കൊല്ലം: കേരളത്തിലെ സ്വകാര്യകോളേജ് അധ്യാപകരുടെ പൊരുതുന്ന സംഘടനയായ ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ (എകെപിസിടിഎ) 55-ാം സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനത്തിന് ആവേശകരമായ തുടക്കം. കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ എ എസ് വര്‍ഗീസ് നഗറില്‍ ശനിയാഴ്ച രാവിലെ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. വെങ്കിടേഷ് ആത്രേയ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്തു. ഉദ്ഘാടനസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. പി മമ്മദ് അധ്യക്ഷനായി. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍, കെഎസ്ടിഎ ജനറല്‍സെക്രട്ടറി എം ഷാജഹാന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ജനറല്‍സെക്രട്ടറി എം കൃഷ്ണന്‍, എഫ്യുടിഎ ജനറല്‍ സെക്രട്ടറി ഡോ. എ ആര്‍ രാജന്‍, എകെജിസിടി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ജയകുമാര്‍, കെജിഒഎ ജനറല്‍സെക്രട്ടറി കെ ശിവകുമാര്‍, കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി കെ ഉമ്മന്‍, കെഎംസിഎസ്യു ജനറല്‍സെക്രട്ടറി കെ ജയദേവന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി കെ സുനില്‍കുമാര്‍, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജനറല്‍സെക്രട്ടറി ജെ മോഹന്‍കുമാര്‍, പിഎസ്സി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി വി ബി മനുകുമാര്‍ എന്നിവര്‍ അഭിവാദ്യംചെയ്തു.
ഉച്ചയ്ക്കുശേഷം ട്രേഡ് യൂണിയന്‍-വിദ്യാഭ്യാസ സമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി എസ് ഗീതാകുമാരി അധ്യക്ഷയായി. അസോസിയേഷന്‍ സ്ഥാപകനേതാവ് പ്രൊഫ. ആര്‍ രാമചന്ദ്രന്‍ (ആര്‍ ആര്‍ സി) അനുസ്മരണപ്രഭാഷണം പ്രൊഫ. ജയിംസ് വില്യംസ് നിര്‍വഹിച്ചു. ഉന്നതവിദ്യാഭ്യാസവും കേന്ദ്രനിയമങ്ങളും എന്ന വിഷയത്തില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഖദീജ മുംതാസ് പ്രഭാഷണം നടത്തി. വൈകിട്ട് കോളേജ് അധ്യാപകരുടെ പ്രകടനവും കൊല്ലം പ്രസ്ക്ലബ് മൈതാനത്തെ പി ഗോവിന്ദപ്പിള്ള നഗറില്‍ പൊതുസമ്മേളനവും നടന്നു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. ആര്‍എസ്പി കേന്ദ്രസെക്രട്ടറിയറ്റ് അംഗം എന്‍ കെ പ്രേമചന്ദ്രന്‍, സിപിഐ എം കൊല്ലം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. പി മമ്മദ് അധ്യക്ഷനായി. ഞായറാഴ്ച രാവിലെ എട്ടിനു പ്രതിനിധിസമ്മേളനം തുടരും. പത്തിനു യാത്രയയപ്പു സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് സമ്മേളനം അവസാനിക്കും.
നീതിപൂര്‍വകമായ വിദ്യാഭ്യാസത്തിന് പോരാട്ടം അനിവാര്യം: ബേബി
കൊല്ലം: നീതിപൂര്‍വകമായ വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിനും മേന്മയ്ക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ അനിവാര്യമായിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വൈജ്ഞാനികരംഗത്തും കലയിലുംവരെ കോളനിവല്‍ക്കരണത്തിന്റേതായ ഇന്നത്തെ കാലത്ത് ഇതിനെതിരെ പോരാട്ടമല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ബേബി പറഞ്ഞു. എകെപിസിടിഎ 55-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബ് മൈതാനത്തെ പി ഗോവിന്ദപ്പിള്ള നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോളവല്‍ക്കരണനയങ്ങള്‍ വഴി വിദ്യാഭ്യാസത്തിന്റെ ഘടനതന്നെ മാറി. കമ്പോളത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തികലാഭം ഉണ്ടാക്കാവുന്ന മേഖലയാണ് ഇപ്പോള്‍ വിദ്യാഭ്യാസം. അനിയന്ത്രിതമായി എന്‍ജിനിയര്‍മാരെയും ഡോക്ടര്‍മാരെയും സൃഷ്ടിച്ചാല്‍ അവര്‍ക്ക് എന്തു ജോലി നല്‍കാനാകും. കഴിഞ്ഞദിവസം നിയമസഭയില്‍ കെ എം മാണി അവതരിപ്പിച്ച ബജറ്റ് മുന്നോട്ടുവയ്ക്കുന്നത് ചില അപകടകരമായ പ്രഖ്യാപനങ്ങളാണ്. എംജി സര്‍വകലാശാലയില്‍ നാനോ ടെക്നോളജിയില്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ തുടങ്ങുമെന്നാണ് ഒരു പ്രഖ്യാപനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അവിടെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ തുടങ്ങിയിരുന്നു. പുതിയ പ്രഖ്യാപനം പിന്നെ എന്തിനാണ്. കലിക്കറ്റ് സര്‍വകലാശാലയില്‍ ഫിനാന്‍ഷ്യല്‍ എന്‍ജിനിയറിങ് കോഴ്സ് തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്. ഇത് എന്താണെന്നു വ്യക്തമല്ല. വിദ്യാഭ്യാസം എങ്ങനെയൊക്കെ കച്ചവടവല്‍ക്കരിക്കാമെന്ന യുഡിഎഫിന്റെ ചിന്തയാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതെന്നും ബേബി പറഞ്ഞു.
ഭരണവര്‍ഗ ആക്രമണങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക: ആത്രേയ
കൊല്ലം: നവ ഉദാരവല്‍ക്കരണനയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്നതാണ് ഇക്കുറിയും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. വെങ്കിടേഷ് ആത്രേയ പറഞ്ഞു. കൃഷിക്കാര്‍, സാധാരണക്കാര്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നു ഗള്‍ഫ് മേഖലയില്‍ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ എന്നിവര്‍ക്കൊന്നും ആശ്വാസം പകരുന്നതല്ല കേന്ദ്രബജറ്റ്. ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ 55-ാം സംസ്ഥാനസമ്മേളനം സോപാനം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ആത്രേയ.
1991ല്‍ ആഗോളവല്‍ക്കരണനയങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കുമ്പോള്‍ ഇന്നത്തെ പ്രധാനമന്ത്രിയായിരുന്നു അന്നു ധനമന്ത്രി. അന്ന് അദ്ദേഹം പറഞ്ഞത് രാജ്യത്തിന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നയങ്ങള്‍ സഹായിക്കുമെന്നാണ്. നടപ്പാക്കിയശേഷം രണ്ടുപതിറ്റാണ്ടു പിന്നിടുമ്പോഴും ആഗോവല്‍ക്കരണനയങ്ങള്‍ രാജ്യത്തെ ഏത് അടിസ്ഥാനപ്രശ്നം പരിഹരിക്കാനാണ് സഹായിച്ചതെന്ന് ആത്രേയ ചോദിച്ചു. ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും നടപ്പായതോടെ തൊഴിലവസരങ്ങള്‍ കുറഞ്ഞു. ഐടി മേഖലയെയാണ് ഇപ്പോള്‍ തൊഴിലിനായി എല്ലാവരും ഉറ്റുനോക്കുന്നത്. മൊത്തം തൊഴിലവസരങ്ങളുടെ ഒരുശതമാനം മാത്രമാണ് ഐടി മേഖല നല്‍കുന്നത്. ഗ്രാമീണമേഖലയില്‍ മഹാഭൂരിപക്ഷത്തിനും ദിവസം 20 രൂപയാണ് വരുമാനം. ഇവരുടെ പ്രശ്നവും കേന്ദ്രം ഗൗനിക്കുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണസമ്പ്രദായം, അടിസ്ഥാനവികസനം തുടങ്ങിയ മേഖലകളില്‍നിന്നു കേന്ദ്രം പിന്തിരിഞ്ഞു. ഇതിനെതിരെ വളര്‍ന്നുവരുന്ന ചെറുത്തുനില്‍പ്പിന്റെ ഉയര്‍ന്ന രൂപമായിരുന്നു ഫെബ്രുവരി 20നും 21നും രാജ്യം ദര്‍ശിച്ച പൊതുപണിമുടക്ക്. ഈ ചെറുത്തുനില്‍പ്പു ശക്തിപ്പെടുത്തുന്നുന്നതിന് കേരളത്തിലെ സ്വകാര്യ കോളേജ് അധ്യാപകരും അണിചേരണമെന്നും ആത്രേയ പറഞ്ഞു.
വിദ്യാഭ്യാസരംഗത്തും പുരുഷമേധാവിത്വം: വൈക്കം വിശ്വന്‍
കൊല്ലം: സമൂഹത്തിന്റെ മറ്റു മേഖലകളിലെന്നപോലെ വിദ്യാഭ്യാസരംഗത്തും പുരുഷമേധാവിത്വം കടന്നുവരികയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എകെപിസിടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സോപാനം ഓഡിറ്റോറിയത്തില്‍നടന്ന ട്രേഡ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീ ഉപഭോഗവസ്തുവാണെന്ന ചിന്ത ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടുവരികയാണ്. സൂര്യനെല്ലി പെണ്‍കുട്ടി അനുഭവിക്കുന്ന മാനസികവ്യഥ സമൂഹത്തിന്റെയാകെ വിങ്ങലായി നിലനില്‍ക്കുന്നു. ഉന്നത നീതിപീഠംപോലും പെണ്‍കുട്ടിയെ ബാലവേശ്യയായി മുദ്രകുത്തുന്നു. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി നിലകൊണ്ടിരുന്ന സ്വകാര്യകോളേജ് മാനേജ്മെന്റുകളുടെ നിലപാടുകളില്‍ മാറ്റംവന്നത് അധ്യാപകരുടെ സംഘടിതശക്തി കണ്ടിട്ടാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിന് ഇന്നു വ്യതിയാനം വന്നു. ഉന്നത വിദ്യാഭ്യാസരംഗം കൈവരിച്ച നേട്ടങ്ങളില്‍നിന്ന് ഇന്നു നാം പിന്നോട്ടുപോകുകയാണ്. ഇത്തരം അനീതികള്‍ക്കെതിരെ രാജ്യവ്യാപകമായി നടന്ന പണിമുടക്കില്‍ അധ്യാപകരും അണിചേര്‍ന്നു. സ്വാതന്ത്ര്യസമരകാലത്ത് മാറിനിന്നു പുലഭ്യംപറഞ്ഞവരുടെ പിന്മുറക്കാരാണ് പണിമുടക്കിന്റെ നഷ്ടക്കണക്ക് നിരത്തി ആക്ഷേപം ചൊരിയുന്നത്- വൈക്കം വിശ്വന്‍ പറഞ്ഞു.
deshabhimani 170313
No comments:
Post a Comment