Thursday, March 7, 2013
ഒ വി വിജയന്റെ പ്രതിമ തകര്‍ത്ത നിലയില്‍
കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ സ്ഥാപിച്ച ഒ വി വിജയന്റെ പ്രതിമ തകര്‍ത്തു. സ്കൂള്‍ വളപ്പിലെ ഒ വി വിജയന് സ്മൃതിവനത്തിലെ പ്രതിമയാണ് വ്യാഴാഴ്ച ഉച്ചയോടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്. പ്രതിമയുടെ താടിയും കണ്ണടയും തകര്‍ത്തു. മൂക്ക് ചെത്തിയിട്ടുമുണ്ട്.
സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ ഒ വി വിജയന്റെ പ്രതിമ "ഖസാക്കിന്റെ ഇതിഹാസം" നോവലിലെ കഥാസന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ് പാര്‍ക്ക് നിര്‍മിച്ചത്. വിദ്യാരംഗം കലാസാഹിത്യവേദി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച പാര്‍ക്കിലെ പ്രതിമക്കെതിരെ മുസ്ലിംലീഗ് ഭരിക്കുന്ന നഗരസഭയും ലീഗ് പ്രാദേശിക നേതൃത്വവും നേരത്തെ രംഗത്തത്തെത്തിയിരുന്നു. ഒടുവില്‍ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിന്നുയര്‍ന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നഗരസഭ പ്രതിമയ്ക്ക് അനുമതി നല്‍കുകയായിരുന്നു.
പാര്ക്കിന് "കൂമന്‍കാവ്" എന്നു പേരിട്ടതും ലീഗുകാര്‍ക്ക് രസിച്ചിരുന്നില്ല. ഖസാക്കിന്റെ ഇതിഹാസകാരന് മനോഹരമായി വരച്ചിട്ട കൂമന്‍കാവ് എന്ന പേര് മലയാളസാഹിത്യത്തിന് നല്കിയ സംഭാവന എന്തെന്ന തിരിച്ചറിവുപോലുമില്ലാതെയാണ് ഒരുവിഭാഗം പ്രതിമക്കുനേരെ തിരിഞ്ഞത്. നോവലിലെ നായകന് രവി എത്തിച്ചേരുന്ന മരണമില്ലാത്ത സാങ്കല്‍പ്പിക നാട്ടുകവലക്ക് നോവലിസ്റ്റ് കണ്ടെടുത്ത പേരാണ് "കൂമന്‍കാവ്". ഇത് കാവാണെന്നുകരുതിയാണ് എതിര്‍പ്പുയര്‍ന്നത്. നോവലിലെ കഥാപാത്രങ്ങളായിവരുന്ന കൂമനും സര്‍പ്പവും പുറ്റുകളും പാര്‍ക്കില്‍ കൊത്തിവച്ചിട്ടുണ്ട്. ഇവ കാവിന്റെ ഭാഗമാണെന്നും ലീഗുകാര്‍ പ്രചരിപ്പിച്ചു. നിര്‍മാണത്തിന് അനുമതി വാങ്ങിയില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് നഗരസഭ പാര്ക്കിന് ഉടക്കിട്ടത്.
എല്ലാ രാഷ്ട്രീയപാര്‍ടിക്കാരും ഉള്‍പ്പെടുന്ന പിടിഎ കമ്മിറ്റി ചര്‍ച്ചചെയ്താണ് നിര്‍മാണം ആരംഭിച്ചത്. പ്രവര്‍ത്തനങ്ങളില്‍ നഗരസഭാ അധികൃതര്‍ തുടക്കത്തില്‍ സഹകരിച്ചതുമാണ്. ലീഗ് പ്രാദേശിക നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ പി മൂസക്കുട്ടി ഹാജി ഉള്‍പ്പെടെ പാര്‍ക്കിന്റെ നിര്‍മാണവേളയില്‍ പങ്കെടുത്തിരുന്നു. അന്നൊന്നുമില്ലാത്ത എതിര്‍പ്പാണ് ഒടുവില്‍ പ്രതിമ നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോള്‍ ഉയര്‍ത്തിയത്.
deshabhimani 080313
Labels:
വാർത്ത
Subscribe to:
Post Comments (Atom)

No comments:
Post a Comment