Saturday, March 10, 2012

'എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിട ഭൂമി' പിറവത്ത് ചെലവാക്കാനൊരു കളളനാണയം

മോഹനവാഗ്ദാനങ്ങളുമായി ഇന്നലെ ചില പത്രങ്ങളില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേതായി പ്രത്യക്ഷപ്പെട്ട പരസ്യം പിറവം ഉപതിരഞ്ഞെടുപ്പില്‍ ചെലവാക്കാനായി തയ്യാറാക്കിയ കളളനാണയമായിരുന്നുവെന്ന് തെളിഞ്ഞു.

'കേരളം ചരിത്രം തിരുത്തുന്നു, എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിട ഭൂമി നല്‍കുന്നു' എന്ന ആകര്‍ഷകമായ പരസ്യത്തില്‍ എല്ലാ വില്ലേജ്  ഓഫീസുകളില്‍ നിന്നും ഇന്നലെ മുതല്‍ ഇതിനാവശ്യമായ അപേക്ഷ ഫാറങ്ങള്‍ അഞ്ചുരൂപ നിരക്കില്‍ ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പരസ്യം വിശ്വസിച്ച് വില്ലേജാഫീസുകളില്‍ ചെന്ന സാധാരണക്കാര്‍ ഇളിഭ്യരായി മടങ്ങി. ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ഒരു വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കൈമലര്‍ത്തിയ വില്ലേജ് ഓഫീസുകളിലെ ഉദ്യോഗസ്ഥരോട് പത്ര പരസ്യത്തിന്റെ ഉളളടക്കം പറഞ്ഞുമനസ്സിലാക്കേണ്ട ബാദ്ധ്യതയും ഫോറം ചോദിക്കാന്‍ ചെന്നവര്‍ക്കായി. എറണാകുളം ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ചെന്നവര്‍ക്ക് പിറവം തിരഞ്ഞെടുപ്പ് കഴിയണം എന്ന മറുപടി കേട്ട് മടങ്ങേണ്ടതായിവന്നു.

തൃശൂര്‍ ജില്ലയിലെ ഒരു വില്ലേജ് ഓഫീസിലും ഫോറമില്ല. ഇനി ഫോറം എത്തിയാല്‍ത്തന്നെ പത്രപരസ്യത്തിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാനുമാവില്ല. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് ആവശ്യമായ വിശദീകരണവും നിര്‍ദ്ദേശവും വേണം. വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിശീലനം കൊടുക്കണം. എങ്ങനെയായാലും അതിനൊക്കെ കാലതാമസം എടുക്കും- ഒരു ജില്ലാ അധികാരി പറഞ്ഞു. അപ്പോള്‍ ഫോറം ഇന്നലെ മുതല്‍ വില്ലേജ് ഓഫീസുകളില്‍ ലഭിക്കുമെന്ന പരസ്യത്തിന്റെ അര്‍ത്ഥം ? അത് അദ്ദേഹത്തിനറിയില്ല.
പാലക്കാട്, മലപ്പുറം ജില്ലകളിലെ ചില വില്ലേജ് ഓഫീസുകളില്‍ ഫോറം വന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ വിതരണവുമുണ്ട്. ഈ ജില്ലകളിലൊന്നിലെ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥന്‍ മോഹനവാഗ്ദാനത്തിനു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ വെളിപ്പെടുത്തി.

സംസ്ഥാനത്ത് പാര്‍പ്പിടഭൂമി ആവശ്യമുളള കുടുംബങ്ങളെത്ര എന്നൊരു കണക്കെടുപ്പേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുളളൂ ഇങ്ങനെയൊരു കണക്കെടുപ്പിന് സര്‍ക്കാര്‍ വകുപ്പ് മുതിര്‍ന്നാല്‍ കാലതാമസമുണ്ടാവും. പണച്ചെലവുമുണ്ടാവും. കൃത്യമായ കണക്ക് കിട്ടണമെന്നുമില്ല. ഇതാവുമ്പോള്‍ സ്വന്തമായി പാര്‍പ്പിട ഭൂമിയില്ലാത്തവര്‍ ഫോറം പൂരിപ്പിച്ച് തരും. കൃത്യമായ കണക്കും കിട്ടും. സര്‍ക്കാരിന് കൈ നഷ്ടം വരുന്നില്ലെന്ന് മാത്രമല്ല ഫോറം വിലയായിക്കിട്ടുന്ന 5 രൂപ ലാഭവും. കൂടുതല്‍ അന്വേഷണത്തില്‍ യഥാര്‍ത്ഥ ചിത്രം തെളിഞ്ഞുവന്നു. സംസ്ഥാനത്തെ പാര്‍പ്പിട ഭൂമിയില്ലാത്ത മുഴുവന്‍ പേര്‍ക്കും കൊടുക്കാന്‍ സര്‍ക്കാരിന്റെ കൈവശം ഭൂമിയുണ്ടോ? ഇല്ല. ഈ സര്‍ക്കാര്‍ തട്ടിപ്പിനെതിരെ കര്‍ഷകത്തൊഴിലാളികള്‍ സമര രംഗത്തിറങ്ങുകയാണെന്ന് ബി കെ എം യു സംസ്ഥാന കമ്മിറ്റി അംഗം പി എം നുറുദീന്‍ കൈപ്പമംഗലത്ത് പറഞ്ഞു.
(ബേബി ആലുവ)

janayugom 100312

1 comment:

  1. മോഹനവാഗ്ദാനങ്ങളുമായി ഇന്നലെ ചില പത്രങ്ങളില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേതായി പ്രത്യക്ഷപ്പെട്ട പരസ്യം പിറവം ഉപതിരഞ്ഞെടുപ്പില്‍ ചെലവാക്കാനായി തയ്യാറാക്കിയ കളളനാണയമായിരുന്നുവെന്ന് തെളിഞ്ഞു.

    ReplyDelete