Saturday, March 10, 2012

തീവണ്ടികളില്‍ ഇല്ലാത്തത് രാജവെമ്പാല മാത്രം: ടി പത്മനാഭന്‍

കണ്ണൂര്‍ : ഏതു സമയത്തും സ്ത്രീകള്‍ക്ക് തീവണ്ടികളില്‍ യാത്രചെയ്യാവുന്ന അവസ്ഥ ഉണ്ടാകണമെന്ന് ടി പത്മനാഭന്‍ . കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ രാജവെമ്പാല ഒഴികെ മറ്റെല്ലാമുണ്ട്. ടിക്കറ്റ് ചാര്‍ജിനൊപ്പം ഭക്ഷണത്തിന്റെ കാശും വാങ്ങുന്ന രാജധാനിപോലുള്ള വണ്ടികളിലെ ഭക്ഷണം കഴിച്ച് മരണം സംഭവിക്കാതിരുന്നാല്‍ ഭാഗ്യമെന്നതാണ് നില- ഡിവൈഎഫ്ഐ കണ്ണൂരില്‍ സംഘടിപ്പിച്ച തീവണ്ടിയാത്ര അലര്‍ട്ട് മാര്‍ച്ചും ജാഗ്രതസദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീവണ്ടിയാത്രയിലെ മോശം അനുഭവങ്ങളെക്കുറിച്ച് കൂടുതലായി കേട്ടുതുടങ്ങിയത് അടുത്തകാലത്താണ്. ട്രെയിനില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കുവേണ്ടിയും ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തി. മാനാപമാന ചിന്തയില്ലാതെ ഇത്തരത്തില്‍ ഓരോ സംഘടനകള്‍ സംരക്ഷിക്കാനുണ്ടായാല്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ കഴിയില്ല. ലേഡീസ് കംപാര്‍ട്ട്മെന്റുകള്‍ വണ്ടികളുടെ മധ്യഭാഗത്താക്കണമെന്ന ചേതമില്ലാത്ത കാര്യം ചെയ്യാന്‍ പോലും റെയില്‍വേക്ക് മനസില്ല. പാലക്കാട് കോച്ചു ഫാക്ടറി പണിയുമെന്ന് കേള്‍ക്കുന്നുണ്ട്. ഇവിടെ ആധുനിക കോച്ചുകള്‍ നിര്‍മിക്കണമെന്ന ആഗ്രഹമുണ്ട്- അദ്ദേഹം പറഞ്ഞു.

"ട്രെയിന്‍യാത്ര സുരക്ഷക്കായി കൈകോര്‍ക്കുക" എന്ന സന്ദേശമുയര്‍ത്തിയാണ് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി റെയില്‍വേസ്റ്റേഷനിലേക്ക് അലര്‍ട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. നൂറുകണക്കിന് വനിതകള്‍ ഉള്‍പ്പെടെ മാര്‍ച്ചില്‍ അണിനിരന്നു. സംസ്ഥാന കമ്മിറ്റി അംഗം ബിനോയ് കുര്യന്‍ പ്രതിജ്ഞാവാചകം ചൊല്ലി. ടി കെ സുലേഖ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം എന്‍ സുകന്യ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സന്തോഷ് സ്വാഗതം പറഞ്ഞു.

deshabhimani 100312

No comments:

Post a Comment