ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. പ്രതിയായ ബിജു സലീമിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തീവ്രവാദ സംഘടനകളില്‍പ്പെട്ട ചിലരുമായി ചേര്‍ന്ന് പ്രതി ബിജു സലീം പ്രവര്‍ത്തിച്ചു. ബിജുവിനെ രക്ഷിക്കാന്‍ പൊലീസിലെ ഉന്നതര്‍ ഇടപെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഗൂഢാലോചന നടത്തിയതായും പൊലീസ് അവകാശപ്പെട്ടു. ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയ ബിജുസലീമിനെ ഈമാസം 27 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട 258 പേരുടെ ഇ-മെയില്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നതായി ഒരു വാരികയില്‍ വന്ന വാര്‍ത്തയാണു വിവാദമായത്. ഡിസംബര്‍ അവസാന വാരമാണ് ഇവരുടെ ഇ- മെയില്‍ വിലാസങ്ങള്‍ ബിജു ഒരാള്‍ക്കു കൈമാറിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബിജു സലിം എന്ന എസ് ബിജുവാണ് ഇ-മെയില്‍ പട്ടിക ചോര്‍ത്തിയതെന്നു പൊലീസ് കണ്ടെത്തി.
പൊലീസ് ഹൈടെക് സെല്ലില്‍ നിന്നു തന്നെയാണു പട്ടികയുടെ പകര്‍പ്പെടുത്തതെന്നും അന്വേഷണത്തില്‍ വ്യക്തമായി. എസ് പി: ജയമോഹന്‍ ഹൈടെക് സെല്ലിലേക്ക് അയച്ച കത്ത് വ്യാജമായി ഉണ്ടാക്കി അതില്‍ എസ് പിയുടെ കള്ള ഒപ്പിട്ടാണ് ഇ-മെയില്‍ പട്ടികയ്‌ക്കൊപ്പം ഇയാള്‍ വാരികയ്ക്കു നല്‍കിയത്.
എസ് പിയുടെ കത്തില്‍ ഹൈടെക് സെല്‍ ഡിവൈ എസ് പിയുടെ ഒപ്പുള്ളതിനാല്‍ പിടിക്കപ്പെടാതിരിക്കാനാണു വ്യാജ കത്ത് നിര്‍മിച്ചത്. ഇയാള്‍ മൂന്നു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. അതില്‍ നിന്നു വിളിച്ച നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ തീവ്രവാദ സ്വഭാവമുള്ള ചിലരുമായി ബന്ധപ്പെട്ടിരുന്നതായും സൂചനയുണ്ട്. അതിനാലാണു വിശദ അന്വേഷണം ശുപാര്‍ശ ചെയ്തത്.
കഴിഞ്ഞ ഒക്‌ടോബറിലാണു ബിജു ഡപ്യൂട്ടേഷനില്‍ ഹൈടെക് സെല്ലില്‍ എത്തിയത്. ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസമായി സസ്‌പെന്‍ഷനിലായിരുന്ന ബിജുവിനെ ശനിയാഴ്ച രാത്രിയോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തിയിരുന്നു. ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി, മതസ്പര്‍ധയുണ്ടാക്കുന്നവിധം രേഖകളില്‍ മാറ്റം വരുത്തി പ്രസാധനത്തിന് നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനുമേല്‍ ചുമത്തിയിട്ടുള്ളത്.
janayugom 210312
No comments:
Post a Comment