Thursday, March 14, 2013

സമരസന്ദേശ ജാഥകള്‍ക്ക് ഉത്തരേന്ത്യയില്‍ ഉജ്വല വരവേല്‍പ്പ്


പോരാട്ടാഹ്വാനവുമായി

കന്യാകുമാരിയില്‍നിന്ന് ഭോപാല്‍വരെ 17 ദിവസം നീണ്ട ജനസമ്പര്‍ക്കം. തമിഴ്നാട്, കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയായിരുന്നു പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന തെക്കന്‍ജാഥയുടെ പ്രയാണം. 70 പൊതുയോഗം, അമ്പതിലേറെ വഴിയോര സ്വീകരണങ്ങള്‍, മൊത്തം 3350 കിലോമീറ്റര്‍. സമരസന്ദേശജാഥയില്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ചത് തെക്കന്‍ജാഥയാണ്. ഫെബ്രുവരി 24ന് കന്യാകുമാരിയില്‍നിന്ന് പാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്ത ജാഥ മാര്‍ച്ച് 12നാണ് സീതാറാം യെച്ചൂരി നയിച്ച പടിഞ്ഞാറന്‍ ജാഥയില്‍ ലയിച്ചത്. പിബി അംഗങ്ങളായ എം എ ബേബി, കെ വരദരാജന്‍, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം വി ശ്രീനിവാസറാവു, കേന്ദ്രകമ്മറ്റി അംഗം സുധസുന്ദര്‍രാമന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.

ഇന്ത്യയെ പിടിച്ചുകുലുക്കിയ ജനകീയസമരങ്ങളുടെ കേന്ദ്രങ്ങളിലൂടെയായിരുന്നു ജാഥാപ്രയാണം. ദിവാന്‍-ബ്രിട്ടീഷ്ഭരണത്തിനെതിരെയുള്ള പോരാട്ടം നടന്ന മാര്‍ത്താണ്ഡം, ആറ്റിങ്ങല്‍, എടപ്പാള്‍, സേലം, വാച്ചാത്തി ആദിവാസി സമരത്തിന്റെ കേന്ദ്രമായ ധര്‍മപുരി, എ കെ ജിയും സി കണ്ണനും ഒ ജെ ജോസഫും ജയില്‍ചാടിയ ബെല്ലാരി, തെലുങ്കാന കര്‍ഷകസമരകേന്ദ്രമായ കര്‍ണൂല്‍, ഹൈദരാബാദ്, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണകള്‍ ഉണര്‍ന്നിരിക്കുന്ന വാര്‍ധയിലെ സേവാഗ്രാമം തുടങ്ങിയ സ്ഥലങ്ങളിലൂടെയായിരുന്നു പ്രയാണം. മലമ്പ്രദേശങ്ങളിലൂടെയും ഇടനാടുകളിലൂടെയും തീരപ്രദേശങ്ങളിലൂടെയും ഒരുപോലെ ജാഥ സഞ്ചരിച്ചു. കരിമ്പ്, പരുത്തി, കടുക്, കാപ്പി, ഗോതമ്പ്, നെല്ല് കൃഷിക്കാരുടെ പരാതികളും പരിഭവങ്ങളും ശ്രവിച്ച ജാഥ പ്രധാന വ്യവസായകേന്ദ്രങ്ങളായ കൊച്ചിയിലെയും കോയമ്പത്തൂരിലെയും ഹൈദരാബാദിലെയും നാഗ്പുരിലെയും ഭോപാലിലെയും തൊഴിലാളികളുടെ പ്രശ്നങ്ങളും കേട്ടു. വിദര്‍ഭയിലെ മഹാഗാവില്‍ ആത്മഹത്യചെയ്ത മാധവ് പവാറിന്റെ വിധവ ശാന്താഭായ് സിപിഐ എം ജാഥയെ സ്വീകരിക്കാനെത്തി. മധ്യപ്രദേശില്‍ സ്വാതന്ത്രസമരനായകനും 92 വയസ്സുകാരനുമായ രാംപ്രകാശ് പാഠക് സ്വീകരണകേന്ദ്രത്തിലെത്തി ആവേശത്തോടെ "ഇങ്ക്വിലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യം വിളിച്ചത് ആവേശഭരിതമായി.
(വി ബി പരമേശ്വരന്‍)

സമരസന്ദേശ ജാഥകള്‍ക്ക് ഉത്തരേന്ത്യയില്‍ ഉജ്വല വരവേല്‍പ്പ്

ഹിസാര്‍/ ഗുണ/ കാണ്‍പുര്‍: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിന് ആഹ്വാനംചെയ്ത് സിപിഐ എമ്മിന്റെ സമരസന്ദേശ യാത്രയ്ക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഉജ്വല വരവേല്‍പ്പ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും നാട്ടിടങ്ങളിലും എത്തിയ ജാഥകളെ വരവേല്‍ക്കാന്‍ തൊഴിലാളികള്‍ അടക്കമുള്ളവര്‍ ഒന്നടങ്കം എത്തി.

സ്വീകരണയോഗങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിപിഐ എം നേടിയെടുക്കുന്ന സ്വാധീനത്തിന്റെ തെളിവായും ജാഥാസ്വീകരണങ്ങള്‍ മാറി.

പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് നയിക്കുന്ന വടക്കന്‍ജാഥ ഹരിയാനയിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി. ഉജ്വല സ്വീകരണമാണ് എങ്ങും ലഭിച്ചത്. ഹിസാര്‍ റെഡ് സ്ക്വയറില്‍ ലഭിച്ച സ്വീകരണത്തില്‍ നിരവധിപേര്‍ സംബന്ധിച്ചു. തുടര്‍ന്ന് സിവാനി, സിക്കാര്‍, ജുഹുന്‍ചു, ഹന്‍സി എന്നിവിടങ്ങളിലും വരവേല്‍പ്പ് ലഭിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ജാഥാലീഡര്‍ വൃന്ദ കാരാട്ട്, ഹനന്‍മുള്ള, ബസുദേവ്, അമ്രാറാം എംഎല്‍എ, പേമറാം, മൈമൂന മുള്ള എന്നിവര്‍ സംസാരിച്ചു.

ജന്മിനാടുവാഴി സംസ്കാരത്തിന്റെ നാടായ മധ്യപ്രദേശില്‍ ജാഥയ്ക്ക് ലഭിച്ച സ്വീകരണം അത്യാവേശകരമായിരുന്നു. ഗുണ നഗരത്തില്‍ 40ല്‍ ഏറെ ബൈക്കിന്റെയും നൂറുകണക്കിനു വരുന്ന സൈക്കിള്‍റാലിയുടെയും അകമ്പടിയോടെയാണ് ജാഥയെ സ്വീകരിച്ചത്. ചെങ്കൊടിയേന്തി നൂറുകണക്കിനാളുകളും നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡിലെ തൊഴിലാളികളും വരവേല്‍പ്പിനെത്തി. തുടര്‍ന്ന് രാജ്ഘഡ് ജില്ലയിലെ ബിയോറ, രുത്തായി എന്നിവിടങ്ങളിലും സ്വീകരണം ലഭിച്ചു. ശേഷം സിപ്രിയില്‍ സമാപിച്ചു.

പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന ജാഥ ഉത്തര്‍പ്രദേശിന്റെ ഗ്രാമമേഖലകളില്‍ പര്യടനം നടത്തിയശേഷം ലഖ്നൗവില്‍നിന്ന് ആരംഭിച്ച് കാണ്‍പുരില്‍ സമാപിച്ചു. ഉത്തരേന്ത്യയുടെ വ്യാവസായികനഗരങ്ങളിലൂടെ നടത്തിയ പ്രയാണത്തിന് എങ്ങും ആവേശകരമായ സ്വീകരണം ലഭിച്ചു. വിവിധ സ്വീകരണയോഗങ്ങളില്‍ ജാഥാലീഡറും സിപിഐ എം ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട്, സുഭാഷിണി അലി, ബിമന്‍ബസു എന്നിവര്‍ സംസാരിച്ചു.

കര്‍ഷക- ആദിവാസി കേന്ദ്രങ്ങളിലൂടെ പടിഞ്ഞാറന്‍ ജാഥ

കര്‍ഷകന്റെ കണ്ണീര് വീണ വിദര്‍ഭയിലൂടെ, വര്‍ളി ആദിവാസി സമൂഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് വേദിയായ നാസിക്കും ദൂലെയും പിന്നിട്ട് അംബേദ്കറുടെ ജന്മസ്ഥലമായ മൗവിനെ സ്പര്‍ശിച്ച് ഡല്‍ഹിയോട് അടുക്കുകയാണ് സിപിഐ എമ്മിന്റെ പടിഞ്ഞാറന്‍ സമരസന്ദേശ ജാഥ. മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉയിര്‍പ്പിന്റെ രാഷ്ട്രീയസന്ദേശം വിളിച്ചറിയിച്ചാണ് പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി നയിക്കുന്ന ജാഥാപ്രയാണം. മാര്‍ച്ച് എട്ടിന് മുംബൈയില്‍നിന്നാണ് സീതാറാം യെച്ചൂരി നയിക്കുന്ന പടിഞ്ഞാറന്‍ജാഥയ്ക്ക് തുടക്കമായത്. പ്രമുഖ കവി പ്രദ്ന്യദയ പവാറാണ് മുംബൈയിലെ രക്തസാക്ഷി ചത്വരത്തില്‍ ചെങ്കൊടി കൈമാറിയത്. മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്ന ആദ്യ സ്വീകരണത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.

ആദിവാസികളുടെ പോരാട്ടങ്ങളാല്‍ ചുവന്ന താനെ ജില്ലയിലേക്കാണ് മുംബൈയില്‍നിന്ന് ജാഥ പ്രവേശിച്ചത്. ദഹാനു, ജവഹര്‍, തലസേരി പട്ടണങ്ങളില്‍ ആവേശകരമായ സ്വീകരണം ലഭിച്ചു. വരള്‍ച്ചയും കടക്കെണിയുമെല്ലാമായി ജീവിതം വഴിമുട്ടിയ വിദര്‍ഭയിലെ കര്‍ഷകരെയും ജാഥാംഗങ്ങള്‍ കണ്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം വിദര്‍ഭയില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 35 ആണ്. നാസിക്കിലെ യാത്രയ്ക്കിടെ ഗുജറാത്തിനെയും സ്പര്‍ശിച്ചാണ് ജാഥ നീങ്ങിയത്. ഗുജറാത്തിലുടനീളം പര്യടനം നടത്തിയ ഉപജാഥയും പ്രധാനജാഥയ്ക്കൊപ്പം ചേര്‍ന്നു. കല്‍വന്‍ പട്ടണത്തിലെ സ്വീകരണം ഏറെ ശ്രദ്ധേയമായി. മഹാരാഷ്ട്രയിലെ പ്രകാശപട്ടണത്തിലും ജാഥയ്ക്ക് വന്‍ സ്വീകരണം ലഭിച്ചു. മഹാരാഷ്ട്രയില്‍ മൂന്നുദിവസത്തെ പര്യടനത്തിനുശേഷമാണ് ജാഥ മധ്യപ്രദേശിലേക്ക് കടന്നത്. ഭര്‍വാനി ജില്ലയിലെ രാജ്നഗറില്‍ ആദ്യ യോഗത്തിനുശേഷം അംബേദ്കറുടെ ജന്മസ്ഥലമായ മൗവിലേക്ക് ജാഥ കടന്നു. ഇന്‍ഡോര്‍, ദേവാസ്, സിഹോര്‍ എന്നീ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ ഭോപാലിലെ നീലംപാര്‍ക്കില്‍ എസ്ആര്‍പി നയിച്ച തെക്കന്‍ ജാഥയുമായി ലയിച്ചു. ഭോപാലില്‍ വന്‍ സ്വീകരണമാണ് ഇരുജാഥകള്‍ക്കും ലഭിച്ചത്.
(എം പ്രശാന്ത്)

കര്‍ഷകമുന്നേറ്റമായി വടക്കന്‍ജാഥ

സ്വാതന്ത്ര്യസമരത്തിലെ ഇതിഹാസമായ ജാലിയന്‍വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ഉത്തരമേഖലാജാഥ പര്യടനം തുടങ്ങിയത്. പഞ്ചാബില്‍ ഇടതുപക്ഷ പ്രസ്ഥാനം തിരിച്ചുവരവിന്റെ പാതയിലാണെന്ന് തെളിയിച്ചായിരുന്നു സമരസന്ദേശയാത്ര. ഇതിന് കരുത്തുപകരാന്‍ ജാഥയ്ക്ക് കഴിഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൂടെ 1500 കിലോമീറ്ററാണ് ജാഥ സഞ്ചരിച്ചത്. അമൃത്സറില്‍ പഞ്ചാബിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ സോഹന്‍സിങ് ജോഷിന്റെ മകന്‍ ദവീന്ദര്‍സിങ്ങാണ് അമൃത്സറില്‍ ജാഥാ ക്യാപ്റ്റന്‍ വൃന്ദ കാരാട്ടിന് പതാക കൈമാറിയത്. ജലന്തര്‍, ലുധിയാന, ചണ്ഡീഗഢ്, പട്യാല എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ഹരിയാനയില്‍ പ്രവേശിച്ചു.

ലുധിയാനയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളിയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകയുമായ മഞ്ജിത് കൗര്‍ വൃന്ദയെ വരവേറ്റു. വിഭജനകാലത്ത് പാകിസ്ഥാനിലെ ഭൂമിയും വീടുമെല്ലാം ഉപേക്ഷിച്ച് ഓടിപ്പോന്നവരുടെ പിന്‍മുറക്കാര്‍ ഹരിയാനയിലെ ചികയില്‍ ജാഥയെ സ്വീകരിച്ചു. തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, അങ്കണവാണി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ നിവേദനങ്ങളുമായി വൃന്ദയുടെ മുന്നിലെത്തി. രാജസ്ഥാനില്‍ ആവേശകരമായ കര്‍ഷകസമരം നടന്ന ഗംഗാനഗര്‍, ഹനുമാന്‍ഗഢ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്ത സ്വീകരണമാണ് നടന്നത്. രാജസ്ഥാനിലെ നഗോകിയിലെ സ്വീകരണത്തിനുശേഷം ചൈന്‍സിങ് എന്ന കര്‍ഷകത്തൊഴിലാളി തന്റെ വീട്ടില്‍ ഒരുക്കിയ ഉച്ചഭക്ഷണമാണ് ജാഥാംഗങ്ങള്‍ കഴിച്ചത്. മാര്‍ച്ച് നാലിന് ആരംഭിച്ച ജാഥ വെള്ളിയാഴ്ച ഡല്‍ഹിയില്‍ സമാപിക്കും. ഹനന്‍മൊള്ള, ഇന്ദ്രജിത്സിങ്, രാജേന്ദ്രശര്‍മ എന്നിവരാണ് ജാഥയിലെ മറ്റ് അംഗങ്ങള്‍.

ഗ്രാമീണ ഇന്ത്യയെ തൊട്ടുണര്‍ത്തി കിഴക്കന്‍ ജാഥ

അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ പോരാട്ടഭൂമികയിലൂടെയായിരുന്നു കിഴക്കന്‍മേഖലാ ജാഥയുടെ പ്രയാണം. "തിളങ്ങുന്ന ഇന്ത്യയില്‍" പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹം നടത്തുന്ന പോരാട്ടം തൊട്ടറിഞ്ഞായിരുന്നു സമരസന്ദേശയാത്രകളുടെ പ്രയാണം. പാവപ്പെട്ടവരുടെ ജീവിതസമരങ്ങള്‍ക്കിടയിലൂടെയായിരുന്നു ജാഥ. പൊരുതുന്ന ഇന്ത്യയുടെ ഇടങ്ങളിലൂടെ ജാഥ ദേശീയ തലസ്ഥാനത്തെത്തി. ജാഥാ ക്യാപ്റ്റന്‍ പ്രകാശ്കാരാട്ടിനോട് ജനങ്ങള്‍ തങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ചു. മാര്‍ച്ച് ഒന്നിന് ചരിത്രപ്രസിദ്ധമായ കൊല്‍ക്കത്ത നഗരത്തിലെ റാണി റാഷ്മണി റോഡില്‍ നിന്നാണ് കിഴക്കന്‍മേഖലാ ജാഥ ആരംഭിച്ചത്. പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം ബുദ്ധദേവ് ഭട്ടാചാര്യയാണ് ജാഥ ഫ്ളാഗ്ഓഫ് ചെയ്തത്. ക്യാപ്റ്റന്‍ പ്രകാശ്കാരാട്ട്, അംഗങ്ങളായ ബിമന്‍ബസു, ജൊഗീന്ദര്‍ശര്‍മ, സുഭാഷിണിഅലി, ഗ്യാന്‍ശങ്കര്‍ മജുംദാര്‍ എന്നിവരും സ്വീകരണയോഗങ്ങളില്‍ സംസാരിച്ചു. ഹൗറ, ഹുഗ്ലി ജില്ലകളിലൂടെ പടിഞ്ഞാറേക്ക് പ്രയാണം തുടങ്ങിയ ജാഥയ്ക്ക് ബര്‍ധ്മാനിലെ പല്‍സിതില്‍ നല്‍കിയ സ്വീകരണം അത്യാവേശകരമായിരുന്നു. പതിനായിരങ്ങള്‍ ചെങ്കൊടിവീശി ജാഥയെ വരവേറ്റു. ആദ്യ ദിവസത്തെ സമാപനസ്ഥലമായ ദുര്‍ഗാപ്പുര്‍ നഗരത്തിലും അത്യാവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

തൃണമൂല്‍ ഭീകരതയില്‍ ഏറെക്കാലം വിറങ്ങലിച്ചു നിന്ന ഗല്‍സിയില്‍ ജനങ്ങള്‍ ഭീതിയുടെ ചങ്ങല പൊട്ടിച്ച് ജാഥയെ വരവേറ്റു. പുരൂളിയ ജില്ലയിലൂടെയാണ് ജാര്‍ഖണ്ഡിലേക്ക് പ്രവേശിച്ചത്. പ്രശസ്ത ചലച്ചിത്രകാരന്‍ }ഋത്വിക് ഘട്ടക് മനോഹരമായി ആവിഷ്കരിച്ച "സുവര്‍ണരേഖ" നദി കടന്ന് ജാര്‍ഖണ്ഡിലെത്തിയ ജാഥ വലിയൊരു ജനകീയ പ്രക്ഷോഭത്തിന്റെ ആവേശത്തില്‍ നില്‍ക്കുന്ന മുറയിലെ ജനങ്ങളെ കണ്ടു. ഹിന്‍ഡാല്‍കോ കമ്പനിക്കുവേണ്ടി ഏറ്റെടുക്കുന്ന 12000 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോരാട്ടം. ദുമര്‍ഗഡിയില്‍ ആദിവാസികളാണ് ജാഥയെ വരവേല്‍ക്കാനെത്തിയത്. 40 വര്‍ഷമായി വനത്തില്‍ കഴിയുന്ന ആദിവാസികള്‍ക്ക് വനാവകാശ നിയമം പാസായിട്ടും ഇതുവരെ പട്ടയം കിട്ടിയില്ല.

റാഞ്ചിയിലെ അര്‍ഗോറ മൈതാനത്ത് ജാഥയെ വരവേല്‍ക്കാന്‍ ആയിരക്കണക്കിനാളുകള്‍ എത്തി. കോദര്‍മയില്‍ മൈക്കഫാക്ടറികള്‍ അടച്ചുപൂട്ടിയപ്പോള്‍ നിരവധി പേര്‍ക്ക് ജീവിതമാര്‍ഗം ഇല്ലാതായി. മൈക്ക ചീളുകള്‍ പെറുക്കിവിറ്റ് ജീവിച്ചിരുന്ന സാധാരണക്കാര്‍ക്ക് അതിനുള്ള അവകാശം നിഷേധിച്ചു. ജനങ്ങള്‍ അവകാശം തിരിച്ചുകിട്ടാനുള്ള സമരത്തിലും. ബിഹാറിലൂടെ ആറ് ദിവസമാണ് ജാഥ സഞ്ചരിച്ചത്. ജാഥ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ എത്ര പ്രസക്തമാണെന്ന് ബിഹാറില്‍ വിവിധ ജാഥാകേന്ദ്രങ്ങളിലെത്തിയ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നു. ഗാന്ധിജിയുടെ ഐതിഹാസികമായ ചമ്പാരന്‍ സമരത്തില്‍ പങ്കെടുത്ത കര്‍ഷകരുടെ പിന്‍മുറക്കാര്‍ ഇന്നും പോരാട്ടം തുടരുന്നു. ചമ്പാരനിലെ മോത്തിഹാരി മുതല്‍ ബേട്ടിയ വരെയുള്ള പര്യടനം വലിയ അനുഭവമായി. ദര്‍ഭംഗയിലും മധുബനിയിലും കോസി, ബാഗ്മതി നദികളുടെ ക്രോധത്തില്‍ എല്ലാവര്‍ഷവും ജീവിതം പറിച്ചെറിയപ്പെടുന്ന പാവപ്പെട്ടവരുടെ ദുഃഖമാണ് ജാഥാംഗങ്ങള്‍ കണ്ടത്. ചന്ദൗലി ജില്ലയിലെ നൗബത്പുരിലൂടെ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ച ജാഥ വാരാണസി, ജോണ്‍പുര്‍, സുല്‍ത്താന്‍പുര്‍, ലക്നൗ, കാണ്‍പുര്‍, നോയിഡ വഴി 14ന് ഡല്‍ഹിയില്‍ സമാപിച്ചു.
(വി ജയിന്‍)

ദേവദാസികള്‍ക്കും തണലായി ചെങ്കൊടി

നൂറ്റാണ്ടുകളായി കൊടിയ ലൈംഗികചൂഷണത്തിനും സാമൂഹ്യ അടിമത്തത്തിനും ഇരയാവുന്ന ദേവദാസികള്‍ക്കും ചെങ്കൊടിത്തണല്‍. ജാഥയുടെ കര്‍ണാടകത്തിലെ പ്രയാണം അടിമത്തത്തിനെതിരെ പൊരുതുന്ന ഈ വിഭാഗത്തിനും തുടര്‍ന്നുള്ള സമരത്തിനുള്ള പ്രചോദനമായി. കര്‍ണാടകത്തില്‍ നാല്‍പ്പതിനായിരത്തിലേറെ സ്ത്രീകളാണ് മധ്യകാലഘട്ടത്തിന്റെ ദുഷിച്ച അവശിഷ്ടമായ ദേവദാസി സമ്പ്രദായത്തിന്റെ ചൂഷണത്തിന് ഇപ്പോഴും ഇരയാവുന്നത്. ഇവരില്‍ ഏറെയും ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍. 2003ലാണ് സിപിഐ എം ദേവദാസികളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ ആരംഭിച്ചത്. സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്ന ഈ നീചസമ്പ്രദായത്തിനെതിരെ പാര്‍ടി മുന്‍കൈയെടുത്ത് രൂപീകരിച്ച "ദേവദാസി വിമോചന സംഘ" ബല്ലാരിയിലും സമീപ ജില്ലകളിലും ശക്തമായ സമരങ്ങള്‍ നടത്തി. ലൈംഗികാടിമകളെ ഈ സമ്പ്രദായത്തില്‍ വിമോചിപ്പിക്കണമെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരന്തരസമരങ്ങള്‍. തുടര്‍ന്നാണ് ഇവര്‍ക്ക് 20,000 വീട് നിര്‍മിക്കാനും 500 രൂപ പെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴും സമരം തുടരുന്നു. സംഘടനയുടെ പ്രവര്‍ത്തകര്‍ ആവേശപൂര്‍വമാണ് ജാഥയെ സ്വീകരിക്കാന്‍ ബെല്ലാരിയടക്കമുള്ള കേന്ദ്രങ്ങളില്‍ എത്തിയത്.

deshabhimani

No comments:

Post a Comment