Thursday, March 7, 2013
ഇന്ത്യയിലും ആവേശ ജ്വാല ഉയര്‍ത്തിയ നേതാവ്
കൃത്യം എട്ടു വര്‍ഷംമുമ്പായിരുന്നു ഹ്യൂഗോ ഷാവേസിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇടതുപക്ഷ പിന്തുണയോടെ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷമായ ഘട്ടത്തില്‍. ലാറ്റിനമേരിക്കയ്ക്കും ആഫ്രിക്കയ്ക്കും ഏഷ്യക്കും ലോകത്ത് ഇടമുണ്ടെന്ന പ്രഖ്യാപനത്തോടെ ആഗോളവല്‍ക്കരണത്തിനെതിരായ ചെറുത്തുനില്‍പ്പിനെ നയിച്ച ജനനായകന് ലഭിച്ചത് ഊഷ്മള സ്വീകരണം. ഡല്‍ഹി ജെഎന്‍യുവിലും കൊല്‍ക്കത്ത രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തിലും ആയിരങ്ങളെ ഷാവേസ് ആവേശഭരിതരാക്കി. ജെഎന്‍യുവില്‍ ഒന്നര മണിക്കൂറോളം വിദ്യാര്‍ഥികളുമായി സംവാദം. ലാല്‍സലാം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ലോകവീക്ഷണവും നിലപാടുകളും സ്പാനിഷില്‍ വിശദമാക്കി. ഇംഗ്ലീഷ് തര്‍ജമ ഷാവേസിന്റെ വാക്കുകളെ അതേ അര്‍ഥത്തില്‍ പകര്‍ത്തിയില്ലെങ്കിലും ആവേശം കുറഞ്ഞില്ല. ഗാന്ധിജിയെയും നെഹ്റുവിനെയും പരാമര്‍ശിച്ച് ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യം ഓര്‍മപ്പെടുത്തിയ ഷാവേസ് തുടര്‍ന്ന് വെനസ്വേലയുടെയും ലാറ്റിനമേരിക്കയുടെയും കോളനിവിരുദ്ധ പാരമ്പര്യം വിവരിച്ചു. ലാറ്റിനമേരിക്ക വീണ്ടും ചരിത്രത്തിലേക്ക് തിരിഞ്ഞുനടക്കുകയാണെന്നും ആവേശപൂര്‍വം പറഞ്ഞു. അമേരിക്കതന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അമേരിക്കമാത്രമായിരിക്കും. മൂന്നുവര്‍ഷംമുമ്പ് തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. വധശ്രമങ്ങളും പരാജയപ്പെടും- അപാരമായ ചങ്കൂറ്റത്തോടെ ഷാവേസ് പറഞ്ഞു.
ഷാവേസിന്റെ ഓരോ വാക്കിലും സാമ്രാജ്യത്വവിരുദ്ധതയാണ് തുടിച്ചുനിന്നത്. 21-ാം നൂറ്റാണ്ട് ലാറ്റിനമേരിക്കന്‍- ആഫ്രിക്കന്‍- ഏഷ്യന്‍ രാജ്യങ്ങളുടേതാണെന്ന് ആവര്‍ത്തിച്ചു. ഇന്ത്യന്‍ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വെനസ്വേലയ്ക്കുള്ള താല്‍പ്പര്യത്തിന് അടിവരയിട്ടു. എണ്ണസമ്പന്നമായ വെനസ്വേലയ്ക്ക് ഇന്ത്യയെ സഹായിക്കാമെന്ന് ബോധ്യപ്പെടുത്തി. എന്നാല്‍, അമേരിക്കയുമായുള്ള ആണവകരാറിന്റെ പ്രലോഭനത്തില്‍ മന്‍മോഹന്‍ സിങ് ഈ വാക്കുകള്‍ മറന്നു. എണ്ണമേഖലയില്‍ ഉള്‍പ്പെടെ ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചെങ്കിലും തുടര്‍നീക്കങ്ങള്‍ ഇന്ത്യയില്‍നിന്നുണ്ടായില്ല. ഇടതുപക്ഷ നേതൃത്വംതന്നെയാണ് സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്. സിപിഐ എമ്മുമായി സൗഹൃദം പുലര്‍ത്തിയ ഷാവേസ് ഡല്‍ഹിക്കു പുറമെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്തത് കൊല്‍ക്കത്ത. രബീന്ദ്രസരോവര്‍ മൈതാനത്ത് ഉജ്വലസ്വീകരണം. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, അനില്‍ ബിശ്വാസ്, ബിമന്‍ ബസു തുടങ്ങിയവരാണ് ഈ നേതാവിനെ അന്ന് വരവേറ്റത്.
(എം പ്രശാന്ത്)
സമരസന്ദേശജാഥകള്‍ക്ക് ഊര്‍ജമേകി ഷാവേസ് സ്മരണകള്‍
ഹൈദരാബാദ്/ബേഗുസരായ്/പട്യാല: സാമ്രാജ്യത്വത്തിനും നവ ഉദാരനയങ്ങള്‍ക്കുമെതിരെ മരണംവരെയും ജാഗരൂകനായി പോരാടിയ വിപ്ലവകാരി ഹ്യൂഗോ ഷാവേസിന്റെ ജ്വലിക്കുന്ന സ്മരണകള്‍ ഊര്‍ജമാക്കി സിപിഐ എം സമരസന്ദേശജാഥകളുടെ ബുധനാഴ്ചത്തെ പ്രയാണം. പുലര്‍ച്ചെതന്നെ അറിഞ്ഞ പ്രിയനേതാവിന്റെ മരണയാത്ര ജാഥാംഗങ്ങളെ ദുഃഖാകുലരാക്കിയെങ്കിലും ഷാവേസ് നല്‍കിയ നിതാന്ത പോരാട്ടത്തിന്റെ മഹനീയമാതൃകയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജാഥകള്‍ മുന്നേറിയത്. ഷാവേസിന് ആദരമര്‍പ്പിച്ച് മൗനമാചരിച്ചശേഷമാണ് എല്ലായിടത്തും സ്വീകരണയോഗങ്ങള്‍ ആരംഭിച്ചത്.
എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ ഹൈദരാബാദില്‍നിന്നാരംഭിക്കുംമുമ്പ് ആന്ധ്രപ്രദേശ് സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എം ബാസവപുന്നയ്യ ഭവനില്‍ ഹ്യൂഗോ ഷാവേസിന്റെ ഛായാപടത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. . സംഗാറെഡ്ഡി, നിസാമാബാദ് എന്നിവിടങ്ങളിലെ സ്വീകരണകേന്ദ്രങ്ങളിലും ജാഥാക്യാപ്റ്റനും നേതാക്കളും ഷാവേസിനെ അനുസ്മരിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന കിഴക്കന്‍ മേഖലാ ജാഥയും ഷാവേസിന് ആദരമര്‍പ്പിച്ചശേഷമാണ് ബിഹാറില്‍ പ്രയാണം തുടര്‍ന്നത്. രാജ്ഗിറിലെ ഇരുനൂറോളം ദളിതര്‍ താമസിക്കുന്ന "മാര്‍ക്സ്വാദി കോളനി" സന്ദര്‍ശിച്ചശേഷമായിരുന്നു ജാഥയുടെ പ്രയാണമാരംഭിച്ചത്. തുടര്‍ന്ന് ബെഗുസരായില്‍ ഉജ്വലസ്വീകരണം ലഭിച്ചു. പതിനായിരത്തോളംപേര്‍ ബെഗുസരായിലെ സ്വീകരണത്തിനെത്തിയിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നയിക്കുന്ന വടക്കന്‍ മേഖലാജാഥ പഞ്ചാബിലെ പര്യടനം പൂര്‍ത്തിയാക്കി. ചണ്ഡീഗഢില്‍നിന്നാരംഭിച്ച ജാഥയ്ക്ക് ബര്‍വാലിയിലും പട്യാലയിലും വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്.
deshabhimani 070313
Labels:
രാഷ്ട്രീയം,
വെനസ്വേല
Subscribe to:
Post Comments (Atom)
No comments:
Post a Comment