Friday, March 8, 2013
ചിരിയില്ലാത്ത ജീവിതം തുന്നിച്ചേര്‍ത്ത് ഈ ഹാസ്യനടന്‍
കൊയിലാണ്ടി: "കടവുളേ... ഏന്‍ കുടുംബത്തിയ്ക്ക് കഷ്ടം നീങ്കരിതില്ലേയ്... വയസ് 60 ആച്ച്.... അമ്യാര്‍ക്കും വയസായി... ജീവിതം എപ്പടി മുന്നോട്ട് കൊണ്ടുപോകും... എനക്ക് തെരിയാത്..." ഒ ചന്തുമേനോന്റെ ശാരദയിലെ വൈത്തിപ്പട്ടര് പറയുമ്പോള്‍ കാണികള്‍ ചിരിയോടെയാണ് കേട്ടിരുന്നത്. നൂറുകണക്കിന് വേദികളില്‍ വൈത്തിപ്പട്ടരായി നര്‍മം വിതറിയ അരങ്ങാടത്ത് വിജയന്റെ ജീവിതത്തില്‍ മാത്രം ഇന്ന് ചിരിയും സന്തോഷവുമില്ല. ചെറുപ്പത്തില്‍ പഠിച്ചിരുന്ന തയ്യല്‍ ജോലിയുമായി തന്റെ വാടകവീട്ടിലെ മുറിയിലിരുന്ന് ജീവിതത്തിന്റെ രണ്ടറ്റവും തുന്നിച്ചേര്‍ക്കാനാവാതെ ദുരിതമനുഭവിക്കുകയാണ് ഈ നടന്‍.
കോഴിക്കോട് സംഗമത്തിന്റെ "ശാരദ" എന്ന നാടകത്തില്‍ 1995ല്‍ കേരള സംഗീത നാടക അക്കാദമി രണ്ടാമത്തെ മികച്ച നടനായി അരങ്ങാടത്ത് വിജയന്റെ വൈത്തിപ്പട്ടരെ തെരഞ്ഞെടുത്തിരുന്നു. കേരളത്തിലും പുറത്തുമായി നാനൂറിലധികം സ്റ്റേജുകളില്‍ ഈ നാടകം അരങ്ങേറി. കോഴിക്കോട് കേന്ദ്ര കലാസമിതി അഖില കേരള നാടകമത്സരം നടത്തിയപ്പോള്‍ മികച്ച രണ്ടാമത്തെ നടനായിരുന്നു വിജയന്‍. കണ്ണൂര്‍ റെഡ്സ്റ്റാര്‍ നടത്തിയ അഖില കേരള നാടകമത്സരത്തില്‍ "അമ്മിണി" എന്ന നാടകത്തിലെ പൊലീസുകാരനായി അഭിനയിച്ച വിജയന്‍ ഏറ്റവും നല്ല നടനായി. ശ്രീകണ്ഠന്‍നായരുടെ കാഞ്ചനസീതയില്‍ ഹനുമാന്‍, ഭാസി തിക്കോടിയുടെ "ശാന്തിപര്‍വ്വ"ത്തില്‍ ശല്യര്‍, ചന്ദ്രശേഖരന്‍ തിക്കോടിയുടെ പാടിക്കുന്നിലെ രാമന്‍നായര്‍, പെരുങ്കള്ളനിലെ സൂത്രധാരന്‍, കോഴിക്കോട് സംഗമം തിയേറ്റേഴ്സിന്റെ സൃഷ്ടിയിലെ വിശപ്പ് ഗോപി... തുടങ്ങിയവരായി ആയിരക്കണക്കിന് വേദികളില്‍ പതിനായിരങ്ങളുടെ മുമ്പില്‍ വിജയന്‍ ഉണ്ടായിരുന്നു. ഭൂരിപക്ഷവും ഹാസ്യപ്രധാനമായ റോളുകളായിരുന്നു വിജയന്.
മുന്നൂറോളം അമേച്വര്‍ നാടകങ്ങളില്‍ തന്റെ ഭാഗധേയം നിര്‍ണയിച്ചതിനുശേഷമാണ് ഇദ്ദേഹം പ്രൊഫഷണല്‍ നാടകരംഗത്തെത്തിയത്. യു എ ഖാദറിന്റെ ഒരുപിടി വറ്റില്‍ നല്ലൊരു റോളില്‍ ഇദ്ദേഹമുണ്ടായിരുന്നു. കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയുമെല്ലാം ചേര്‍ന്ന് നാടകസമിതി ഉണ്ടാക്കി "വാസ്കോഡഗാമ" എന്ന നാടകം അവതരിപ്പിച്ചപ്പോള്‍ ആണിരോഗമുള്ള ഒരു നാടുവാഴി തമ്പുരാനായി വേഷമിട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പഴയ റെഡ് വളണ്ടിയര്‍കൂടിയായിരുന്നു വിജയന്‍. കെ ടി മുഹമ്മദ്, വിക്രമന്‍നായര്‍, നിലമ്പൂര്‍ ആയിഷ, കോഴിക്കോട് ശാന്താദേവി, ചേമഞ്ചേരി നാരായണന്‍നായര്‍, നെല്ലിക്കോട് ഭാസ്കരന്‍, ജോസ് ചിറമ്മല്‍ എന്നിവര്‍ക്കൊപ്പമെല്ലാം വേദനകള്‍ ഉള്ളിലൊതുക്കി നര്‍മം വിളമ്പി ഈ നടന്‍ നിന്നു. കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്ത് അമേരിക്കയിലും കാനഡയിലുമെല്ലാം നാടകം അവതരിപ്പിച്ചു.
പതിനൊന്നാമത്തെ വയസില്‍ ആന്തട്ട ഗവ. സ്കൂളില്‍ ഏകാഭിനയത്തില്‍ ആദ്യമായി സ്റ്റേജില്‍ കയറി. 1969ല്‍ മേലൂര്‍ ഫ്രന്റ്സ് ആര്‍ട്സിന്റെ വാര്‍ഷികത്തിലവതരിപ്പിച്ച "സമര്‍പ്പണം" എന്ന നാടകത്തില്‍ ആദ്യമായി രംഗത്തുവന്നു. തുടര്‍ന്ന് കൊയിലാണ്ടി പിവികെഎം, അപ്സര തിയേറ്റേഴ്സ്, കൊയിലാണ്ടി റെഡ് കര്‍ട്ടന്‍, സംഗമം തിയേറ്റേഴ്സ്, കോഴിക്കോട് കല തുടങ്ങി അഞ്ച് പതിറ്റാണ്ടോളം നിരവധി ട്രൂപ്പിലായി പതിനായിരത്തിലധികം സ്റ്റേജുകള്‍... അതിനിടയില്‍ ജീവിതത്തിലെ ദുരന്തമായി പ്രിയപ്പെട്ട മകളുടെ മരണം... 68 വയസിനിടയില്‍ കയറിവന്ന സമ്മര്‍ദമെല്ലാം വേദികളില്‍നിന്ന് വേദികളിലേക്കുള്ള ഓട്ടത്തിന് വിലങ്ങുതടിയായി. എന്നിട്ടും കഴിഞ്ഞവര്‍ഷം ഇറങ്ങിയ രവിവര്‍മയുടെ "മാട്രിമോണിയല്‍ ഡോട്ട്-കോമില്‍" വിജയനുണ്ടായിരുന്നു.
അനുഭവത്തിനുമപ്പുറമാണ് അഭിനയമെന്ന തിരിച്ചറിവിന് പ്രാധാന്യം നല്‍കിയപ്പോള്‍ ഒരു സെന്റ് സ്ഥലംപോലും സ്വന്തമായില്ലാത്ത അവസ്ഥയിലായി. ഒഴിഞ്ഞുകൊടുക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു വാടകവീട്ടില്‍ അസുഖമായിട്ടും തന്റെ പഴയ തുന്നല്‍ മെഷീനില്‍ തൊട്ട് അഭിനയിച്ചു തീര്‍ക്കുകയാണ് ഈ അതുല്യനടന്‍. കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 550 രൂപ നിധിപോലെ വാങ്ങിച്ചാണ് ജീവിതം മുന്നോട്ടു നീങ്ങുന്നത്. സഹായത്തിനായി തൊഴിലുറപ്പ് ജോലിക്ക് പോയിക്കൊണ്ട് ഭാര്യ ദേവിയും ഉണ്ട്. സ്വന്തമായി രണ്ട് സെന്റ് ഭൂമി, അതില്‍ ചെറിയൊരു കൂര, പറ്റുമെങ്കില്‍ നാട്ടില്‍നിന്ന് പറിച്ചുനടാതെ, നാട്ടിലെവിടെയെങ്കിലും കഴിഞ്ഞാല്‍ ആശ്വാസമായി. ഇതാണ് അരങ്ങാടത്ത് കടാക്കരയിലെ വാടകവീട്ടില്‍നിന്ന് ഈ നടന്‍ ചിന്തിക്കുന്നത്.
(എ സജീവ്കുമാര്‍)
deshabhimani 080313
Subscribe to:
Post Comments (Atom)

No comments:
Post a Comment