Saturday, March 3, 2012

പിറവത്ത് ജനസാഗരം തീര്‍ത്ത് റാലി


എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്ന പ്രഖ്യാപനമായി ആയിരങ്ങള്‍ ആവേശപൂര്‍വം അണിനിരന്ന പടുകൂറ്റന്‍പ്രകടനവും പൊതുസമ്മേളനവും. പിറവം സെന്റ് ജോസഫ് സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച മനുഷ്യമഹാനദിയില്‍ തിരയടിച്ചത്് തെളിനീരുപോലെ നിഷ്കളങ്കനായ എം ജെയുടെ വിജയകാഹളം. പിറവത്തിന്റെ മനസ്സ് ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് ഈ മനുഷ്യമഹാപ്രവാഹം മറുപടിയായി.

വന്‍തോതില്‍ വീട്ടമ്മമാര്‍ പങ്കെടുത്ത പ്രകടനം മുഴക്കിയ മുദ്രാവാക്യങ്ങളില്‍ ഏറെയും ജീവിതം ദുസ്സഹമാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളായിരുന്നു. ഇത്രയധികം സ്ത്രീകള്‍ പങ്കെടുത്ത പ്രകടനം ഇക്കാര്യത്തില്‍ പിറവത്തിന് പുതുചരിത്രംതന്നെ സമ്മാനിച്ചു. ചുവപ്പുവസ്ത്രം അണിഞ്ഞ ബാന്‍ഡ്മേളസംഘത്തിനുപിന്നില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആബാലവൃദ്ധം അണിനിരന്നതോടെ അണപൊട്ടിയൊഴുകിയ മനുഷ്യപ്രവാഹം സമ്മേളനവേദിയായ പിഷാരുകോവില്‍ മൈതാനത്തേക്കു നീങ്ങി. മണ്ഡലത്തിലെ വികസനനായകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിനോട് ജനതയ്ക്കുള്ള സ്നേഹവായ്പ് മുദ്രാവാക്യങ്ങളില്‍ മുഴങ്ങിനിന്നു. ഒപ്പം യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് തിരിച്ചടി നല്‍കാനുള്ള ആദ്യഅവസരമായി ഉപതെരഞ്ഞെടുപ്പിനെ മാറ്റുമെന്ന പിറവംജനതയുടെ താക്കീതും പ്രകടനത്തില്‍ ഇരമ്പിനിന്നു. ഒരുപോയിന്റ് പിന്നിടാന്‍ മുക്കാല്‍ മണിക്കൂറോളം എടുത്ത പ്രകടനം ആറുമണിയോടെ പിഷാരുകോവില്‍ മൈതാനത്തേക്ക് എത്തുംമുമ്പ് മൈതാനം നിറഞ്ഞിരുന്നു. പ്രകടനം കൂടിയെത്തിയതോടെ പ്രദേശമാകെ ജനനിബിഡമായി. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെ വര്‍ധിത ആവേശം നിറഞ്ഞുനിന്ന ഹര്‍ഷാരവങ്ങളോടെ എഴുന്നേറ്റുനിന്നാണ് ജനക്കൂട്ടം ആനയിച്ചത്. കാതടപ്പന്‍ കൈയടിയും സ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായാണ് എം ജെയെ വേദിയിലേക്കു വരവേറ്റത്.

ആറുമണിക്കു തുടങ്ങിയ സമ്മേളനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ കെ എന്‍ ഗോപി അധ്യക്ഷ്യനായി. സ്ഥാനാര്‍ഥി എം ജെ ജേക്കബ്, സിപിഐ അസി. സെക്രട്ടറി കെ ഇ ഇസ്മയില്‍ , ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ , ജനതാദള്‍ എസ് നേതാവ് ജോസ് തെറ്റയില്‍ എംഎല്‍എ, എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ , കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ്, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ സംസാരിച്ചു. ഇലക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി എസ് മോഹനന്‍ സ്വാഗതവും ട്രഷറര്‍ ഒ എന്‍ വിജയന്‍ നന്ദിയും പറഞ്ഞു. ഇ പി ജയരാജന്‍ , എ വിജയരാഘവന്‍ , എം എ ബേബി, ഡോ. ടി എം തോമസ് ഐസക്, എം വി ഗോവിന്ദന്‍ , എ കെ ബാലന്‍ , ആനത്തലവട്ടം ആനന്ദന്‍ , കെ എന്‍ ബാലഗോപാല്‍ , പി രാജീവ്, സി എന്‍ ചന്ദ്രന്‍ , ജോസ് ബേബി, കെ ആര്‍ ചന്ദ്രമോഹന്‍ , ജോര്‍ജ് ഇടപ്പരത്തി, ഇ എ കുമാരന്‍ , സാബു ജോര്‍ജ്, ടി പി അബ്ദുള്‍ അസീസ്, ബി എ അഷ്റഫ്, ജോര്‍ജ് സ്റ്റീഫന്‍ എന്നീ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

ആനന്ദ് ശിവന്‍ deshabhimani 040312

1 comment:

  1. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്ന പ്രഖ്യാപനമായി ആയിരങ്ങള്‍ ആവേശപൂര്‍വം അണിനിരന്ന പടുകൂറ്റന്‍പ്രകടനവും പൊതുസമ്മേളനവും. പിറവം സെന്റ് ജോസഫ് സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച മനുഷ്യമഹാനദിയില്‍ തിരയടിച്ചത്് തെളിനീരുപോലെ നിഷ്കളങ്കനായ എം ജെയുടെ വിജയകാഹളം. പിറവത്തിന്റെ മനസ്സ് ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് ഈ മനുഷ്യമഹാപ്രവാഹം മറുപടിയായി.

    ReplyDelete