Wednesday, March 21, 2012

നെല്‍കൃഷി മതി, വിമാനത്താവളംവേണ്ട

ആറന്മുള സംയുക്ത സമരസമിതി നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി

ആറന്മുളയില്‍ ഏക്കറുകണക്കിന് നെല്‍പാടവും പുഞ്ചയും നികത്തി വിമാനത്താവളം നിര്‍മിക്കാനുള്ള സര്‍ക്കാര്‍നീക്കത്തിനെതിരെ ആറന്മുള ജനകീയപ്രക്ഷോഭ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പാളയം യുദ്ധസ്മാരകത്തിന്റെ മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് കവയിത്രി സുഗതകുമാരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പമ്പാതീരത്തിന് വേണ്ടത് നെല്‍കൃഷിയാണ്, വിമാനത്താവളമല്ലെന്ന് സുഗതകുമാരി പറഞ്ഞു. കേരളത്തില്‍ അഞ്ചാമതൊരു വിമാനത്താവളമുണ്ടാക്കാന്‍വേണ്ടി പമ്പാതീരത്തിന്റെ ഫലഭൂയിഷ്ഠമായ മണ്ണും സമൃദ്ധമായ ജലവും നെല്‍പ്പാടവും വീടും പുരയിടങ്ങളുമെല്ലാം ബലികഴിക്കുന്നത് അംഗീകരിക്കാനാകില്ല. തരിശുഭൂമികളെ നെല്‍വയലുകളാക്കി മാറ്റുന്നതായിരിക്കണം വികസനം. അല്ലാതെ വികസനത്തിന്റെപേരില്‍ പച്ചപ്പ് ഇല്ലാതാക്കലല്ലെന്നും സുഗതകുമാരി പറഞ്ഞു.

 ആറന്മുളയെ വ്യവസായമേഖലയായി പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് സമരത്തെ അഭിവാദ്യംചെയ്ത പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നെല്‍വയലും നീര്‍ത്തടവും യഥേഷ്ടം നികത്താനാണ് ആറന്മുളയെ വ്യാവസായികമേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. മനുഷ്യന് സ്വന്തം മണ്ണില്‍ ജീവിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. വിമാനത്താവളവും വികസനവും അതിന്ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മേയര്‍ കെ ചന്ദ്രിക, എംഎല്‍എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍ , സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍ , കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ , സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി പി പ്രസാദ്, ജനപക്ഷം സംസ്ഥാന പ്രസിഡന്റ് കെ രാമന്‍പിള്ള, റൂഫസ് ഡാനിയല്‍ , വി വി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.ഭഭൂമിസംരക്ഷണ ജനകീയവേദി, പള്ളിയോട പള്ളിവിളക്ക് സംരക്ഷണ സമിതി, കിടങ്ങന്നൂര്‍ കോഴിമല സംരക്ഷണ സമിതി, കുഴിക്കാല ആക്ഷന്‍ കൗണ്‍സില്‍ , പുന്നയ്ക്കാട് പൗരസമിതി, കുറുന്താര്‍ പാര്‍ഥസാരഥി എന്‍എസ്എസ് കരയോഗം, ആറന്മുള പ്രകൃതി സംരക്ഷണ സൗഹൃദവേദി, ദര്‍പ്പണം കലാസാഹിത്യവേദി തുടങ്ങിയ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ആറന്മുള: നിലം നികത്തല്‍ അനുമതിയില്ലാതെ

ആറന്മുളയില്‍ വിമാനത്താവളം പണിയുന്നതിന് നിലം നികത്താന്‍ നെല്‍വയല്‍ സംരക്ഷണത്തിനായുള്ള സംസ്ഥാനതല സമിതിക്ക് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സമിതിയുടെ അനുവാദമില്ലാതെ ആറന്മുളയില്‍ വിമാനത്താവളത്തിന് സ്ഥലം നികത്തുവെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അടിയന്തരമായി നിലം നികത്തുന്നത് നിര്‍ത്താന്‍ പത്തനംതിട്ട ജില്ലാ കലക്ടറിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എ കെ ശശീന്ദ്രന്‍ , തോമസ്ചാണ്ടി എന്നിവരെ മന്ത്രി അറിയിച്ചു. സംസ്ഥാനത്തു ഭൂമികൈയേറ്റങ്ങള്‍ നിയന്ത്രിക്കാന്‍ രൂപംനല്‍കിയ ലാന്‍ഡ് പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. സേന പാസിങ് ഔട്ട് പരേഡിനു സജ്ജമായി.

deshabhimani 210312

No comments:

Post a Comment