Tuesday, March 5, 2013
സര്‍ക്കാര്‍ സഹായമില്ല കൃഷിയോഗ്യമാക്കിയ ഭൂമി വീണ്ടും തരിശാവുന്നു
ഭക്ഷ്യസുരക്ഷയുടെയും കാര്‍ഷികവികസനത്തിന്റെയും ഭാഗമായി തദ്ദേശഭരണസ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയിരുന്ന തരിശുനിലകൃഷി പദ്ധതി വിസ്മൃതിയിലേക്ക്. ജില്ലയുടെ കാര്‍ഷികമേഖലയില്‍ വന്‍കുതിപ്പിന് വഴിയൊരുക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളാണ് അധികൃതരുടെ അവഗണനമൂലം ഇല്ലാതായത്. തരിശുനിലകൃഷിയിലൂടെ 2007 മുതല്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി തൃശൂരിന്റെ ഭക്ഷ്യകലവറയിലേക്ക് 20 മുതല്‍ 35 ശതമാനംവരെ അധികധാന്യം സംഭാവന ചെയ്തിരുന്ന പാടങ്ങള്‍ വീണ്ടും തരിശായി. ഇപ്പോള്‍ നാട്ടിക നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന കുണ്ടനിക്കുളം പാടവും പെരിങ്ങോട്ടുകരപ്പാടവും താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളില്‍പ്പെടുന്ന ശ്രീരാമന്‍ചിറയും കൃഷിയിറക്കുകയും വീണ്ടും തരിശായിമാറുകയും ചെയ്തവയാണ്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച വിത്തും വളവും മറ്റ് അനുബന്ധ കാര്‍ഷികസഹായങ്ങളും സബ്സിഡികളും വാങ്ങി നൂറുമേനി വിളയിച്ച നെല്‍പ്പാടങ്ങളാണ് മാറിയ ഭരണത്തില്‍ അവഗണിക്കപ്പെട്ടത്. ജില്ലയിലെ മാതൃകാ തരിശുനില കൃഷിയിടങ്ങളായിരുന്നു കുണ്ടനിക്കുളവും ശ്രീരാമന്‍ചിറയുമൊക്കെ. ഇതിന്റെ ചുവടുപിടിച്ച് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ 743 ഹെക്ടര്‍ തരിശുനിലങ്ങളാണ് കൃഷിയോഗ്യമാക്കിയത്. ഈ കൃഷിയിടങ്ങളില്‍നിന്ന് മുന്‍വര്‍ഷങ്ങളിലുള്ളതിനേക്കാള്‍ 20 മുതല്‍ 40 വരെ ശതമാനം അധികനെല്ലുല്‍പ്പാദനമാണ് നടത്തിയത്. താന്ന്യം പഞ്ചായത്തില്‍ മാത്രം 2007 മുതല്‍ 250 ഏക്കര്‍ തരിശുനിലത്താണ് കൃഷിയിറക്കിയത്. സംസ്ഥാനസര്‍ക്കാരിന്റെ മാതൃകാ പദ്ധതിയായി ജില്ലയിലാരംഭിച്ച തരിശുനില കൃഷി വന്‍ വിജയമായി. ബംബര്‍ വിളവാണ് കിട്ടിയത്. സന്നദ്ധപ്രവര്‍ത്തകരെയും നിലമുടമകളെയും കുടുംബശ്രീ സംരംഭകരെയും കൂട്ടിയിണക്കി പഞ്ചായത്തധികൃതരും കൃഷിവകപ്പും ചേര്‍ന്ന് നടത്തിയ പരീക്ഷണത്തിന് കൂടുതല്‍ പ്രോത്സാഹനമായി സഹായധനവും നല്‍കിയിരുന്നു. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, 2008ല്‍ ചേര്‍പ്പ്, കൊടകര, ചാവക്കാട്, മണലൂര്‍, അന്തിക്കാട് തുടങ്ങി വിവിധ പഞ്ചായത്തുകളിലായി തരിശിട്ടിരുന്ന 743 ഹെക്ടറില്‍ കൃഷിയിറക്കി. 2229 ടണ്‍ നെല്ലാണ് ഈ തരിശുനിലങ്ങളില്‍നിന്ന് കൊയ്തെടുത്തത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി തരിശുനിലകൃഷിതന്നെ ഉപേക്ഷിച്ചു. കുണ്ടനിക്കുളത്തും പെരിങ്ങോട്ടുകരയിലും ശ്രീരാമന്‍ചിറയിലുമൊന്നും കൃഷിയിറക്കുന്നില്ല. സര്‍ക്കാര്‍വക കാര്‍ഷികസഹായവുമില്ല. ചേര്‍പ്പിലെ ചൊവ്വൂര്‍താഴം പാടവും ഇത്തരത്തില്‍ കൃഷിയിറക്കിയിരുന്നതാണ്. ഇപ്പോള്‍ അതും തരിശുനിലം. ഭക്ഷ്യസുരക്ഷയ്ക്കും കാര്‍ഷികോല്‍പ്പാദനത്തിനും ഫണ്ട് അനുവദിക്കാത്തതിനാല്‍ പഞ്ചായത്തുകള്‍ക്കുമില്ല കൃഷിയിറക്കാനുള്ള ഉത്സാഹം. കര്‍ഷകര്‍ക്ക് പ്രത്യേക സഹായധനം നല്‍കിയിരുന്നു. ഇതും സര്‍ക്കാര്‍ നിര്‍ത്തലാക്കി. തുക ഭൂവുടമകള്‍ക്കുമാത്രം നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. കൃഷിയിറക്കാന്‍ ഭൂവുടമ തയ്യറായില്ലെങ്കില്‍ പണം കിട്ടില്ല. ഇതോടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നവരും രംഗം വിട്ടു. സമഗ്ര നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങളില്‍ ജലസേചനസൗകര്യമൊരുക്കാന്‍ മോട്ടോറുകള്‍ സ്ഥാപിക്കാനും കിണറുകളും കുളങ്ങളുമൊക്കെ കുഴിക്കാനും എംഎല്‍എ ഫണ്ടുള്‍പ്പെടെ അനുവദിച്ചിരുന്നതാണ്. പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതോടെ ആ സഹായങ്ങളും ഏതാണ്ട് നിലച്ച മട്ടാണ്.
(മഞ്ജു കുട്ടികൃഷ്ണന്‍) deshabhimani 050313
Labels:
കാര്‍ഷികം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment