Wednesday, March 21, 2012

മുല്ലപ്പെരിയാര്‍ : സംസ്ഥാനതാല്‍പ്പര്യം യുഡിഎഫ് തകര്‍ക്കുന്നു

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരള താല്‍്പര്യങ്ങളെ തകര്‍ത്തെറിയുന്നു. തമിഴ്നാടിനെ സഹായിക്കുന്ന നിലപാടാണ് തുടരെ യുഡിഎഫ് സ്വീകരിക്കുന്നത്. ഇതിന്റെ ഒടുവിലെ തെളിവാണ് സംരക്ഷണ അണക്കെട്ടെന്ന ബജറ്റ് പ്രഖ്യാപനം. മുല്ലപ്പെരിയാര്‍ കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ ഉമ്മന്‍ചാണ്ടി അധികാരത്തിലേറിയ ഉടന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ സ്ഥലം മാറ്റിയത് മുതല്‍ സര്‍ക്കാരിന്റെ വഞ്ചന തുടരുന്നു. ഒരു വര്‍ഷം തികയാന്‍ ആഴ്ചകള്‍ ബാക്കിയിരിക്കെ സര്‍ക്കാര്‍ നടത്തിയ അട്ടിമറികള്‍ നിരവധി. അഞ്ച് വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തുവച്ച കാര്യങ്ങള്‍ ആസൂത്രിതമായാണ് തമിഴ്നാടിനനുകൂലമാക്കിയത്. അടിക്കടിയുള്ള ഭൂചലനങ്ങള്‍ അണക്കെട്ടിനെ ഗുരുതരമായി ബാധിക്കുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ വഞ്ചന.

2001-2006 കാലയളവില്‍ എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരിക്കെ പ്രശ്നത്തില്‍ കോടതിയില്‍ നിന്നുള്‍പ്പെടെ കേരളത്തിന് തുടരെ തിരിച്ചടിയാണ് ലഭിച്ചത്. 2006ല്‍ എല്‍ഡിഎഫ് വന്നതോടെ മുല്ലപ്പെരിയാര്‍ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്നം ഇരുസംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുന്ന സ്ഥിതിവന്നു. ഇതെല്ലാം യുഡിഎഫ് അട്ടിമറിക്കുന്നു. മുല്ലപ്പെരിയാറില്‍ നിര്‍മിക്കുന്ന പുതിയ അണക്കെട്ടിന്റെ സമ്പൂര്‍ണ നിയന്ത്രണം ഇതുവരെയും കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവന വിവാദമായി. പുതിയ അണക്കെട്ടില്‍ നിന്നും ഒരുതുള്ളി വെള്ളം പോലും കേരളത്തിന് വേണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി പി ജെ ജോസഫിന്റെയും നിലപാടും സംശയമുണര്‍ത്തി. ജലനിരപ്പ് 136 അടി പിന്നിടുമ്പോള്‍ ഇടുക്കിയിലേക്കാണ് ഒഴുകുന്നത്. ഇങ്ങനെ അഞ്ച് ശതമാനം വെള്ളം കേരളത്തിന് ലഭിക്കുന്നുണ്ട്. കേരളത്തിന് ലഭ്യമായിക്കൊണ്ടിരിക്കുന്ന ജലാവകാശം സ്വമേധയാ വേണ്ടെന്നാണ് യുഡിഎഫ് പറയുന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് 2010 ഒക്ടോബര്‍ 15ന് അണക്കെട്ടിന്റെ സമ്പൂര്‍ണ നിയന്ത്രണം കേരളത്തിന് വേണമെന്ന് എഴുതി നല്‍കി. 1886ലെ പെരിയാര്‍ പാട്ടക്കരാറിന്റെ നിയമസാധുത സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേരളം ഭംഗിയായി കാര്യങ്ങള്‍ അവതരിപ്പിച്ച് അന്തിമ വിധി വരാനിരിക്കെ പാട്ടക്കരാറിന് നിയമസാധുതയുണ്ടെന്ന ജനുവരിയില്‍ തിരുവഞ്ചൂര്‍ നടത്തിയ നിരീക്ഷണവും സംശയം ഉയര്‍ത്തുന്നുണ്ട്.സ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി താങ്ങുമെന്നും 450 കുടുംബങ്ങളെയേ ബാധിക്കൂ എന്നും അഡ്വക്കേറ്റ് ജനറലിനെ കൊണ്ട് ഹൈക്കോടതയില്‍ സത്യവാങ്മൂലം നല്‍കിച്ചു. ഇത് തമിഴ്നാട് നന്നായി ഉപയോഗിച്ചു. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകാന്‍ കാര്യങ്ങളറിയാത്ത അഭിഭാഷകനെ വച്ചതും സംശയമുണ്ടാക്കി. പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ കൈയേറ്റക്കാരാണെന്ന തമിഴ്നാടിന്റെ വാദം അംഗീകരിച്ചുകൊണ്ട് തീരവാസികള്‍ക്ക് നോട്ടീസ് നല്‍കിയതും വിവാദമായി.

ഭൂചലന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടുമായി ബന്ധപ്പെട്ട് ആറ് ഭൂകമ്പ മാപിനികള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ മൂന്ന് കോടി രൂപ ചെലവഴിയ്ക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചതും. നിലവിലുള്ള ഭൂകമ്പമാപിനികളെ ഡിജിറ്റലാക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനവും പാഴായി. 300 കിലോമീറ്റര്‍ ചുറ്റളവിലെ ചെറു ചലനങ്ങള്‍ പോലും അണക്കെട്ടിനെ ബാധിക്കുമെന്ന റിപ്പോര്‍ട്ട് നിലനില്‍കെ തുടര്‍ ചലനങ്ങള്‍ ഭീതിയുണര്‍ത്തുന്നു. എന്നാല്‍ മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ മുല്ലപ്പെരിയാറിന്റെ കാര്യത്തിലും യുഡിഎഫ് സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടുന്നത്. റിക്ടര്‍ സ്കെയിലില്‍ 6.5 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകാന്‍ സാധ്യതയുള്ള സോണ്‍ മൂന്നിലാണ് കേരളം ഉള്‍പ്പെടുന്നത്.

deshabhimani 210312

No comments:

Post a Comment