Wednesday, March 21, 2012

ധീരസഖാക്കളുടെ സ്മരണയില്‍ വനിതാസംഗമം


വിപ്ലവ പോരാട്ടങ്ങളുടെ പാതയില്‍ വഴികാട്ടിയും കരുത്തുമായിരുന്ന ധീരസഖാക്കളുടെ പ്രിയപ്പെട്ടവര്‍ക്ക് ആദരവായി കോഴിക്കോട് മുതലക്കുളത്ത് നടന്ന വനിതാസംഗമം. തങ്ങളുടെ പ്രിയ സഖാക്കള്‍ സമരത്തിന്റെ പാതയിലായിരിക്കുമ്പോഴും പിന്തുണയേകിയും വെല്ലുവിളികളെ അതിജീവിച്ചും കടന്നുപോയ ദിനങ്ങളെ അവര്‍ ഓര്‍ത്തെടുക്കുകയായിരുന്നു. തങ്ങളുടെ ആദ്യകാല നേതാക്കളുടെ ബന്ധുക്കളെ കാണാന്‍ പൊരിയുന്ന മീനച്ചൂടിനെ കൂസാതെ നിരവധി പേരാണ് മുതലക്കുളം മൈതാനത്ത് എത്തിയത്. സിപിഐ എം 20ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഇ എം എസിന്റെ ചരമവാര്‍ഷിക ദിനത്തില്‍ നടന്ന വനിതാ സംഗമം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.

തദ്ദേശസ്വയംഭരണ സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യത ഏര്‍പ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന്് പി കെ ശ്രീമതി പറഞ്ഞു. എല്‍ഡിഎഫിന്റെ തുടര്‍ച്ചയായ ഭരണം ഉണ്ടായിരുന്നെങ്കില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുമായിരുന്നു. ബജറ്റിനെതിരെ യുവതികളും യുവാക്കളും പ്രക്ഷോഭത്തിലാണ്. അധികാരത്തിനായി ഏത് വിടുപണിയും യുപിഎ സര്‍ക്കാര്‍ ചെയ്യും. കേരളത്തിലെ യുഡിഎഫ് നടത്തുന്ന കുതിരക്കച്ചവടം എത്ര നിന്ദ്യമായിരുന്നെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എല്ലാ വര്‍ഗ സമരങ്ങളുടെയും മുന്നേറ്റങ്ങളില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും ചരിത്രത്തില്‍ അവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍ പറഞ്ഞു. പൊതുസമൂഹത്തിന്റെ മുമ്പില്‍ സ്ത്രീകള്‍ കടന്നുവന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ടാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ കേരളത്തിലെ മാധ്യമ ലോകം വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. അരക്ഷിതത്വത്തിലേക്ക് സ്ത്രീ വലിച്ചെറിയപ്പെടുകയാണ്. ഡല്‍ഹിയില്‍ ക്രൂരമായ മരണത്തിനിരയായ രണ്ട് വയസ്സുള്ള ഫലക്കിന്റെ അനുഭവം കാണിക്കുന്നതിതാണെന്നും അവര്‍ പറഞ്ഞു.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ, എളമരം കരീം എംഎല്‍എ, ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഇ എം എസിന്റെ മകള്‍ രാധ, എ കെ ജിയുടെ മകള്‍ ലൈല, നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ , ചടയന്‍ ഗോവിന്ദന്റെ ഭാര്യ ദേവകി, , പാട്യം ഗോപാലന്റെ ഭാര്യ മൃദുല ടീച്ചര്‍ , അഴീക്കോടന്റെ ഭമകള്‍ സുധ, എ കണാരന്റെ ഭാര്യ നളിനി ടീച്ചര്‍ , സി എച്ച് കണാരന്റെ മകള്‍ സരോജിനി, കെ പത്മനാഭന്റെ ഭഭാര്യ ശീലാവതി ടീച്ചര്‍ , എം ദാസന്റെ ഭഭാര്യയും പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗവുമായ പി സതീദേവി, സി പി ബാലന്‍ വൈദ്യരുടെ കുടുംബാംഗങ്ങള്‍ , മത്തായി ചാക്കോയുടെ ഭഭാര്യ മേഴ്സി, വി കെ ഗോപാലന്റെ മകള്‍ സഷാംഗ, ടി അയ്യപ്പന്റെ ഭഭാര്യ ടി ദേവി, ഇ വി കുമാരന്റെ മകള്‍ ഇ വി സവിത, ടി എച്ച് കെ വാര്യരുടെ ഭഭാര്യ പി സൗദാമിനി, വി ടി കുമാരന്‍ മാസ്റ്ററുടെ ഭാര്യ ശാന്ത ടീച്ചര്‍ , കെ ബാലന്‍മാസ്റ്ററുടെ ഭാര്യ ശാന്ത, എ മജീദിന്റെ ഭാര്യ ഫസീന ടീച്ചര്‍ , പി വി കുഞ്ഞിക്കണ്ണന്റെ മകള്‍ രമ എന്നിവരെ ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ആദരിച്ചു. നായനാരുടെ മകന്‍ കൃഷ്ണകുമാര്‍ , ചടയന്‍ ഗോവിന്ദന്റെ മകന്‍ സുഭാഷ്, യശോദ ടീച്ചര്‍ എന്നിവരെയും ആദരിച്ചു. അഴീക്കോടന്റെ ഭാര്യ മീനാക്ഷി ടീച്ചറുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. കെ കെ ലതിക എംഎല്‍എ അധ്യക്ഷയായി. എന്‍ കെ രാധ സ്വാഗതവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം കെ നളിനി നന്ദിയും പറഞ്ഞു.

deshabhimani 200312

No comments:

Post a Comment