Sunday, March 17, 2013

ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കിയ സാക്ഷിക്ക് പ്രതികളെ തിരിച്ചറിയാനായില്ല


ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായി മൊഴി നല്‍കിയ സാക്ഷിക്ക് മൂന്നുപ്രതികളെ തിരിച്ചറിയാനായില്ല. 3, 11, 18 പ്രതികളായി പേരുചേര്‍ത്ത എന്‍ കെ സുനില്‍കുമാര്‍ എന്ന കൊടി സുനി, മനോജന്‍ എന്ന ട്രൗസര്‍ മനോജ്, പി വി റഫീക്ക് എന്ന വാഴപ്പടച്ചി റഫീക്ക് എന്നിവരെയാണ് പ്രോസിക്യൂഷന്‍ 20-ാം സാക്ഷി കൊളവല്ലൂരിലെ കെ വത്സന് വിചാരണ നടക്കുന്ന പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തിരിച്ചറിയാന്‍ കഴിയാഞ്ഞത്. പ്രോസിക്യൂഷന്റെ പ്രഥമവിസ്താരത്തിലാണ് ഇവരുടെ പേരു പറഞ്ഞ് തിരിച്ചറിയാന്‍ കഴിയുമെന്ന് വത്സന്‍ മൊഴി നല്‍കിയത്. സാക്ഷിക്കൂട്ടില്‍ നിന്നിറങ്ങി പ്രതികള്‍ക്കു സമീപംചെന്ന് കൂടുതല്‍ സമയമെടുത്ത് നോക്കിയെങ്കിലും മൂന്നുപേരെ തിരിച്ചറിയാതെ സാക്ഷി മടങ്ങി.

ബിജെപി പ്രവര്‍ത്തകനാണ് താനെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുന്നോത്ത്പറമ്പ് 12-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നുവെന്നും വത്സന്‍ ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ നല്‍കി. 2012 ഏപ്രില്‍ 24ന് പകല്‍ പതിനൊന്നരയോടെ സിപിഐ എം നേതാവ് പി കെ കുഞ്ഞനന്തന്‍ വീട്ടിനു മുന്നില്‍ ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് കണ്ടു എന്ന് സ്ഥാപിക്കാനാണ് വത്സനെ പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ചത്. കടുത്ത രാഷ്ട്രീയ വിരോധംവച്ച് ബിജെപി- ആര്‍എംപി നേതാക്കളുടെ പ്രേരണയാല്‍ ഈ സാക്ഷി കള്ളമൊഴി നല്‍കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. കുഞ്ഞനന്തന്‍ പ്രതികളുമായി സംസാരിച്ച സംഭവം ഉണ്ടായിട്ടില്ലെന്നും പൊലീസ് കോടതി പരിസരത്ത് പ്രതികളെ കാണിച്ചും അവരുടെ ഫോട്ടോയും വീഡിയോ ക്ലിപ്പിങ്ങും കാണിച്ച് മനഃപാഠമാക്കിയുമാണ് ഒന്നും അഞ്ചും പ്രതികളായ എം സി അനൂപ്, കെ കെ മുഹമ്മദ്ഷാഫി എന്ന ഷാഫി എന്നിവരെ തിരിച്ചറിഞ്ഞതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്‍ 19-ാംസാക്ഷിയായി തൂവക്കുന്നിലെ ഇളവന്റവിട പി ബാബുവിനെയും വിസ്തരിച്ചു. എട്ടും 11ഉം പ്രതികളായി ചേര്‍ത്ത കെ സി രാമചന്ദ്രനും മനോജന്‍ എന്ന ട്രൗസര്‍ മനോജും പി കെ കുഞ്ഞനന്തന്റെ വീട്ടിലേക്ക് 2012 ഏപ്രില്‍ 20ന് രാവിലെ ഏഴേമുക്കാലിന് ബൈക്കില്‍ പോകുന്നത് കണ്ടു എന്ന് സ്ഥാപിക്കാനാണ് ബാബുവിനെ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയ ബാബു താന്‍ ആര്‍എസ്എസ് അനുഭാവിയാണെന്ന് പ്രതിഭാഗം വിസ്താരത്തില്‍ മൊഴി നല്‍കി. കേസ് ആവശ്യാര്‍ഥം രാഷ്ട്രീയപ്രേരിതമായി കളവായാണ് പ്രോസിക്യൂഷന്‍ നിര്‍ദേശ പ്രകാരം മൊഴി നല്‍കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. ചൊവ്വാഴ്ച 38, 39, 40 സാക്ഷികളുടെ വിസ്താരം നടക്കും.

deshabhimani 170313

No comments:

Post a Comment