Monday, March 19, 2012

നോയ്ഡയില്‍ സമരം ചെയ്യുന്ന നേഴ്സുമാരെ ശ്രീമതിയും ജോസഫൈനും സന്ദര്‍ശിച്ചു

നോയ്ഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ സമരം ചെയ്യുന്ന മലയാളി നേഴ്സുമാരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതിയും എം സി ജോസഫൈനും സന്ദര്‍ശിച്ചു. വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാനൂറോളം നേഴ്സുമാര്‍ വ്യാഴാഴ്ചയാണ് സമരം തുടങ്ങിയത്. സമരം അടിച്ചമര്‍ത്താനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. നേഴ്സുമാരെ ശനിയാഴ്ച രാവിലെ പൊലീസിനെ ഉപയോഗിച്ച് ആശുപത്രിയില്‍നിന്ന് 200 മീറ്ററോളം ദൂരേക്ക് നീക്കി. ആറ് വനിതാ നേഴ്സുമാരെ പിരിച്ചുവിടുകയും ചെയ്തു. 15 നേഴ്സുമാരെ രണ്ടുദിവസം മുമ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. മറ്റ് ആശുപത്രികളില്‍നിന്ന് നേഴ്സുമാരെ കൊണ്ടുവന്നാണ് മാനേജ്മെന്റ് ആശുപത്രി പ്രവര്‍ത്തനം നടത്തുന്നത്. സിപിഐ എം നേതാക്കളെ മുദ്രാവാക്യം വിളിയോടെയാണ് നേഴ്സുമാര്‍ സ്വീകരിച്ചത്.

നേഴ്സുമാര്‍ നടത്തുന്നത് ജീവിക്കാനുള്ള ധര്‍മസമരമാണെന്ന് പി കെ ശ്രീമതി പറഞ്ഞു. ആശുപത്രി ഗേറ്റിന് മുന്നില്‍നിന്ന് നേഴ്സുമാരെ ബലമായി നീക്കിയത് പ്രതിഷേധാര്‍ഹമാണ്. നേതാക്കള്‍ സമരത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനംചെയ്തു. പ്രശ്നത്തില്‍ അടിയന്തരമായി ഇടപടണമെന്ന് സ്ഥലത്തെത്തിയ ഉത്തര്‍പ്രദേശ് തൊഴില്‍ വകുപ്പ് അധികൃതരോട് പി കെ ശ്രീമതി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച നേഴ്സുമാര്‍ നിവേദനം നല്‍കി. പ്രശ്നപരിഹാരത്തിനായി കേന്ദ്ര ആരോഗ്യമന്ത്രിയേയും യുപി ആരോഗ്യമന്ത്രിയേയും ബന്ധപ്പെടുമെന്ന് വി എസ് ഉറപ്പുനല്‍കി. നൈറ്റ് അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യം നല്‍കണമെന്നും രോഗികളുടെയും നേഴ്സുമാരുടെയും എണ്ണത്തിലുള്ള അനുപാതം പുനര്‍ക്രമീകരിക്കണമെന്നും നേഴ്സുമാര്‍ ആവശ്യപ്പെട്ടു.

നേഴ്സുമാരുടെ അറസ്റ്റ്: ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി

കൊച്ചി: ലേക്ഷോര്‍ ആശുപത്രിയില്‍ സമരത്തിലായിരുന്ന മുന്നൂറോളം നേഴ്സുമാരെ അന്യായമായി അറസ്റ്റ്ചെയ്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. ഞായറാഴ്ച രാവിലെ 10ന് മാടവന ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ആശുപത്രിക്കു സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്നു ചേര്‍ന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് ടി വി അനിത ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍ , പ്രസിഡന്റ് പി വാസുദേവന്‍ , കെ ടി സൈഗാള്‍ , എ ജി ഉദയകുമാര്‍ , എസ് സതീഷ്, പി എസ് വിജു, ടി എസ് നൗഷാദ്, എ വി വിജു, ലൈജു എന്നിവര്‍ സംസാരിച്ചു.
ശനിയാഴ്ച വൈകിട്ട് അഞ്ചിനു ശേഷമാണ് സമരത്തിലായിരുന്ന നേഴ്സുമാരെ അറസ്റ്റ്ചെയ്തത്. അര്‍ധരാത്രിയോടെ വിട്ടയച്ചു. ഞായറാഴ്ച രാവിലെ നേഴ്സുമാര്‍ വീണ്ടും ആശുപത്രിക്കു മുന്നില്‍ സമരം ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) തീരുമാനം. ആശുപത്രി ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ യുഎന്‍എ ആസൂത്രണം ചെയ്യുന്നുണ്ട്. പിഡിപി, സോളിഡാരിറ്റി എന്നീ സംഘടനകളും ഞായറാഴ്ച സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തി.

deshabhimani 190312

2 comments:

  1. നോയ്ഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ സമരം ചെയ്യുന്ന മലയാളി നേഴ്സുമാരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതിയും എം സി ജോസഫൈനും സന്ദര്‍ശിച്ചു. വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാനൂറോളം നേഴ്സുമാര്‍ വ്യാഴാഴ്ചയാണ് സമരം തുടങ്ങിയത്. സമരം അടിച്ചമര്‍ത്താനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. നേഴ്സുമാരെ ശനിയാഴ്ച രാവിലെ പൊലീസിനെ ഉപയോഗിച്ച് ആശുപത്രിയില്‍നിന്ന് 200 മീറ്ററോളം ദൂരേക്ക് നീക്കി. ആറ് വനിതാ നേഴ്സുമാരെ പിരിച്ചുവിടുകയും ചെയ്തു. 15 നേഴ്സുമാരെ രണ്ടുദിവസം മുമ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. മറ്റ് ആശുപത്രികളില്‍നിന്ന് നേഴ്സുമാരെ കൊണ്ടുവന്നാണ് മാനേജ്മെന്റ് ആശുപത്രി പ്രവര്‍ത്തനം നടത്തുന്നത്. സിപിഐ എം നേതാക്കളെ മുദ്രാവാക്യം വിളിയോടെയാണ് നേഴ്സുമാര്‍ സ്വീകരിച്ചത്.

    ReplyDelete
  2. കറ്റാനം സെന്റ് തോമസ് മിഷന്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ ആരംഭിച്ച സമരത്തിന് ജനപിന്തുണയേറി. ഏഴാം ദിവസത്തിലേക്ക് കടന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായിജനപ്രതിനിധികളും സിപിഐ എം ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്തുണ്ട്. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മിനിമം വേജസ് നടപ്പാക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക, പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കുക, നേഴ്സിങ് സൂപ്രണ്ടിനെ നിയമിക്കുക, പിടിച്ചുവച്ച സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കുക, അധികജോലി ചെയ്യിച്ച് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഓള്‍ ഇന്ത്യാ പ്രൈവറ്റ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം. എസ്എഫ്ഐ മാര്‍ച്ചിനുശേഷം ചേര്‍ന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ആര്‍ രാജേഷ് എംഎല്‍എ ഉദ്ഘാടനംചെയ്തു. ഐ റഫീക്ക് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബിബിന്‍ സി ബാബു, സിബി വര്‍ഗീസ്, ശാന്തിഷ്, അനീഷ് കെ ബാബു എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്. സമരക്കാരുമായി മാനേജ്മെന്റ് ഒരുതവണ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരരംഗത്ത് ശക്തമായി ഉറച്ചുനില്‍ക്കുമെന്ന് നേഴ്സുമാര്‍ പറഞ്ഞു.

    ReplyDelete