കെ ദാസന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ അക്രമിച്ച സി ഐ ഹരിദാസിനെതിരെ നടപടി എടുക്കാത്തതില്‍ സഭയില്‍ വന്‍പ്രതിഷേധം. ഇത് സംബന്ധിച്ച് കെ ദാസന്‍ ഉന്നയിച്ച സബ്മിഷന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചു. ഡിവൈഎസ്പി ആവശ്യപ്പെട്ടിട്ടാണ് താന്‍ സ്റ്റേഷനില്‍ പോയതെന്ന് കെ ദാസന്‍ സബ്മിഷനില്‍ വ്യക്തമാക്കി. 2010ലെ ഒരു കേസിന്റെ പേരില്‍ 2012ല്‍ ഒരാളെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടിയിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്ത് തീര്‍ക്കണമെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടു. ഇതുപ്രകാരം എംഎല്‍എ എന്ന നിലയിലാണ് അവിടെ എത്തിയത്. എന്നാല്‍ , തന്നെയും മുനിസിപ്പല്‍ ചെയര്‍പേഴ്സണെയും ഉള്‍പ്പെടെ പൊലീസ് മര്‍ദിച്ചുവെന്നും ദാസന്‍ പറഞ്ഞു. ചോരയും ചെളിയും പുരണ്ട ഷര്‍ട്ടും ദാസന്‍ ഉയര്‍ത്തിക്കാട്ടി.
എന്നാല്‍ , ദാസന്‍ പറഞ്ഞതിന് കടകവിരുദ്ധമായ കാര്യമാണ് തനിക്ക് കിട്ടിയതെന്നായി മുഖ്യമന്ത്രി. അതുകൊണ്ട് വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനമെടുക്കാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎല്‍എയെ പൊലീസ് മൃഗീയമായി തല്ലിയ പ്രശ്നത്തെ പോലും ഇത്ര ലാഘവത്തോടെ മുഖ്യമന്ത്രി കൈകാര്യംചെയ്താല്‍ എങ്ങനെ അംഗങ്ങള്‍ക്ക് സംരക്ഷണം കിട്ടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. സിഐയെ ഉടന്‍ സസ്പെന്‍ഡുചെയ്യണം. എല്‍ഡിഎഫ് ഭരണകാലത്ത് ടി എന്‍ പ്രതാപന്‍ എംഎല്‍എയെ പൊലീസ് കൈയേറ്റം ചെയ്തുവെന്ന പരാതി ഉയര്‍ന്ന അന്ന് തന്നെ നടപടി എടുത്തു. എന്നാല്‍ , ദാസന്റെ പരാതിയില്‍ ഇനിയും റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എംഎല്‍എമാര്‍ക്ക് ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥയെന്താകുമെന്നും കോടിയേരി ചോദിച്ചു. പൊലീസിനെ കയറൂരി വിട്ടിരിക്കയാണ്. സ്പീക്കര്‍ എങ്കിലും അംഗങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സ്പീക്കര്‍ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ സഭാസമ്മേളനം തീരുന്നതിനുമുമ്പ് മറുപടി പറയുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പരാതി നല്‍കിയ എംഎല്‍എയെ പരിഹസിക്കുന്ന തരത്തില്‍ പെരുമാറിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി 23നകം മറുപടി നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് സഭ ശാന്തമായത്.
deshabhimani 210312
No comments:
Post a Comment