ഗണേശ് കുമാറിനെതിരെ ഭാര്യ നല്‍കിയ പരാതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുക്കിയെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഗണേശിനെതിരെയുള്ള ഗാര്‍ഹികപീഡനക്കേസ് ഒഴിവാക്കാനാണ് പരാതി വാങ്ങാതിരുന്നതെന്നും ഒരു ചാനലിനുനല്‍കിയ അഭിമുഖത്തില്‍ ചീഫ് വിപ്പ് തുറന്നടിച്ചു.
യുഡിഎഫ് യോഗം വെടിനിര്‍ത്തല്‍ തീരുമാനിച്ച് പിരിഞ്ഞതിനു തൊട്ടുപിന്നാലെയാണ് ജോര്‍ജ് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ കയറ്റിയത്. മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നല്‍കിയിട്ടും സ്വീകരിച്ചില്ല എന്നതാണ് സത്യമെന്ന് ജോര്‍ജ് പറഞ്ഞു. പരാതി കൈപ്പറ്റിയാല്‍ പൊലീസിനു കൈമാറണമെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാം. അങ്ങനെ കൈമാറിയാല്‍ ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം ഗണേശിനെതിരെ കേസെടുക്കേണ്ടിവരും. യാമിനി തങ്കച്ചി പരാതി നല്‍കുന്നത് തനിക്കറിയാമായിരുന്നു. അവരുമായി ആലോചിച്ചാണ് ഗണേശിന്റെ പേര് വെളിപ്പെടുത്തിയത്. ഗണേശിനോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സ്വഭാവദൂഷ്യമുള്ളവരെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. മന്ത്രിയെന്ന നിലയില്‍ ഗണേശിന്റെ നാളുകള്‍ എണ്ണപ്പെട്ടു. സ്വഭാവവൈകല്യം മാറ്റാന്‍ ഗണേശിന് ചികിത്സവേണമെന്നും ജോര്‍ജ് പരിഹസിച്ചു.
യാമിനിയും ഗണേശിനെ തല്ലിയെന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായതുകൊണ്ടാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ജോര്‍ജ് ആരോപിച്ചു. പരസ്യപ്രസ്താവന നടത്തരുതെന്ന് യുഡിഎഫ് യോഗം നിര്‍ദേശം നല്‍കിയ ശേഷവും ജോര്‍ജ് മുഖ്യമന്ത്രിക്കെതിരെ അടക്കം ആരോപണവുമായി രംഗത്തുവന്നത് യുഡിഎഫ് കേന്ദ്രങ്ങളെ വെട്ടിലാക്കി. മുഖ്യമന്ത്രിക്കെതിരെ അതിഗുരുതരമായ ആരോപണമാണ് ചീഫ് വിപ്പ് ഉന്നയിച്ചത്.
ഗാര്‍ഹികപീഡനം സംബന്ധിച്ച് ഒരു സ്ത്രീ പരാതി നല്‍കിയാല്‍ അത് സ്വീകരിച്ച് മേല്‍നടപടിക്കായി പൊലീസിന് അയച്ചുകൊടുക്കണമെന്നാണ് ഗാര്‍ഹികപീഡന നിരോധന നിയമം അനുശാസിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ ചെന്ന് ഇങ്ങനെയൊരു പരാതി നല്‍കാന്‍ ശ്രമിച്ച മന്ത്രിപത്നിയില്‍നിന്ന് അത് സ്വീകരിച്ച് പൊലീസിന് കൈമാറി കേസെടുക്കാന്‍ നിര്‍ദേശിക്കാനുള്ള ഉത്തരവാദിത്തം സാധാരണ പൗരനുപോലുമുണ്ട്. അതറിഞ്ഞിട്ടും മുഖ്യമന്ത്രി പരാതി സ്വീകരിച്ചില്ലെന്നാണ് ചീഫ് വിപ്പിന്റെ ആരോപണം. മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ പറയാതെപറഞ്ഞതോടെ ഇനി ഉമ്മന്‍ചാണ്ടിക്കും പിടിച്ചുനില്‍ക്കുക എളുപ്പമല്ല.
ഒത്തുതീര്‍പ്പ് ഭൂരിപക്ഷം കുറവായതിനാല്‍: പി സി ജോര്‍ജ്
തിരു: മന്ത്രി കെ ബി ഗണേശ് കുമാറിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും യുഡിഎഫ് സര്‍ക്കാരിന് ഭൂരിപക്ഷം കുറവായതിനാലാണ് താന്‍ ഒത്തുതീര്‍പ്പിന് തയ്യാറായതെന്നും ചീഫ് വിപ്പ് പി സി ജോര്‍ജ്. ഗണേശിനെതിരെ താന്‍ പറഞ്ഞത് സത്യം മാത്രമാണ്. അത് തെളിയിക്കാനുള്ള രേഖകളും സിഡിയും തന്റെ പക്കലുണ്ട്. വൈരാഗ്യം ഇല്ലാത്തതിനാല്‍ പുറത്തെടുക്കുന്നില്ല.
ഗണേശിനെതിരായ വെളിപ്പെടുത്തില്‍ മൂലം യുഡിഎഫ് നേതൃത്വം തന്നെ താക്കീത് ചെയ്തിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. പീപ്പിള്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് ജോര്‍ജവീണ്ടും ണണേശനെതിരെ പരസ്യമായി രംഗത്തെത്തിയത.് ഒരു കുടുംബം തകരാതിരിക്കാനാണ് താന്‍ തല്‍ക്കാലം പിന്‍വാങ്ങുന്നത്. മന്ത്രിസ്ഥാനം ഉപയോഗിച്ച് ഗണേശന്‍ ഇനി അവിഹിതത്തിന് പോകരുത്. ബാലകൃഷ്ണ പിള്ളയുടെ കാല്‍ക്കല്‍ വീണ് ഗണേശ് കരഞ്ഞതില്‍ താന്‍ സന്തോഷിക്കുന്നു. ഗണേശിന്റെ പ്രകടനം കേവലം സിനിമാഭിനയമല്ലാതിരുന്നാല്‍ സന്തോഷമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ചീഫ് വിപ്പിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം: കോടിയേരി
കാസര്‍കോട്: ഗാര്‍ഹിക പീഡനം സംബന്ധിച്ച് മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ നല്‍കിയ പരാതി മുഖ്യമന്ത്രി മുക്കിയെന്ന ചീഫ് വിപ്പിന്റെ ആരോപണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പരാതി മുക്കിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. സ്വാഭാവികമായും പൊലീസിലേല്‍പ്പിക്കേണ്ട പരാതിയാണ് മുഖ്യമന്ത്രി മുക്കിയെന്ന് ചീഫ് വിപ്പ് ആരോപിച്ചിരിക്കുന്നത്. ചീഫ് വിപ്പ് പറഞ്ഞത് തെറ്റാണെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. ചീഫ് വിപ്പിന്റെ ആരോപണം ശരിയാണെങ്കില്‍ മന്ത്രി ഗണേശിനെതിരെ കേസെടുക്കാന്‍ തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു.
deshabhimani

No comments:
Post a Comment