Friday, March 15, 2013
ഇന്നത്തെ ബജറ്റ് അവതരണം ഭരണഘടനാ ലംഘനം?
കര്‍ണകഠോരമായ ഒരു പാട്ടുംപാടി ധനമന്ത്രി കെ എം മാണി ഇന്നു നിയമസഭയില്‍ തന്റെ പതിനൊന്നാം ബജറ്റ് പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ ഒരു കാര്യം ബോധ്യമാവും. ഏട്ടിലെ പശു പുല്ലുതിന്നില്ല! അതേസമയം ഭരണഘടന ലംഘിക്കുന്ന ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാമോ എന്ന ഗൗരവതരമായ ചോദ്യവും ഉയരുന്നു.
പ്രസംഗത്തിന് തല്‍ക്കാലം നികുതിയില്ലാത്തതിനാല്‍ മന്ത്രി മാണിക്ക് എന്തും പ്രസംഗിക്കാം. പക്ഷേ ബജറ്റ് രേഖയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാവുകയില്ലെന്നേയുള്ളു. കഴിഞ്ഞ ബജറ്റിനെക്കുറിച്ച് ഇക്കഴിഞ്ഞ ഡിസംബറില്‍ നിയമസഭയില്‍ സി എ ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ചില വാചകങ്ങള്‍ ഓര്‍ക്കുക. ബജറ്റ് മാനുവലിലെ ഖണ്ഡിക 14 പ്രകാരമുള്ള വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിയായിരുന്നു കഴിഞ്ഞ ബജറ്റ് തയാറാക്കിയതെന്ന് സി എ ജി കണ്ടെത്തി. തെറ്റായി ബജറ്റ് തയാറാക്കിയപ്പോള്‍ സര്‍ക്കാരിന്റെ റവന്യു ചെലവും റവന്യു കമ്മിയും 142.75 കോടി രൂപ കുറച്ചുകാണിക്കുകയായിരുന്നു. ബജറ്റ് മാനുവലിലെ മൗലിക വ്യവസ്ഥകള്‍പോലും പാലിക്കാത്ത ഗുരുതരമായ സാമ്പത്തിക പാളിച്ചയാണ് കഴിഞ്ഞ ബജറ്റിലുണ്ടായത്.
റവന്യുകമ്മി ക്രമാനുഗതമായി ഇല്ലാതാക്കാനും ധനക്കമ്മി കറുച്ചുകൊണ്ടുവരാനും വേണ്ടി 2003 ഡിസംബര്‍ അഞ്ചിനു പ്രാബല്യത്തിലാക്കിയ കേരള സാമ്പത്തിക ഉത്തരവാദിത്വനിയമം ലംഘിച്ചാണ് കഴിഞ്ഞ ബജറ്റ് തയാറാക്കിയത്. 2011-12 ലെ ബജറ്റില്‍ വകയിരുത്തിയ 64,271.36 കോടിയില്‍ ചെലവഴിച്ചത് 54,414.63 കോടിമാത്രം. മിച്ചംവന്ന 771.01 കോടി രൂപ ഭരണഘടനയുടെ അനുഛേദം 205 അനുസരിച്ച് ക്രമീകരിച്ചിട്ടില്ലെന്ന് സി എ ജി കണ്ടെത്തിയിരുന്നു. അതായത് കഴിഞ്ഞ ബജറ്റിലൂടെ ഭരണഘടനാലംഘനവും നിയമലംഘനവും നടത്തിയ ധനമന്ത്രിക്ക് ഇന്ന് എങ്ങനെ ബജറ്റ് അവതരിപ്പിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്ന പ്രസക്തമായ ചോദ്യമാണുയരുന്നത്. ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞചെയ്തയാളാണ് ധനമന്ത്രി. സത്യവാചകംതന്നെ ധനമന്ത്രി ലംഘിച്ചുവെന്നാണ് സി എ ജിയുടെ പരോക്ഷമായ കുറ്റപ്പെടുത്തല്‍. ബജറ്റ് തയാറാക്കുന്ന പ്രക്രിയക്കിടയില്‍ ഭരണഘടനയും ബജറ്റ് മാനുവലിലെ വ്യവസ്ഥകളും സാമ്പത്തിക ഉത്തരവാദിത്വ നിയമവും ലംഘിച്ച ധനമന്ത്രി മാണിക്ക് ഇക്കാരണത്താല്‍ത്തന്നെ ബജറ്റ് അവതരിപ്പിക്കാനുള്ള ധാര്‍മികവും നിയമപരവുമായ അവകാശമില്ലെന്നാണ് നിയമജ്ഞരുടെ പക്ഷം. കേന്ദ്ര സഹായത്തെപ്പോലും നികുതിവരുമാനത്തിന്റെ കണക്കില്‍പ്പെടുത്തിയ മറ്റൊരു ധനമന്ത്രിയേയും കണ്ടെത്താനാവില്ല. 2011 ല്‍ സംസ്ഥാനത്തിന്റെ കടബാധ്യത 82,420 കോടി രൂപയായിരുന്നത് ഒരു വര്‍ഷത്തെ ഭരണംകൊണ്ട് 93,132 കോടിയിലേക്ക് കുതിച്ചുകയറിയത് സാമ്പത്തിക കെടുകാര്യസ്ഥത കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണെന്ന് ഇന്നത്തെ ബജറ്റിലൂടെ പറഞ്ഞുതരാനും ധനമന്ത്രിക്കു ഭരണഘടനാപരമായ ബാധ്യതയുണ്ട്. കാരണം പൊതുപണം കൊണ്ടു മാണിക്കു പകിടകളിക്കാനാവില്ലല്ലോ!
കെ എസ് ആര്‍ ടി സി, ജല അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, ഭവനനിര്‍മാണ ബോര്‍ഡ് എന്നിവമാത്രം 9404.46 കോടി രൂപയുടെ വായ്പ തിരിച്ചടച്ചിട്ടില്ല. വിത്തെടുത്തു കുത്തുന്ന ധനമന്ത്രിയെയും സി എ ജി വിമര്‍ശിച്ചിട്ടുണ്ട്. വികസനത്തിനെന്ന പേരില്‍ വായ്പയെടുക്കുന്ന തുകയുടെ സിംഹഭാഗവും കടബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുന്നു. വികസന മുരടിപ്പിന് വഴിമരുന്നിടുന്ന ഈ വികലസാമ്പത്തിക മാനേജ്‌മെന്റില്‍ സമ്പദ്‌വ്യവസ്ഥയുടെ അസ്ഥിവാരം തന്നെ തകര്‍ന്നിരിക്കുന്നുവെന്ന മുന്നറിയിപ്പ് സി എ ജി നല്‍കിയിട്ട് ഒരു മാസമേ ആകുന്നുള്ളു. മിക്കവകുപ്പുകളും ബജറ്റ് വിഹിതത്തിന്റെ പകുതിപോലും ചെലവാക്കിയിട്ടില്ലെന്ന് സംസ്ഥാന പൊതുധനവ്യയ നിരീക്ഷണ സമിതി മൂന്നുമാസം മുമ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
'അമ്പിളി അമ്മാവനെ ഒരു വര്‍ഷത്തെ സമയബന്ധിത പരിപാടിയനുസരിച്ചു പിടിച്ചുകൊടുക്കുന്നതാണ്' എന്ന് ഇന്നുവേണമെങ്കില്‍ നിയമസഭയില്‍ പ്രഖ്യാപിക്കാം. അതിനുവേണ്ടി ഒരു ലക്ഷം കോടി ബജറ്റില്‍ നീക്കിവയ്ക്കുകയും ചെയ്യാം. പക്ഷേ ധനവ്യയ സമിതിയും സി എ ജിയും ചൂണ്ടിക്കാട്ടിയതുപോലെ മാണിയുടെ ഏട്ടിലെ പശുപുല്ലുതിന്നില്ല എന്നേയുള്ളു. കാര്‍ഷികമേഖല നാളത്തെ ബജറ്റില്‍ ഏറെയൊന്നും സ്വപ്‌നം നെയ്യേണ്ടതുമില്ല. അതേസമയം വ്യവസായ മേഖലയെന്നാല്‍ ഐ ടി മേഖലയെന്ന നിര്‍വചനത്തിന്റെ മായാവലയത്തില്‍പ്പെട്ട സര്‍ക്കാര്‍ വ്യവസായ വികസനത്തിന് കെ എസ് ഐ ഡി സിയുടെ മൂടുപടമണിയിച്ച് ഇന്‍കെല്‍ എന്ന ഭൂമാഫിയയെ പാണക്കാട് എഡ്യൂസിറ്റി മോഡലില്‍ മാഫിയകള്‍ക്ക് വേണ്ടി രംഗത്തിറക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അതേസമയം അടിസ്ഥാനസൗകര്യ വികസനത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ കിന്‍ഫ്രയെ ഇന്‍കെല്‍ എന്ന സൂപ്പര്‍ മാഫിയക്കുവേണ്ടി കഴുത്തു ഞെരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഭരണവര്‍ഗത്തിന്റെ തലതൊട്ടപ്പന്മാരായി വിവിധ മേഖലകള്‍ വാഴുന്ന കൃഷി, വ്യവസായം, ടൂറിസം, വാണിജ്യം, റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലകള്‍ എന്നിവയിലെ വമ്പന്മാരെ നികുതി നിര്‍ദേശങ്ങളുടെ കുടക്കീഴില്‍ ഇന്ന് മാണി കൊണ്ടുവരുമെന്ന വ്യാമോഹവും വേണ്ട.
കെ രംഗനാഥ് janayugom
Subscribe to:
Post Comments (Atom)
No comments:
Post a Comment