Friday, March 8, 2013
യാമിനിയുടെ പരാതി മുഖ്യമന്ത്രി മുക്കി: ചീഫ് വിപ്പ്
മന്ത്രി ഗണേശ്കുമാറിനെതിരെ ഭാര്യ ഡോ. യാമിനി തങ്കച്ചി നല്‍കിയ പരാതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുക്കിയെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ഗണേശിനെതിരെയുള്ള ഗാര്‍ഹികപീഡനക്കേസ് ഒഴിവാക്കാനാണ് പരാതി വാങ്ങാതിരുന്നതെന്നും ഒരു ചാനലിനുനല്‍കിയ അഭിമുഖത്തില്‍ ചീഫ് വിപ്പ് തുറന്നടിച്ചു. യുഡിഎഫ് യോഗം വെടിനിര്‍ത്തല്‍ തീരുമാനിച്ച് പിരിഞ്ഞതിനു തൊട്ടുപിന്നാലെയാണ് ജോര്‍ജ് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ കയറ്റിയത്. മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നല്‍കിയിട്ടും സ്വീകരിച്ചില്ല എന്നതാണ് സത്യമെന്ന് ജോര്‍ജ് പറഞ്ഞു. പരാതി കൈപ്പറ്റിയാല്‍ പൊലീസിനു കൈമാറണമെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാം. അങ്ങനെ കൈമാറിയാല്‍ ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം ഗണേശിനെതിരെ കേസെടുക്കേണ്ടിവരും.
യാമിനി തങ്കച്ചി പരാതി നല്‍കുന്നത് തനിക്കറിയാമായിരുന്നു. അവരുമായി ആലോചിച്ചാണ് ഗണേശിന്റെ പേര് വെളിപ്പെടുത്തിയത്. ഗണേശിനോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സ്വഭാവദൂഷ്യമുള്ളവരെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. മന്ത്രിയെന്ന നിലയില്‍ ഗണേശിന്റെ നാളുകള്‍ എണ്ണപ്പെട്ടു. സ്വഭാവവൈകല്യം മാറ്റാന്‍ ഗണേശിന് ചികിത്സവേണമെന്നും ജോര്‍ജ് പരിഹസിച്ചു. യാമിനിയും ഗണേശിനെ തല്ലിയെന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായതുകൊണ്ടാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ജോര്‍ജ് ആരോപിച്ചു.
പരസ്യപ്രസ്താവന നടത്തരുതെന്ന് യുഡിഎഫ് യോഗം നിര്‍ദേശം നല്‍കിയ ശേഷവും ജോര്‍ജ് മുഖ്യമന്ത്രിക്കെതിരെ അടക്കം ആരോപണവുമായി രംഗത്തുവന്നത് യുഡിഎഫ് കേന്ദ്രങ്ങളെ വെട്ടിലാക്കി. മുഖ്യമന്ത്രിക്കെതിരെ അതിഗുരുതരമായ ആരോപണമാണ് ചീഫ് വിപ്പ് ഉന്നയിച്ചത്. ഗാര്‍ഹികപീഡനം സംബന്ധിച്ച് ഒരു സ്ത്രീ പരാതി നല്‍കിയാല്‍ അത് സ്വീകരിച്ച് മേല്‍നടപടിക്കായി പൊലീസിന് അയച്ചുകൊടുക്കണമെന്നാണ് ഗാര്‍ഹികപീഡന നിരോധന നിയമം അനുശാസിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ ചെന്ന് ഇങ്ങനെയൊരു പരാതി നല്‍കാന്‍ ശ്രമിച്ച മന്ത്രിപത്നിയില്‍നിന്ന് അത് സ്വീകരിച്ച് പൊലീസിന് കൈമാറി കേസെടുക്കാന്‍ നിര്‍ദേശിക്കാനുള്ള ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കുണ്ട്. അതറിഞ്ഞിട്ടും മുഖ്യമന്ത്രി പരാതി സ്വീകരിച്ചില്ലെന്നാണ് ചീഫ് വിപ്പിന്റെ ആരോപണം. മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ പറയാതെപറഞ്ഞതോടെ ഇനി ഉമ്മന്‍ചാണ്ടിക്കും പിടിച്ചുനില്‍ക്കുക എളുപ്പമല്ല.
deshabhimani 080313
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment