അടൂര്‍: കെപിസിസി സെക്രട്ടറിക്കുള്ള സ്വീകരണത്തിന്റെ വേദി തല്ലിത്തകര്‍ത്ത സംഭവത്തിനുശേഷം ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ ആഭ്യന്തരമന്ത്രിവിഭാഗക്കാരും ഐ വിഭാഗക്കാരും ചേരിതിരിഞ്ഞ്ഏറ്റുമുട്ടി. ഞായറാഴ്ച വൈകിട്ട് പെരിങ്ങനാട് പതിനാലാം മൈല്‍ ജങ്ഷനിലുള്ള കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റി ഓഫീസില്‍ചേര്‍ന്ന മണ്ഡലം കമ്മിറ്റിയോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കെപിസിസി സെക്രട്ടറി അഡ്വ.പഴകുളം മധുവിന് അടൂരില്‍ നല്‍കിയ സ്വീകരയോഗം അലങ്കോലപ്പെടുത്താന്‍ ആഭ്യന്തര മന്ത്രിവിഭാഗക്കാര്‍ നടത്തിയ ശ്രമമാണ് തമ്മില്‍ത്തല്ലില്‍ കലാശിച്ചത്. യോഗത്തില്‍ സംബന്ധിച്ച കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഏഴംകുളം അജുവിനെതിരെ യോഗത്തിലെത്തിയ ഐ വിഭാഗം പ്രവര്‍ത്തകര്‍ തിരിഞ്ഞതോടെയാണ് യോഗം സംഘര്‍ഷത്തില്‍ കലാശിച്ചത്.
കെപിസിസി സെക്രട്ടറിക്ക് നല്‍കിയ സ്വീകരണയോഗത്തിന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് കാണിച്ച് ബ്ലോക്ക് പ്രസിഡന്റ് നല്‍കിയ പത്രവാര്‍ത്തയും സ്വീകരണവേദി തല്ലിത്തകര്‍ത്ത സംഭവവുമാണ് യോഗത്തിനെത്തിയവരെ ചൊടിപ്പിച്ചത്. ഇതിനിടെ ഏഴംകുളം അജുവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ എ വിഭാഗത്തിലെ കോണ്‍ഗ്രസ് പഞ്ചായത്തംഗം മുണ്ടപ്പള്ളിസുഭാഷ് അജുവിന്റെ രക്ഷക്കെത്തുകയും ഐ വിഭാഗത്തിലെ യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മേലൂട് അഭിലാഷുമായി ഏറ്റുമുട്ടുകയും തുടര്‍ന്ന് പരസ്പരം പൊരിഞ്ഞ തല്ലും നടത്തി. ഇതിനിടെ യൂത്ത്കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ വിഭാഗത്തിലെ ജോസ് പെരിങ്ങനാടിനും അടികിട്ടി. ഡിസിസി ജനറല്‍സെക്രട്ടറി പഴകുളം ശിവദാസനും, ബ്ലോക്ക് പ്രസിഡന്റ് ഏഴംകുളം അജുവിനോടൊപ്പം യോഗത്തിനെത്തിയിരുന്നു. യോഗത്തില്‍ സംബന്ധിച്ച എ വിഭാഗം പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും യോഗത്തില്‍ നിശബ്ദത പാലിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസുകാരുടെ തല്ലും പേര്‍വിളിയും കേട്ട് സമീപവാസികള്‍ യോഗഹാളിനടുത്ത് തടിച്ചുകൂടി. തമ്മിലടിയില്‍ യോഗം ചേരാനാവാത്ത സ്ഥിതി ഉണ്ടായതോടെ നേതാക്കള്‍ യോഗം പിരിച്ചുവിട്ടു.
deshabhimani 050313
No comments:
Post a Comment