Tuesday, March 5, 2013

മണ്ടോടി കണ്ണന്റെ സ്മരണ പുതുക്കി


വിപ്ലവ നക്ഷത്രം മണ്ടോടി കണ്ണന്റെ 64-ാം രക്തസാക്ഷിത്വദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഒഞ്ചിയം നെല്ലാച്ചേരിയിലെ മണ്ടോടി വീട്ടുവളപ്പിലെ രക്തസാക്ഷി കുടീരത്തില്‍ രാവിലെ നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായെത്തി പുഷ്പാര്‍ച്ചന നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഏരിയാ ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദന്‍ അധ്യക്ഷനായി. ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി പി ഗോപാലകൃഷ്ണന്‍ രക്തസാക്ഷി പ്രതിജ്ഞ ചൊല്ലി. ജില്ലാ കമ്മിറ്റിയംഗം ആര്‍ ഗോപാലന്‍, കെ കെ കൃഷ്ണന്‍, കെ കെ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു. കുന്നുമ്മക്കര ലോക്കല്‍ സെക്രട്ടറി പി രാജന്‍ സ്വാഗതം പറഞ്ഞു. വൈകിട്ട് കുന്നുമ്മക്കര, ഒഞ്ചിയം, കണ്ണൂക്കര എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ബഹുജനറാലി മണ്ടോടി പരിസരത്ത് സംഗമിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പി രാജന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആര്‍ ഗോപാലന്‍, കെ കെ ദിനേശന്‍, ഏരിയാ സെക്രട്ടറി ഇ എം ദയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. എ കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഒഞ്ചിയം: വിപ്ലവവായാടിത്തത്തെ ചുവപ്പിന്റെ സൂര്യശോഭയാല്‍ ചെറുക്കുമെന്ന് പ്രഖ്യാപിച്ച് ഒഞ്ചിയത്ത് സിപിഐ എമ്മിന്റെ അജയ്യത തെളിയിച്ച് കരുത്തുറ്റ റാലി. സിപിഐ എമ്മിനെ വേട്ടയാടി നന്മയുടെ ഭാഗമായ ജനപക്ഷ രാഷ്ട്രീയപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള വലതുപക്ഷ- പിന്തിരിപ്പന്മാരുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് ജാഗ്രതപാലിക്കണമെന്ന ആഹ്വാനവുമായി മണ്ടോടി കണ്ണന്‍ രക്തസാക്ഷിത്വ വാര്‍ഷികത്തിത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.കണ്ണൂക്കര, കുന്നുമ്മക്കര, ഒഞ്ചിയം കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച റാലി മണ്ടോടി കണ്ണന്റെ ജന്മനാട്ടില്‍ സംഗമിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനമുന്നേറ്റമാണ് റാലിയില്‍ ഉണ്ടായത്.

No comments:

Post a Comment