Tuesday, March 20, 2012

എസ്എഫ്ഐ നേതാവിനെ വധിച്ചത് കോണ്‍ . ആക്രമണം അന്വേഷിക്കാനെത്തിയതിന്

മുല്ലപ്പെരിയാറിന്റ പേരില്‍ ഇരുസംസ്ഥാനത്തെയും ജനതയെ തമ്മിലടിപ്പിക്കുന്ന കോണ്‍ഗ്രസ് ക്രിമിനലുകളുടെ ആക്രമണ പരമ്പര അറിഞ്ഞെത്തിയ എസ്എഫ്ഐ നേതാവിന്റ അരുംകൊല നാടിനെ നടുക്കി. മാരകായുധങ്ങളുമായി ലയങ്ങളിലെത്തി തൊഴിലാളികള്‍ക്കുനേരെ ആക്രമണം നടത്തിയത് അന്വേഷിക്കാനെത്തിയ ഉശിരനായ വിദ്യാര്‍ഥി നേതാവിനെയാണ് നാടിന് നഷ്ടമായത്. എസ്എഫ്ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷ് രാജനെ(25)യാണ് ഞായറാഴ്ച രാത്രി കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ക്രമിനലുമായ അറയ്ക്കപ്പറമ്പില്‍ അഭിലാഷിന്റെയും രൂപേഷിന്റെയും നേതൃത്വത്തിലെത്തിയ സംഘമാണ് അനീഷിനെ നെടുങ്കണ്ടം മഞ്ഞപ്പെട്ടി കാമാക്ഷി വിലാസം എസ്റ്റേറ്റില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. തോട്ടം തൊഴിലാളികളോടും പ്രവര്‍ത്തകരോടും സംസാരിച്ചുനില്‍ക്കവെ ഇരുളിന്റെ മറവിലെത്തിയ സംഘം പിന്നില്‍നിന്ന് കുത്തി വീഴ്ത്തുകയായിരുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തെതുടര്‍ന്ന് ഈ മേഖലയില്‍ തമിഴ്തൊഴിലാളികളെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും പതിവാണ്. വിവിധ ലയങ്ങളിലായി നൂറോളം തൊഴിലാളികള്‍ പാര്‍ക്കുന്ന മേഖലയാണ് കാമാക്ഷിവിലാസം എസ്റ്റേറ്റ്. തമിഴരോട് നാട്ടില്‍നിന്ന് പോകണമെന്ന് ഇവര്‍ പലതവണ ഭീഷണി മുഴക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 7.30 ഓടെ അക്രമിസംഘം ഇവിടെ നടത്തിയ ആക്രമണത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവം അറിഞ്ഞാണ് അനീഷ് സ്ഥലത്തെത്തിയത്. ഉടന്‍ ആക്രമണത്തില്‍ പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി. വാഹനംവിളിച്ച് പരിക്കേറ്റവരെ മറ്റ് തൊഴിലാളികളെയും കൂട്ടി ആശുപത്രിയിലേക്കയച്ചു. ഇവരെ ആശുപത്രിയിലെത്തിച്ചശേഷം തങ്ങള്‍ക്ക് നെടുങ്കണ്ടത്തേക്ക് പോകാന്‍ വാഹനം തിരികെ വരുന്നതുംകാത്ത് നില്‍ക്കുമ്പോഴാണ് രാത്രി ഒന്‍പതോടെ ആക്രമിക്കപ്പെട്ടത്. ഇരുട്ടിന്റെ മറവില്‍ ജീപ്പിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ഒന്‍പതംഗ ഗുണ്ടാസംഘമാണ് അനീഷിനെ കുത്തിവീഴ്ത്തിയത്. സംഘത്തിലുള്ളവര്‍ അറിയപ്പെടുന്ന കുറ്റവാളികളാണ്. ആക്രമണത്തിന് നേതൃത്വം നല്‍കിയ സഹോദരങ്ങളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അഭിലാഷും രൂപേഷും ഏതാനും നാള്‍മുമ്പ് ഏലംഎസ്റ്റേറ്റില്‍ മോഷണം നടത്തിയ കേസിലും പ്രതികളെന്ന് സംശയിക്കപ്പെടുന്നവരാണ്. വാര്‍ഡംഗമായ വനിതാകോണ്‍ഗ്രസ് നേതാവിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും സംശയമുണ്ട്.

യുഡിഎഫ് ഭരണത്തണലിലും പി ടി തോമസ് എംപിയുടെ സംരക്ഷണയിലുമാണ് ജില്ലയിലെ ഗുണ്ടാ സംഘത്തിന്റെ പ്രവര്‍ത്തനം. മുല്ലപ്പെരിയാര്‍ പ്രശ്നം വഷളാക്കാനും തമിഴ്-മലയാളി സംഘര്‍ഷമാക്കി മാറ്റാനും കോണ്‍ഗ്രസ് നേതൃത്വം നേരത്തെ മുതല്‍ ശ്രമം നടത്തിവരികയാണ്. ഇവിടെ ആക്രമണം നടത്തിയവരാണ് കഴിഞ്ഞ നവംബറില്‍ കമ്പംമെട്ട് ചെക്ക്പോസ്റ്റിലും തമിഴ്തൊഴിലാളികളെ ആക്രമിച്ച് മുല്ലപ്പെരിയാര്‍ പ്രശ്നം ആളിക്കത്തിച്ചത്. ജനങ്ങളെ ബാധിക്കുന്ന ഏത് പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന നാടിന്റെ പ്രിയങ്കരനായ യുവനേതാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കോണ്‍ഗ്രസ് ഗുണ്ടാസംഘത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഇരുളിന്റെ മറവില്‍ വെട്ടിവീഴ്ത്തിയത് കരുത്തുറ്റ വാഗ്ദാനത്തെ

ഇരുളിന്റെ മറവില്‍ കോണ്‍ഗ്രസ് അക്രമികള്‍ വെട്ടിവീഴ്ത്തിയത് കരുത്തുള്ള പ്രതിഭയെ. സഹോദരരെപ്പോലെ കഴിയുന്ന കേരള-തമിഴ് ജനവിഭാഗങ്ങളിലേക്ക് അനൈക്യത്തിന്റെയും വേര്‍തിരിവിന്റെയും വിഷവിത്തുകളെറിഞ്ഞ് മുതലെടുക്കാന്‍ ശ്രമിച്ച ശക്തികള്‍ അറുത്തുമാറ്റിയത് ഏറെ പ്രതീക്ഷയുള്ള പുതു പ്രതിഭയെ. തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ആദ്യം ഓടിയെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷ് രാജനെയാണ് ഞായറാഴ്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിക്കൊലപ്പെടുത്തിയത്. ജനവിഭാഗങ്ങളെ അനൈക്യപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന പ്രതിലോമ ശക്തികള്‍ക്കെതിരെ നിലപാട് എടുത്തതിന് വിലയായി നല്‍കേണ്ടിവന്നത് സ്വന്തം ജീവനാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ നാട്ടിലാകെ അരാജകത്വം സൃഷ്ടിച്ചിരുന്ന ക്രിമിനല്‍ സംഘമാണ് പൈശാചികതയ്ക്ക് നേതൃത്വം നല്‍കിയത്.

നെടുങ്കണ്ടം എംഇഎസ് കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദമെടുത്ത് ബിരുദാനന്ദര പഠനത്തിന് പോകാന്‍ തയ്യാറെടുത്തിരിക്കുമ്പോഴാണ് നരാധമന്‍മാര്‍ ജീവനെടുത്തത്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനത്തിലും പൊതുപ്രവര്‍ത്തനങ്ങളിലും ഏറെ മികവും കഴിവും പ്രകടിപ്പിച്ച വ്യക്തിത്വമായിരുന്നു അനീഷ്. ഏത് ജനകീയ പ്രശ്നങ്ങളിലും സത്വരമായി ഇടപെട്ടിരുന്നു. മികവുറ്റ സംഘടനാ പ്രവര്‍ത്തനത്തെതുടര്‍ന്നാണ് പെട്ടെന്നുതന്നെ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്.

എംഇഎസ് കോളേജില്‍ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച് തുടങ്ങി. അധികം വൈകാതെയാണ് ജില്ലാ നേതൃനിരയിലേക്ക് എത്തിയത്. തുടര്‍ന്ന് നെടുങ്കണ്ടം ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ജില്ലാ വൈസ് പ്രസിഡന്റായി. ഇളംപ്രായത്തില്‍തന്നെ യുവജനപ്രസ്ഥാനത്തിലും കലാരംഗത്തും കഴിവ് തെളിയിച്ചു. ഡിവൈഎഫ്ഐ നെടുങ്കണ്ടം വെസ്റ്റ് വില്ലേജ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. നാടന്‍പാട്ടും കവിതയും നന്നായി അവതരിപ്പിക്കാന്‍ കഴിയുന്ന കലാകാരന്‍കൂടിയായിരുന്നു അനീഷ്. അനന്തവും അപാരവുമായ കര്‍മശേഷി പൂര്‍ണമായി പ്രകടിപ്പിക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ അനുവദിച്ചില്ല. ഇളംപ്രായത്തില്‍തന്നെ ഈ പ്രതിഭയുടെ ജീവനെടുത്ത പൈശാചികതയ്ക്ക് മാപ്പില്ലെന്ന നിലപാടിലാണ് നാടും നാട്ടാരും. അരുംകൊലക്കെതിരെ നാടെങ്ങും വ്യാപകമായ പ്രതിഷേധം അലയടിക്കുകയാണ്.

പ്രതികള്‍ സ്ഥിരം ക്രിമിനലുകള്‍

കാമാക്ഷി വിലാസത്ത് എസ്എഫ്ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പ്രദേശത്തെ നിരന്തരം സംഘര്‍ഷം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രതികള്‍ . മഞ്ഞപ്പെട്ടി കാമാക്ഷിവിലാസം മേഖലയില്‍ ജനങ്ങളുടെ സൈ്വര്യജീവിതം കെടുത്തി അഴിഞ്ഞാടുന്ന ക്രിമിനല്‍ സംഘത്തിന് നേതൃത്വം നല്‍കി വന്നത് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളും. മുല്ലപ്പെരിയാര്‍ പ്രശ്നം മുതലെടുത്ത് ഇവിടുത്തെ തമിഴ് തൊഴിലാളികളെ അടിച്ചോടിച്ചശേഷം അഴകര്‍ രാജാ എസ്റ്റേറ്റിലെ സ്റ്റോര്‍ കുത്തിത്തുറന്ന് നൂറുകണക്കിന് കിലോഗ്രാം ഏലക്ക കവര്‍ന്ന കേസിലെ പ്രതികളും ഈ സംഘം തന്നെയാണെന്നാണ് ജനസംസാരം. മഞ്ഞപ്പെട്ടിയും കാമാക്ഷിവിലാസവും കേന്ദ്രീകരിച്ച് മോഷണം, പിടിച്ചുപറി, തടിവെട്ട്, വ്യാജമദ്യ നിര്‍മാണം എന്നിവയ്ക്ക് സംഘം നേതൃത്വം നല്‍കുന്നു. മഞ്ഞപ്പെട്ടി ഗവ. പോളിടെക്നിക്കില്‍ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ക്കുനേരെയും നിരന്തരം ആക്രമണം അഴിച്ചുവിടുന്ന ക്രിമിനല്‍ സംഘത്തെ സഹായിക്കുന്ന നിലപാടാണ് പൊലീസും ഉന്നത കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ചുവരുന്നതെന്ന് ആക്ഷേപമുണ്ട്. പി ടി തോമസ് എംപിയുടെ അനുഗ്രഹാശിസുകളോടെ സംഘം നടത്തിവരുന്ന എല്ലാ സാമൂഹ്യവിരുദ്ധ നിലപാടുകളെയും പൊലീസ് സഹായിക്കുകയാണ്.

തകര്‍ത്തെറിഞ്ഞത് കുടുംബത്തിന്റെ സ്വപ്നങ്ങള്‍

ഇരുളിന്റെ മറവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അക്രമികള്‍ പൈശാചികമായി വെട്ടി വിഴ്ത്തിയത് ഒരു വീടിന്റെ നെടും തൂണിനെയാണ്. കോണ്‍ഗ്രസ് ഗുണ്ടകള്‍ നെടുങ്കണ്ടം കാമാക്ഷി വിലാസം എസ്റ്റേറ്റിലെ തമിഴ് തൊഴിലാളികളെ അക്രമിച്ചത് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റും ഡിവൈഎഫ്ഐ നെടുങ്കണ്ടം വെസ്റ്റ് വില്ലേജ് സെക്രട്ടറിയുമായ അനീഷിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് ഗുണ്ടകളുടെ കാടത്തത്തില്‍ പൊലിഞ്ഞത് ഒരുകുടുംബത്തിെന്‍റ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്.

20 വര്‍ഷം മുമ്പാണ് അനീഷും കുടുംബവും കല്ലാറ്റില്‍ താമസമാക്കിയത് .അച്ഛന്‍ രാജനും അമ്മ സബിതയും കൂലിപ്പണിക്കാരാണ്. ഇവരുടെ മൂന്നു മക്കളില്‍ ഇളയയാളാണ് അനീഷ്. ജ്യേഷ്ഠന്‍ വിവാഹം കഴിച്ച് മാറി താമസിക്കുകയാണ്. മൂത്ത സഹോദരിയുടെ വിവാഹവും കഴിഞ്ഞു. അച്ഛന്റെയും അമ്മയുടെയും താങ്ങും തണലും പ്രതീക്ഷയുമായി നിന്നിരുന്നത് അനീഷാണ്. ആ പ്രതീക്ഷയാണ് അക്രമികള്‍ വെട്ടി വീഴ്ത്തിയത്. കുമളി നെടുങ്കണ്ടം റോഡരികത്ത് കല്ലാറ്റില്‍ അഞ്ചുസെന്റ് ഭൂമി മാത്രമാണ് കുടുംബത്തിന് സ്വന്തമായുള്ളത്. പഠിക്കാന്‍ മിടുക്കനായ അനീഷ് പത്താംക്ലാസ് വരെ പഠിച്ചത് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്ക്കൂളിലാണ്. പ്ലസ് ടു കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലും. തുടര്‍ന്ന് ബി എ ഹിസ്റ്ററിക്ക് നെടുങ്കണ്ടത്ത് എംഇഎസ് കോളേജിലും ചേര്‍ന്നു. പിന്നീട് ഉപരിപഠനത്തിന്റെ മോഹങ്ങളുമായി നടന്ന അനീഷിനെ ഖദറിട്ട നരാധമന്‍ന്മാര്‍ വെട്ടി വീഴ്ത്തുകയായിരുന്നു. സ്ഥിരോത്സാഹിയും അധ്വാനിയും ആയിരുന്ന അനീഷ് കുടുംബത്തെ സഹായിക്കാന്‍ ചിലപ്പോള്‍ കൂലിപ്പണിക്കും പോകുമായിരുന്നു. ഇപ്പോള്‍ നെടുങ്കണ്ടം സഹകരണ ബാങ്കില്‍ രാത്രിയില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയായിരുന്നു.

നിരവധി പേര്‍ക്ക് ജീവന്റെ രക്തമായി

സ്വന്തം രക്തം ദാനംനല്‍കി നിരവധി ജീവനുകള്‍ രക്ഷിച്ചിട്ടുള്ള അനീഷ് രാജന്‍ രക്തം വാര്‍ന്ന് മരിച്ചത് നാടിന് തീരാനൊമ്പരമായി. താലൂക്ക് ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ അപകടങ്ങളില്‍പ്പെട്ട് ചികിത്സ തേടിയെത്തുന്ന നിരവധി പേര്‍ക്ക് രക്തം നല്‍കി സഹായിച്ചു. വിവിധ രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകള്‍ക്കും മറ്റുമായി എ ബി പോസിറ്റീവ് രക്തം തേടിയെത്തുന്നവരെ അനീഷ് സ്ഥിരമായി സഹായിച്ചിരുന്നു. ആളുകള്‍ ആവശ്യപ്പെടുമ്പോള്‍തന്നെ ആശുപത്രിയില്‍ എത്തി തന്റെ രക്തം നല്‍കാന്‍ ഈ ചെറുപ്പക്കാരന് ഒരു സങ്കോചവുമുണ്ടായിരുന്നില്ല. സാമൂഹ്യനന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവന്ന ഈ യുവജന-വിദ്യാര്‍ഥി നേതാവിന്റെ സേവന സന്നദ്ധതയില്‍ ഏവര്‍ക്കും മതിപ്പായിരുന്നു. തങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ രക്തം നല്‍കിയ നിസ്വാര്‍ഥനായ യുവാവ് കാപാലിക സംഘത്തിന്റെ കൊലക്കത്തിക്ക് ഇരയായി രക്തംവാര്‍ന്ന് മരിച്ചത് നാടിന് തീരാ നൊമ്പരമായി.

നാട് കണ്ണീരണിഞ്ഞു പ്രിയപുത്രന് വിട നല്‍കി

നാടിനും നാട്ടാര്‍ക്കും സര്‍വ സമ്മതനും സഹായിയുമായ പ്രിയപുത്രന്റെ നീഷ്ഠൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ചത് ഒറ്റ മനസോടെ. കോണ്‍ഗ്രസ് നേതാക്കളും സംഘവും അരുംകൊല ചെയ്ത വിദ്യാര്‍ഥി നേതാവിന്റെ മൃതദേഹം ഒരുനോക്ക് കാണാന്‍ നെടുങ്കണ്ടത്തും വീടായ കല്ലാറിലും എത്തിച്ചേര്‍ന്നത് ആയിരങ്ങള്‍ . നെടുങ്കണ്ടം ഏരിയ കമ്മിറ്റി ഓഫീസില്‍നിന്ന് വിലാപയാത്രയായി കല്ലാറിലെ വീട്ടില്‍ കൊണ്ടുവന്നപ്പോഴുള്ള കാഴ്ച ഹൃദയഭേദകമായി. അയല്‍വാസികളും ബന്ധുക്കളും സൃഹൃത്തുക്കളും അടങ്ങുന്ന വലിയ ജനവിഭാഗം വാവിട്ട് നിലവിളിച്ചു. കൊച്ചുകുട്ടികളുടെയും സ്ത്രീകളുടെയും കൂട്ട നിലവിളി അവിടെ കൂടിയ ആയിരങ്ങളെയും കരയിപ്പിച്ചു. യുവജനങ്ങള്‍ , വിദ്യാര്‍ഥികള്‍ , പാര്‍ടി പ്രവര്‍ത്തകര്‍ , പഠിച്ചിരുന്ന എംഇഎസ് കോളേജിലെ സുഹൃത്തുക്കള്‍ , അധ്യാപകര്‍ തുടങ്ങിയ വന്‍ ജനാവലി ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോബി ജോണി, പ്രസിഡന്റ് മജു ജോര്‍ജ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ഗോപകൃഷ്ണന്‍ , പ്രസിഡന്റ് നിശാന്ത് വി ചന്ദ്രന്‍ , സിപിഐ എം ജില്ലാ സെക്രട്ടറിഎം എം മണി, കെ കെ ജയചന്ദ്രന്‍ എംഎല്‍എ, സെക്രട്ടറിയറ്റംഗങ്ങളായ പി എന്‍ വിജയന്‍ , പി എസ് രാജന്‍ , കെ വി ശശി, പി എ രാജു, കെ എസ് മോഹനന്‍ , ജില്ലാ കമ്മിറ്റിയംഗങ്ങളായ എന്‍ കെ ഗോപിനാഥന്‍ , പി എം എം ബഷീര്‍ , എം വി ശശികുമാര്‍ , കെ ആര്‍ സോദരന്‍ , എന്‍ ശിവരാജന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് കൗന്തിയില്‍ അനുശോചന യോഗവും ചേര്‍ന്നു.

അനീഷിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണം: ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ നെടുങ്കണ്ടം വെസ്റ്റ് വില്ലേജ് സെക്രട്ടറിയും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റുമായ അനീഷ് രാജന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പി ടി തോമസ് എംപി രാഷ്ട്രീയ അഭയം നല്‍കുന്ന ഗുണ്ടകളുടെ പൈശാചിക ആക്രമണത്തിലാണ് അനീഷ് രാജന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തെതുടര്‍ന്ന് നെടുങ്കണ്ടത്ത് പല പ്രദേശങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ തമിഴ് തൊഴിലാളികള്‍ക്കെതിരെ വ്യാപക ആക്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച നെടുങ്കണ്ടം മഞ്ഞപ്പെട്ടി കാമാക്ഷിവിലാസം എസ്റ്റേറ്റിലെ തമിഴ്തൊഴിലാളികളെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. ആക്രമണത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കാനാണ് ഡിവൈഎഫ്ഐ നേതാവായ അനീഷ് സ്ഥലത്തെത്തിയത്. ഈ സമയത്താണ് ആയുധങ്ങളുമായി മുന്‍കൂട്ടി തയ്യാറായിരുന്ന ഗുണ്ടകള്‍ അനീഷിനെ കുത്തിവീഴ്ത്തിയത്.

മുല്ലപ്പെരിയാര്‍ പ്രശ്നം വഷളാക്കാന്‍ തമിഴ്-മലയാളം സംഘര്‍ഷമാക്കി മാറ്റാനും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ കുമളിയിലും മറ്റും ആസൂത്രിതമായ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമാണ് കുമളിയില്‍ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ തമിഴ് യാത്രക്കാരെയും തൊഴിലാളികളെയും ആക്രമിച്ച് ജില്ലയില്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത്. അധികാരത്തിന്റെ മറവില്‍ കോണ്‍ഗ്രസ് ജില്ലയിലാകെ വ്യാപക അക്രമങ്ങളാണ് നടത്തുന്നത്. മുട്ടത്ത് എസ്എഫ്ഐ പ്രവര്‍ത്തകരെ ഹോസ്റ്റലില്‍ കയറി ആക്രമിച്ച ഗുണ്ടകള്‍ പി ടി തോമസ് എംപിയുടെ വീട്ടിലാണ് അഭയം പ്രാപിച്ചത്. വിദ്യാര്‍ഥികളെ ആക്രമിച്ച ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. അനീഷിനെ കൊലപ്പെുത്തിയ ആക്രമിസംഘം മുമ്പ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം സോജന്‍ ജോസിനെ ആക്രമിച്ചിരുന്നു. നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം എന്‍ ഗോപിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ആക്രമണം അഴിച്ചുവിടുന്നത്. അനീഷ് രാജന്റെ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആക്രമിസംഘത്തെ അഴിച്ചുവിട്ടും യുവജനപ്രവര്‍ത്തകരുടെ ചോര വീഴ്ത്തിയും ജനകീയ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ഗോപകൃഷ്ണന്‍ , പ്രസിഡന്റ് നിശാന്ത് വി ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

അനീഷിന്റെ കൊല: സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായിരുന്ന അനീഷ് രാജന്റെ കൊലപാതകം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെ കെ ജയചന്ദ്രന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരാള്‍ ആശുപത്രിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നെടുങ്കണ്ടം സിഐയ്ക്കാണ് അന്വേഷണച്ചുമതലയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അനീഷിനെ അക്രമികള്‍ കുത്തിക്കൊന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയമുയര്‍ന്നിരുന്നു. ഭരണത്തിന്റെ തണലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

deshabhimani 200312

2 comments:

  1. മുല്ലപ്പെരിയാറിന്റ പേരില്‍ ഇരുസംസ്ഥാനത്തെയും ജനതയെ തമ്മിലടിപ്പിക്കുന്ന കോണ്‍ഗ്രസ് ക്രിമിനലുകളുടെ ആക്രമണ പരമ്പര അറിഞ്ഞെത്തിയ എസ്എഫ്ഐ നേതാവിന്റ അരുംകൊല നാടിനെ നടുക്കി. മാരകായുധങ്ങളുമായി ലയങ്ങളിലെത്തി തൊഴിലാളികള്‍ക്കുനേരെ ആക്രമണം നടത്തിയത് അന്വേഷിക്കാനെത്തിയ ഉശിരനായ വിദ്യാര്‍ഥി നേതാവിനെയാണ് നാടിന് നഷ്ടമായത്. എസ്എഫ്ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷ് രാജനെ(25)യാണ് ഞായറാഴ്ച രാത്രി കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ക്രമിനലുമായ അറയ്ക്കപ്പറമ്പില്‍ അഭിലാഷിന്റെയും രൂപേഷിന്റെയും നേതൃത്വത്തിലെത്തിയ സംഘമാണ് അനീഷിനെ നെടുങ്കണ്ടം മഞ്ഞപ്പെട്ടി കാമാക്ഷി വിലാസം എസ്റ്റേറ്റില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. തോട്ടം തൊഴിലാളികളോടും പ്രവര്‍ത്തകരോടും സംസാരിച്ചുനില്‍ക്കവെ ഇരുളിന്റെ മറവിലെത്തിയ സംഘം പിന്നില്‍നിന്ന് കുത്തി വീഴ്ത്തുകയായിരുന്നു.

    ReplyDelete
  2. എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ്പ്രസിഡന്റായിരുന്ന അനീഷ് രാജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഗുരുവായൂരപ്പന്‍ കോളേജില്‍ പ്രതിഷേധ പ്രകടനത്തിന് നേരെ കെഎസ്യു നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥിനിയുള്‍പ്പെടെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കെഎസ്യു പ്രവര്‍ത്തകരായ വിപിന്‍ , വിശാഖ്, ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പസിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനായി വീണ്ടും അക്രമം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തക പി അഖിലക്ക് തലയ്ക്കാണ് സാരമായി പരിക്കേറ്റത്. അക്രമം തടയാന്‍ ശ്രമിച്ച എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഖിലേഷ്, ശ്രീജിന്‍ , ബിപിന്‍ദാസ് എന്നിവര്‍ക്കും മര്‍ദനമേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരണത്തിന്റെ ഹുങ്കില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ കെഎസ്യു നടത്തുന്ന ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി. ആക്രമണത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റും സൗത്ത് ഏരിയാ കമ്മിറ്റിയും പ്രതിഷേധിച്ചു.

    ReplyDelete