മന്ത്രിമാര്‍ , നിയമസഭാ സ്പീക്കര്‍ , ഡെപ്യൂട്ടി സ്പീക്കര്‍ , പ്രതിപക്ഷനേതാവ്, ചീഫ്വിപ്പ്, നിയമസഭാംഗങ്ങള്‍ എന്നിവരുടെ ശമ്പളവും ബത്തകളും പരിഷ്കരിക്കല്‍ , നിയമസഭയിലെ മുന്‍ അംഗങ്ങളുടെ പെന്‍ഷനും ബത്തകളും വര്‍ധിപ്പിക്കല്‍ ബില്ലുകള്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ഇരു ബില്ലും പരിഗണനയ്ക്കെടുത്ത സഭ ഇന്നലെ ചര്‍ച്ചകൂടാതെ ഏകകണ്ഠമായി സബ്ജക്ട് കമ്മിറ്റിക്കു വിടാന്‍ തീരുമാനിച്ചു. രണ്ടു മിനിറ്റിനുള്ളില്‍ ഇതിന്റെ നടപടിക്രമം അവസാനിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബില്ലുകള്‍ അവതരിപ്പിച്ചത്.
ശമ്പളവും ബത്തകളും നല്‍കല്‍ (രണ്ടാം ഭേദഗതി) ബില്‍പ്രകാരം മന്ത്രിമാര്‍ , സ്പീക്കര്‍ , ഡെപ്യൂട്ടി സ്പീക്കര്‍ , പ്രതിപക്ഷനേതാവ്, ചീഫ്വിപ്പ് എന്നിവരുടെ നിയോജകമണ്ഡല ബത്ത പ്രതിമാസം 7500 രൂപയില്‍നിന്ന് 12000 രൂപയായി വര്‍ധിപ്പിക്കും. ഇവരുടെ വാഹനബത്ത പ്രതിമാസം 5000 രൂപയില്‍നിന്ന് 15,000 രൂപയായി ഉയര്‍ത്തും. ഇവരുള്‍പ്പെടെ എല്ലാ നിയമസഭാംഗങ്ങള്‍ക്കുമുള്ള അപകട ഇന്‍ഷുറന്‍സ് കവറേജ് രണ്ടു ലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തും. നിയമസഭാംഗങ്ങളുടെ സ്ഥിരബത്ത പ്രതിമാസം 300 രൂപയില്‍നിന്ന് 1000 രൂപയായി വര്‍ധിപ്പിക്കും. നിയോജകമണ്ഡലബത്ത പ്രതിമാസം 5000 രൂപയില്‍നിന്ന് 12000 രൂപയായി ഉയര്‍ത്തും. അംഗങ്ങള്‍ക്ക് സംസ്ഥാനത്തിനകത്തുള്ള യാത്രാബത്ത പ്രതിമാസം 10,000 രൂപയില്‍നിന്ന് 15,000 രൂപയായാണ് വര്‍ധിപ്പിക്കുന്നത്. ടെലിഫോണ്‍ ബത്ത പ്രതിമാസം 5000 രൂപയില്‍നിന്ന് 7500 രൂപയാക്കും. ഓരോ അംഗത്തിന്റെയും സ്റ്റാഫിന് പ്രതിമാസം 10,000 രൂപ സ്റ്റാഫ്ബത്തയായി നല്‍കണം. എംഎല്‍എമാര്‍ക്ക് പലിശരഹിതമായി പരമാവധി അഞ്ചു ലക്ഷം രൂപവരെ വാഹനവായ്പയും കുറഞ്ഞ പലിശനിരക്കില്‍ 10 ലക്ഷം രൂപവരെ ഭവനനിര്‍മാണ വായ്പയും അനുവദിക്കും.
മന്ത്രിമാര്‍ , സ്പീക്കര്‍ , ഡെപ്യൂട്ടിസ്പീക്കര്‍ , പ്രതിപക്ഷനേതാവ്, ചീഫ്വിപ്പ് എന്നിവര്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് എട്ടു രൂപയില്‍നിന്ന് പത്ത് രൂപയായും സംസ്ഥാനത്തിനകത്ത് താമസത്തിനുള്ള ദിനബത്ത 600 രൂപയില്‍നിന്ന് 750 രൂപയായും സംസ്ഥാനത്തിനു പുറത്ത് 700 രൂപയില്‍നിന്ന് 900 രൂപയായും കൂട്ടും. എംഎല്‍എമാര്‍ക്ക് സംസ്ഥാനത്തിനകത്ത് യാത്രാബത്തയും ദിനബത്തയും യഥാക്രമം കിലോമീറ്ററിന് ആറു രൂപയില്‍നിന്ന് ഏഴു രൂപയായും 500 രൂപയില്‍നിന്ന് 750 രൂപയായും കൂട്ടും. സംസ്ഥാനത്തിനു പുറത്ത് ദിനബത്ത 600 രൂപയില്‍നിന്ന് 900 രൂപയായാണ് ഉയര്‍ത്തുന്നത്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ അംഗങ്ങള്‍ക്ക് 7000 രൂപയും അതിനു താഴെയായാല്‍ 6000 രൂപയും പെന്‍ഷന്‍ ലഭിക്കും. മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ 8000 രൂപയും നാലു വര്‍ഷം പൂര്‍ത്തിയായാല്‍ 9000 രൂപയും അഞ്ചു വര്‍ഷം പൂര്‍ത്തിയായാല്‍ 10,000 രൂപയും കിട്ടും. അഞ്ചുവര്‍ഷത്തിനു മേലുള്ള ഓരോ വര്‍ഷത്തിനും പ്രതിമാസം 750 രൂപ അധികപെന്‍ഷനായി നല്‍കണം.
deshabhimani 210312
No comments:
Post a Comment