ്യാപക ദമ്പതികളായ ഹ്യൂഗോ റയസ് ഷാവേസിന്റെയും എലേന ഫ്രയസിന്റെയും ആറുമക്കളില്‍ രണ്ടാമന്‍. അമ്മൂമ്മ റോസ ഐനെസിനൊപ്പമായിരുന്നു ഷാവേസും ജ്യേഷ്ഠന്‍ അദാനും വളര്‍ന്നത്. 16ാം വയസ്സില്‍ സൈനിക അക്കാദമിയില്‍ പ്രവേശനം നേടിയ ഷാവേസ് ബിരുദത്തിനുശേഷം പൊതുജീവിതത്തിലേക്ക് കടന്നു. 1976ല്‍ സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം ലെഫ്റ്റനന്റ് കേണല്‍ പദവിയിലെത്തി. വെനസ്വേലന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായിരുന്ന ഷാവേസ് 1992ല്‍ സൈനിക വിപ്ലവത്തിന് ശ്രമിച്ചാണ് ദേശീയശ്രദ്ധയിലേക്കുയര്‍ന്നത്.

അമേരിക്കന്‍ ശമ്പളക്കാരെപ്പോലെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് വിധേയമായി ഭരിച്ച നേതാക്കള്‍ക്കെതിരെ ജനങ്ങളില്‍ നീറിപ്പുകഞ്ഞു നിന്ന അസംതൃപ്തിയാണ് ഷാവേസിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവസൈനികര്‍ പ്രകടിപ്പിച്ചത്. എണ്ണ സമ്പന്നമെങ്കിലും അഴിമതിയും ദാരിദ്ര്യവും കൊടികുത്തി വാഴുന്ന രാജ്യത്തിന്റെ അവസ്ഥയില്‍ ഏറെ രോഷം പൂണ്ടിരുന്ന ഷാവെസ്, ഇതിന് അറുതി വരുത്താനുള്ള വിപ്ലവകാരിയായി മാറി. അഴിമതിക്കാരനായ പ്രസിഡന്റ് കാര്‍ലോസ് ആന്ദ്രെ പെരസിനെതിരെ സൈന്യത്തില്‍ വിപ്ലവമൊരുക്കി. 1992ല്‍ വിപ്ലവം നടത്തിയെങ്കിലും പരാജയപ്പെട്ടു. 30 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടെങ്കിലും രണ്ടു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മോചിതനായി. മോചനത്തിനുശേഷം പൊതുപ്രവര്‍ത്തനത്തിലൂടെ ജനപ്രീതിയാര്‍ജിച്ച അദ്ദേഹം അടിസ്ഥാനവര്‍ഗത്തിനിടയില്‍ പ്രവര്‍ത്തിച്ച് നേതൃനിരയിലെത്തി. ലോകത്തുതന്നെ കുറഞ്ഞ കാലത്തിനിടെ ഇത്രയധികം തവണ ജനാധിപത്യവഴിയില്‍ ജനപിന്തുണ തെളിയിച്ച മറ്റൊരു നേതാവില്ല എന്നത് ചരിത്ര സാക്ഷ്യം.

ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റത്തിന് വെനസ്വേലയില്‍ തുടക്കമിട്ട് 1998ലാണ് ഷാവേസ് ആദ്യമായി അധികാരത്തിലെത്തിയത്. ഭരണഘടന പരിഷ്കരിച്ച് 2000ല്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2002ല്‍ ജോര്‍ജ് ബുഷ് നേരിട്ടു നടത്തിയ അട്ടിമറി ഓപറേഷനാണ് ഷാവെസ് മറികടന്നത്. പ്രതിപക്ഷത്തിന്റെ അട്ടിമറിസമരം അവസാനിപ്പിക്കാന്‍ 2004ല്‍ നടത്തിയ ഹിതപരിശോധനയിലും വിജയിച്ചു. 2006ലെ തെരഞ്ഞെടുപ്പിലും വിജയക്കൊടി പാറിച്ച ഈ ലാറ്റിനമേരിക്കന്‍ 2012 ഒക്ടോബറിലും വീണ്ടും ചരിത്രം കുറിച്ച് വെനിസ്വേലയില്‍ അധികാരത്തിലേറി.

ബൊളിവേറിയന്‍ പദ്ധതികള്‍ എന്ന് ഷാവെസ് വിശേഷിപ്പിക്കുന്ന നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെനിസ്വെലയില്‍ നടപ്പാക്കി. രോഗങ്ങള്‍, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, നിരക്ഷരത എന്നിവയില്ലാതാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ വെനിസ്വെലയില്‍ ജനകീയനാക്കി. ആഗോളതലത്തില്‍ ദരിദ്ര രാജ്യങ്ങള്‍ക്കായി ബദല്‍ സാമ്പത്തിക പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഷാവെസ് ശ്രദ്ധനേടി. ഒട്ടേറെ ലാറ്റിനമേരിക്കന്‍ ദരിദ്ര രാജ്യങ്ങളെ തന്റെ ആശയങ്ങളിലേക്കടുപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 14 വര്‍ഷത്തിനിടെ ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക പല തന്ത്രവും പയറ്റിയിട്ടുണ്ട്. 2002ല്‍ സിഐഎയുടെ പിന്തുണയോടെ നടന്ന അട്ടിമറിശ്രമവും 2004ല്‍ രാജ്യത്തെ സ്തംഭിപ്പിക്കാന്‍ ലക്ഷ്യമിട്ടു നടന്ന എണ്ണപ്പണിമുടക്കും ഇതില്‍ ചിലതുമാത്രം. അമേരിക്കന്‍ നയങ്ങളെ അതിരൂക്ഷമായി എതിര്‍ത്ത അദ്ദേഹത്തിന് ലോകമെങ്ങുമുള്ള സമ്രാജ്യത്വവിരുദ്ധ ചേരിയുടെ പിന്തുണ നേടാന്‍ കഴിഞ്ഞു. ഇറാന്‍ മുതല്‍ ഉത്തരകൊറിയ വരെയും കൊളംബിയ മുതല്‍ കരീബിയ വരെയും അദ്ദേഹത്തിന് ആരാധകവൃന്ദമുണ്ടായിരുന്നു.

deshabhimani

No comments:

Post a Comment