Thursday, March 7, 2013

മണിക് സര്‍ക്കാര്‍ മന്ത്രിസഭ അധികാരമേറ്റു


ത്രിപുരയില്‍ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏഴാം ഇടതുമുന്നണി മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. വൈകിട്ട് 3.30ന് അഗര്‍ത്തല രാജഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ഡി വൈ പട്ടേല്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയെ കൂടാതെ പതിനൊന്നു പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഒമ്പതുപേര്‍ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളും രണ്ടു പേര്‍ പുതുമുഖങ്ങളുമാണ്. മന്ത്രിമാരില്‍ ഒരാള്‍ വനിതയാണ്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര, ആര്‍എസ്പി നേതാവ് മനോജ് ഭട്ടാചാര്യ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചു. വന്‍ ജനാവലി പുതിയ മന്ത്രിമാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. അധികാരമേറ്റശേഷം സെക്രട്ടറിയറ്റിലേക്കു പോയ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും വഴിനീളെ കൂടിനിന്നവര്‍ പുച്ചെണ്ടുകള്‍ നല്‍കി.

അഗോര്‍ദേബ് ബര്‍മന്‍, ബാദല്‍ ചൗധരി, തപന്‍ ചക്രവര്‍ത്തി, മണിക് ദേ, ജിതേന്ദ്ര ചൗധരി, ഖഗേന്ദ്ര ജമാതിയ, മണീന്ദ്ര റിയാങ്, ബിജിതാ നാഥ്, ഷാഹിദ് ചൗധരി, ഭാനുലാല്‍ സഹ, രത്തന്‍ ഭൗമിക് എന്നിവരാണ് മന്ത്രിമാരായി ചുമതലയേറ്റത്. ഭാനുലാല്‍ സഹ, രത്തന്‍ ഭൗമിക് എന്നിവര്‍ പുതുമുഖങ്ങളാണ്. 1998 മുതല്‍ നാലാം തവണയാണ് മണിക് സര്‍ക്കാര്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയാകുന്നത്. അദ്ദേഹത്തിനു മുമ്പ് നൃപന്‍ ചക്രവര്‍ത്തി രണ്ടു തവണയും, ദശരഥ്ദേബ് ഒരു തവണയുമാണ് ഇടതുമുന്നണി സര്‍ക്കാരിനെ നയിച്ചത്. 1978ലാണ് ആദ്യമായി സിപിഐ എം നേതൃത്വത്തില്‍ ഇടതുമുന്നണി ത്രിപുരയില്‍ അധികാരത്തില്‍ വന്നത്. 1988-93 കാലത്ത് കോണ്‍ഗ്രസ് ഭരണമായിരുന്നു. വ്യാഴാഴ്ച അഗര്‍ത്തല അസ്തല മൈതാനിയില്‍ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ വന്‍ വിജയറാലി നടക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കും. സംസ്ഥാനമൊട്ടുക്ക് വിജയാഘോഷം കൊണ്ടാടും. രമേന്ദ്ര ചന്ദ്ര ദേബ്നാഥ് സ്പീക്കറായി തുടരുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഖാഗന്‍ ദാസ് അറിയിച്ചു. അറുപതംഗ നിയമസഭയില്‍ 50 എണ്ണവും നേടിയാണ് ഇടതുമുന്നണി ഉജ്വല വിജയം കരസ്ഥമാക്കിയത്.
(ഗോപി)

deshabhimani 070313

No comments:

Post a Comment