Saturday, March 9, 2013

നിക്കോളാസ് മഡുറോ ചുമതലയേറ്റു


വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി നിക്കോളസ് മഡുറോ ചുമതലയേറ്റു. വെനസ്വേലന്‍ സമയം വെള്ളിയാഴ്ച വൈകീട്ട് ഏഴിനായിരുന്നു(ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 5ന്) സത്യപ്രതിജ്ഞ. ഡിസംബറില്‍ അവസാനത്തെ ശസ്ത്രക്രിയക്ക് മുന്‍പ് തന്നെ ഹ്യൂഗോ ഷാവേസ് അന്ന് വൈസ് പ്രസിഡന്റായിരുന്ന മഡുറോയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു. ഷാവേസിന്റെ നിലപാടുകളോട് നീതിപുലര്‍ത്തിക്കൊണ്ടായിരിക്കും തന്റെ ഭരണമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് മഡുറോ പ്രഖ്യാപിച്ചു. ഭരണഘടനപ്രകാരം 30 ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പില്‍ മഡുറോ മത്സരിക്കും.

മഡുറോ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. മഡുറോയുടെ അധികാരമേല്‍ക്കല്‍ ഭരണഘടനാലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വെനസ്വേലന്‍ ഭരണഘടനയനുസരിച്ച് സ്പീക്കറാണ് താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കേണ്ടത്. എന്നാല്‍, മഡുറോയ്ക്ക് താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേക്കാമെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ഷാവേസിന്റെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കും

കരാക്കസ്: അന്തരിച്ച വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മൃതദേഹം ജനങ്ങള്‍ക്ക് എക്കാലവും കാണാന്‍ എംബാം ചെയ്ത് സൂക്ഷിക്കുമെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുറോ അറിയിച്ചു. ഇതോടെ വിപ്ലവനായകരായ ലെനിന്റെയും മാവോയുടെയും ഹോചിമിന്റെയും നിരയിലാകുകയാണ് ഷാവേസ്. പ്രസിഡന്‍ഷ്യല്‍ മന്ദിരമായ മിറാഫ്ളോറസ് കൊട്ടാരത്തിന് തൊട്ടടുത്തുള്ള വിപ്ലവ മ്യൂസിയത്തിലാകും എംബാം ചെയ്ത് സ്ഫടിക പേടകത്തില്‍ മൃതദേഹം സൂക്ഷിക്കുക. വെള്ളിയാഴ്ച ഔദ്യോഗിക ബഹുമതികളോടെ മരണാനന്തരചടങ്ങുകള്‍ പൂര്‍ത്തിയായശേഷവും ഏഴുദിവസം മൃതദേഹം പൊതുദര്‍ശനത്തിന് സൈനിക അക്കാദമിയില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മഡുറോ അറിയിച്ചു. പ്രിയനായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആളുകള്‍ നിലയ്ക്കാതെ എത്തിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. സ്വാതന്ത്ര്യനായകരായ സൈമണ്‍ ബൊളിവറിനും ഹോസെ ഡി സൂകറിനും വേണ്ടി നിര്‍മിക്കുന്ന ദേശീയ സ്മാരകത്തില്‍ പിന്നീട് ഷാവേസിന്റെ മൃതദേഹം വച്ചേക്കുമെന്നും മഡുറോ സൂചിപ്പിച്ചു. പല ഭാഗത്തുനിന്നും ഇപ്പോഴേ ഈ ആവശ്യമുയരുന്ന സാഹചര്യത്തിലാണ് ഇത്.

deshabhimani

No comments:

Post a Comment