Friday, March 8, 2013

ഷാവേസും ചോരകൗതുകമാക്കിയ കൊതുകും


'ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം'' എന്ന കവി വാക്യത്തെ വീണ്ടും അന്വര്‍ഥമാക്കി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു പ്രമുഖ മലയാള ദിനപത്രം. ഒരേ വസ്തുത തന്നെ എങ്ങിനെ വസ്തുനിഷ്ടമായും തങ്ങളുടെ മനോധര്‍മ്മം പോലെ വളച്ചൊടിച്ച് വികൃതമാക്കിയും അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമെന്നതിന് വെനസ്വേലന്‍ പ്രസിഡണ്ട് ഹൂഗോഷാവേസ് അന്തരിച്ച വാര്‍ത്ത രണ്ട് പ്രമുഖ ഇന്ത്യന്‍ പത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ.

''തോക്കിന്‍ മുനയില്‍ നിന്നായിരുന്നു ആ വിളി. നാലു ജനറലുകള്‍ എന്നെയും കുടുംബത്തെയും ബന്ദിയാക്കിയിരിക്കുന്നു. ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്, രക്ഷിക്കണം.... തന്നെ പട്ടാള നേതൃത്വം അട്ടിമറിച്ചുവെന്നും നാലു ജനറലുകള്‍ വളഞ്ഞിരിക്കയാണെന്നും എങ്ങിനെയെങ്കിലും രക്ഷിക്കണമെന്നും ഷാവേസ് കേണപേക്ഷിച്ചു....'' 2002 ഏപ്രില്‍ 11 നു പട്ടാള അട്ടിമറിയെ തുടര്‍ന്ന് പ്രസിഡന്റ് ഹൂഗോ ഷാവേസ് അന്ന് കാരക്കാസില്‍ വത്തിക്കാന്‍ ചാര്‍ജ് ദ് അഫയേഴ്‌സ് (സ്ഥാനാപതി) ആയിരുന്ന മലയാളിയും ഇപ്പോള്‍ ഫരീദാബാദ് ആര്‍ച്ച് ബിഷപ്പുമായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയോട് സഹായഭ്യര്‍ഥന നടത്തിയിരുന്നു. ആ സംഭവത്തെയാണ് മലയാളത്തിന്റെ പത്രമുത്തശി നിസാരവല്‍ക്കരിച്ച് അച്ച് നിരത്തിയത്.

അതെ സംഭവത്തെപ്പറ്റി ഇന്ത്യയിലെ പ്രമുഖ ഇംഗഌഷ് പത്രങ്ങളില്‍ ഒന്നുമായി ആര്‍ച്ച് ബിഷപ്  നടത്തിയ ടെലിഫോണ്‍ സംഭാഷണം ആ പത്രം റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധിക്കുക.

''കൊള്ളപ്പലിശക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും എതിരെ യേശുക്രിസ്തുവിനെപ്പോലെ പൊരുതിയ യാഥാര്‍ഥ ക്രിസ്ത്യാനിയായിരുന്നു ഷാവേസ്...''

''അദ്ദേഹം വെനിസ്വേലയിലെ മാത്രമല്ല മുഴുവന്‍ ലാറ്റിനമേരിക്കയിലെയും അസമത്വവും അനീതിയും അവസാനിപ്പിക്കാന്‍ തന്റെ ജീവിതം ഉഴിഞ്ഞുവച്ച യഥാര്‍ഥ ദൈവപുത്രനായിരുന്നു.''

''ഇടത്തരക്കാര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവന്ന വെനസ്വേലയിലെ ആദ്യ ഭരണാധികാരിയായിരുന്നു ഷാവേസ്. രാജ്യത്തിന്റെ എണ്ണ സമ്പത്ത്, അതുവരെ കുടുംബസ്വത്താക്കിവച്ചിരുന്ന വരേണ്യഭരണവര്‍ഗത്തില്‍നിന്നും ഷാവേസിന് എതിര്‍പ്പുണ്ടാകുക സ്വാഭാവികം മാത്രമാണ്'' ആര്‍ച്ച് ബിഷപ്പ് മാര്‍കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.

തികഞ്ഞസമചിത്തതയോടെയും യാഥാര്‍ഥ്യബോധത്തോടെയും വെനിസ്വേലന്‍ വിപ്ലവ ചരിത്രത്തിലെ അതിപ്രധാനമായ ഒരു സംഭവത്തെ വിലയിരുത്തിയ ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകളാണ് മലയാള പത്രം നിസാരവല്‍ക്കരിച്ച് പരിഹാസ്യമാക്കിയത്.

അങ്കമാലിക്കാരനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര വെനിസ്വേല, ഇറാഖ്, കോംഗോ എന്നിവിടങ്ങളിലും പതിനെട്ടു വര്‍ഷം ഐക്യരാഷ്ട്രസഭയിലും വത്തിക്കാന്‍ പ്രതിനിധിയായിരുന്നു. തൃപ്പൂണിത്തുറ, തിരുവാങ്കുളം, മലയാറ്റൂര്‍ എന്നിവിടങ്ങളില്‍ പുരോഹിതനായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം ഫരീദാബാദ് ആര്‍ച്ച് ബിഷപ്പായി നിയമിതനായി.

janayugom 080313

No comments:

Post a Comment