Sunday, March 10, 2013
കണ്‍സ്യൂമര്‍ഫെഡിലും കേരഫെഡിലും "അയോഗ്യരാക്കപ്പെട്ട" പ്രസിഡന്റുമാര്‍
കണ്‍സ്യൂമര്‍ ഫെഡിലും കേരഫെഡിലും പ്രസിഡന്റ് അടക്കമുള്ളവര്‍ അനധികൃതമായി പദവിയില്‍ തുടര്‍ന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റുന്നു. സഹകരണ നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം തുടരാന്‍ അര്‍ഹതയില്ലെങ്കിലും അത് ലംഘിച്ചാണ് കണ്‍സ്യൂമര്‍ഫെഡിന്റെയും കേരഫെഡിന്റെയും അധ്യക്ഷനും ഉപാധ്യക്ഷനും അടക്കമുള്ളവര്‍ ആനുകൂല്യങ്ങള്‍ പറ്റുന്നത്. നിയമസഭ പാസാക്കിയ സഹകരണ നിയമ ഭേദഗതി പ്രകാരം താഴെ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമേ ഭാരവാഹികളാകാന്‍ കഴിയൂ. സര്‍ക്കാര്‍ നോമിനികള്‍ക്ക് അര്‍ഹതയില്ല. എന്നാല്‍, കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റായി ജോയി തോമസും വൈസ് പ്രസിഡന്റായി എന്‍ സുദര്‍ശനനും തുടരുകയാണ്. സര്‍ക്കാര്‍ നോമിനികളാണ് ഇരുവരും. ഫെബ്രുവരി 14ന് സഹകരണ ഭേദഗതി നിയമം പാസായ ഉടന്‍ ഇരുവരും രാജിവയ്ക്കേണ്ടതാണെങ്കിലും അതിന് തയ്യാറായില്ല. ഇടുക്കി മുന്‍ ഡിസിസി പ്രസിഡന്റാണ് ജോയി തോമസ്. നിയമം പാസായശേഷവും ശമ്പളം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ഭാരവാഹികള്‍ ഔദ്യോഗികവാഹനവും ഉപയോഗിക്കുന്നു. ഇവര്‍ പദവിയില്‍ തുടരുന്നത് വിലക്കാന്‍ സര്‍ക്കാരും തയ്യാറായിട്ടില്ല.
അപെക്സ് സംഘമായ കണ്‍സ്യൂമര്‍ ഫെഡിന്റെ ഭരണ സമിതി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ മൊത്ത വ്യാപാര സഹകരണ സംഘങ്ങളുടെ പ്രതിനിധികളായിരിക്കണമെന്ന് സഹകരണ നിയമ ഭേദഗതി അനുശാസിക്കുന്നു. എന്നാല്‍, മൂന്നു ജില്ലകളില്‍നിന്നുള്ള പ്രതിനിധികളെ നിയോഗിച്ചത് അവിടത്തെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ്. ഇവരും അനധികൃതമായി പദവിയില്‍ തുടരുന്നു. കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന് (കേരഫെഡ്) ചെയര്മാന് മനയത്ത് ചന്ദ്രനും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത പ്രതിനിധിയാണ്. വീരേന്ദ്രകുമാറിന്റെ പാര്‍ടിയായ സോഷ്യലിസ്റ്റ് ജനതയുടെ നേതാവാണ് ചന്ദ്രന്. കേരഫെഡ് ഭരണസമിതിയിലുള്ള മറ്റു രണ്ട് സര്‍ക്കാര്‍ നോമിനികളായ സുഭഗ് പുല്‍പ്പറ്റയും കുഞ്ഞിരാമനും ഇപ്പോഴും തുടരുന്നു. സഹകരണ നിയമത്തിലെ സെക്ഷന്‍ 31ല്‍ 2എ ഉപവകുപ്പ് ചേര്‍ക്കുകയായിരുന്നു നിയമസഭ പാസാക്കിയ ഭേദഗതിയിലൂടെ. ഈ വകുപ്പ് വന്നതോടെയാണ് സംസ്ഥാന സഹകരണ ബാങ്കില്‍ നോമിനേറ്റഡ് പ്രസിഡന്റിനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാളിയത്.
(ആര് സാംബന്)
deshabhimani 100313
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment