Saturday, March 10, 2012

ഉത്തരാഖണ്ഡില്‍ കുതിരക്കച്ചവടത്തില്‍ ബിജെപിയെ കോണ്‍ഗ്രസ് തോല്‍പ്പിച്ചു

കുതിരക്കച്ചവടത്തില്‍ ബിജെപിയെ പിന്തള്ളി ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മൂന്ന് സ്വതന്ത്ര എംഎല്‍എമാരെയും ഉത്തരാഖണ്ഡ് ക്രാന്തിദളിന്റെ (യുകെഡി) ഏക എംഎല്‍എയെയും വിലപേശി പിടിച്ച് കോണ്‍ഗ്രസ് എണ്ണം തികച്ചു. ഇവരടക്കം 36 എംഎല്‍എമാരെ വെള്ളിയാഴ്ച ഗവര്‍ണര്‍ മാര്‍ഗരറ്റ് അല്‍വയ്ക്കുമുമ്പാകെ കോണ്‍ഗ്രസ് നേതൃത്വം ഹാജരാക്കി. എഴുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 32 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 31ഉം. കൂടാതെ മൂന്ന് സ്വതന്ത്രരും മൂന്ന് ബിഎസ്പി എംഎല്‍എമാരും യുകെഡി എംഎല്‍എയും.

ഫലം പുറത്തുവന്നതുമുതല്‍ കോണ്‍ഗ്രസും ബിജെപിയും ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. സ്വതന്ത്രരെയും യുകെഡി എംഎല്‍എയെയും തന്നെയാണ് ഇരുപാര്‍ടികളും ലക്ഷ്യമിട്ടത്. സ്വതന്ത്രരുടെയും യുകെഡി എംഎല്‍എയുടെയും പിന്തുണ ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് കോടികള്‍ ഒഴുക്കിയതായാണ് സൂചന. ഇതോടൊപ്പം മന്ത്രിസ്ഥാനമെന്ന പ്രലോഭനവും. ബിജെപിയും വാഗ്ദാനങ്ങളുമായി രംഗത്തുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ പണക്കൊഴുപ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇതിനുപുറമെ നിലവിലുള്ള മുഖ്യമന്ത്രി ബി സി ഖണ്ഡൂരിയുടെ തോല്‍വിയും ബിജെപിയെ തളര്‍ത്തി. സംഘടനാപ്രശ്നങ്ങള്‍ കോണ്‍ഗ്രസിനെയും അഭിമുഖീകരിക്കുന്നുണ്ടെങ്കിലും സ്വതന്ത്രരെ ചാക്കില്‍ കയറ്റുന്നതില്‍ അവര്‍ വിജയിച്ചു. സ്വതന്ത്രരായ ഹരീഷ് ദുര്‍ഗാപാല്‍ , മന്ത്രിപ്രസാദ് നെയ്താനി, ദിനേഷ് ദനായ് എന്നിവരാണ് കോണ്‍ഗ്രസിന്റെ പ്രലോഭനങ്ങളില്‍ വീണത്. ഇതോടൊപ്പം യുകെഡി എംഎല്‍എ പ്രീതംസിങ് പന്‍വറിനെയും പിടിച്ചു.

കേന്ദ്രമന്ത്രി ഹരീഷ് റാവത്താണ് കുതിരക്കച്ചവടത്തിന് ചുക്കാന്‍ പിടിച്ചത്. മുഖ്യമന്ത്രിസ്ഥാനം ഉന്നമിട്ടാണ് ഹരീഷ് റാവത്തിന്റെ നീക്കം. എന്‍ ഡി തിവാരിയടക്കമുള്ളവര്‍ രംഗത്തുണ്ടെങ്കിലും കേന്ദ്രപിന്തുണയോടെ റാവത്തുതന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരുമെന്നാണ് സൂചന. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേര്‍ന്ന് പുതിയ നേതാവിനെ തെരഞ്ഞെടുത്തശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്ന് മാര്‍ഗരറ്റ് അല്‍വ പറഞ്ഞു. മൂന്ന് സ്വതന്ത്രരുടെയും യുകെഡി എംഎല്‍എയുടെയും പിന്തുണ കോണ്‍ഗ്രസ് അവകാശപ്പെട്ടിട്ടുണ്ട്. നേതാവിനെ തെരഞ്ഞെടുത്തശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കും- മാര്‍ഗരറ്റ് അല്‍വ പറഞ്ഞു.
(എം പ്രശാന്ത്)

ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടെന്ന് കോണ്‍ഗസ്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും റെയില്‍മന്ത്രിയുമായ ദിനേശ് ത്രിവേദിയാണ് ഇടക്കാല തെരഞ്ഞെടുപ്പിനെക്കുറിച്ച് ആദ്യം പ്രസ്താവന നടത്തിയത്. തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം പ്രസ്താവന തിരുത്തുകയും യുപിഎ സര്‍ക്കാരിന് അഞ്ചു വര്‍ഷം ഭരിക്കാനുള്ള ജനവിധിയുണ്ടെന്നു പറയുകയും ചെയ്തു. തൃണമൂല്‍ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് ഇടക്കാല തെരഞ്ഞെടുപ്പില്ലെന്ന് വ്യക്തമാക്കിയത്. എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷയ്ക്കൊപ്പമെത്തിയില്ല. എന്നാല്‍ , യുപിഎ സര്‍ക്കാര്‍ ശക്തവും ഭദ്രവുമാണ്. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ല. അതുപോലെ കേന്ദ്രസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ആരും ശ്രമിക്കരുത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സങ്കീര്‍ണമാകുമെന്നും മനീഷ് പറഞ്ഞു.
(വി ജയിന്‍)

യുപി പിസിസി പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തമേറ്റ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ റീത്ത ബഹുഗുണ ജോഷി രാജി സന്നദ്ധത അറിയിച്ചു. വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടാണ് രാജിസന്നദ്ധത അറിയിച്ചത്. രാജിക്കത്ത് സോണിയ സ്വീകരിച്ചിട്ടില്ല. നേരത്തെ തോല്‍വിയുടെ ഉത്തരവാദിത്തം എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ഏറ്റെടുത്തിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്സിങ്ങും സോണിയയെ കണ്ട് രാജിസന്നദ്ധത അറിയിച്ചു. ഇതിനു പിന്നാലെയാണ് പിസിസി പ്രസിഡന്റും രാജിക്ക് തയ്യാറാണെന്ന് അറിയിച്ചത്.

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തി മൂന്നു ദിവസമായി ചര്‍ച്ച നടക്കുകയായിരുന്നുവെന്ന് റീത്ത ബഹുഗുണ പറഞ്ഞു. ഫലത്തിന്റെ വിശദാംശങ്ങളും പരാജയ കാരണങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളും കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചു. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാമെന്ന് അറിയിച്ചു. രാജി സ്വീകരിച്ചില്ല. ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു. നിരവധി കാരണങ്ങളുണ്ട് തെരഞ്ഞെടുപ്പ് തോല്‍വിക്ക്. സ്ഥാനാര്‍ഥി നിര്‍ണയവും പാര്‍ടിയുടെ മോശം പ്രകടനത്തിനു കാരണമായി. മായാവതി ഭരണത്തിനെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ , പകരം അവര്‍ കണ്ടത് സമാജ്വാദി പാര്‍ടിയെയാണ്- അവര്‍ പറഞ്ഞു.

ഗോവയില്‍ പരീക്കറുടെ നേതൃത്വത്തില്‍ ആറംഗ മന്ത്രിസഭ

പനാജി: ഗോവയില്‍ ബിജെപി നേതാവ് മനോഹര്‍ പരീക്കറുടെ നേതൃത്വത്തില്‍ ആറംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോവ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗോവയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്ഭവനു പുറത്ത് മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ബിജെപിയില്‍നിന്ന് ദയാനന്ദ് മന്ത്രേക്കര്‍ , ലക്ഷ്മികാന്ത് പര്‍സേക്കര്‍ , മതാനി സാല്‍ദാന, ഫ്രാന്‍സിസ് ഡിസൂസ എന്നിവരും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ടി (എംജിപി) പ്രതിനിധി രാമകൃഷ്ണ ദാവാലികറും മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്തു. പരീക്കര്‍ ഇത് മൂന്നാംതവണയാണ് ഗോവ മുഖ്യമന്ത്രിയാകുന്നത്.

deshabhimani 100312

1 comment:

  1. കുതിരക്കച്ചവടത്തില്‍ ബിജെപിയെ പിന്തള്ളി ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മൂന്ന് സ്വതന്ത്ര എംഎല്‍എമാരെയും ഉത്തരാഖണ്ഡ് ക്രാന്തിദളിന്റെ (യുകെഡി) ഏക എംഎല്‍എയെയും വിലപേശി പിടിച്ച് കോണ്‍ഗ്രസ് എണ്ണം തികച്ചു. ഇവരടക്കം 36 എംഎല്‍എമാരെ വെള്ളിയാഴ്ച ഗവര്‍ണര്‍ മാര്‍ഗരറ്റ് അല്‍വയ്ക്കുമുമ്പാകെ കോണ്‍ഗ്രസ് നേതൃത്വം ഹാജരാക്കി. എഴുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 32 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 31ഉം. കൂടാതെ മൂന്ന് സ്വതന്ത്രരും മൂന്ന് ബിഎസ്പി എംഎല്‍എമാരും യുകെഡി എംഎല്‍എയും.

    ReplyDelete