ദിനേശ് ത്രിവേദി രാജിവച്ചു
തൃണമൂല്‍ കോണ്‍ഗ്രസിലെയും കേന്ദ്രമന്ത്രിസഭയിലെയും പ്രതിസന്ധി രൂക്ഷമാക്കി, മുതിര്‍ന്ന നേതാവായ ദിനേശ് ത്രിവേദി റെയില്‍മന്ത്രിസ്ഥാനം രാജിവച്ചു. നാലുദിവസം നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ ഞായറാഴ്ച രാത്രിയാണ് രാജി സമര്‍പ്പിച്ചത്. റെയില്‍വേ ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങള്‍ക്കകം മന്ത്രി രാജിവയ്ക്കുന്നത് പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യം. ബജറ്റ് അവതരിപ്പിച്ച മന്ത്രിക്ക് ലോക്സഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ മറുപടി പറയാനാകാതെ പടിയിറങ്ങേണ്ടി വരുന്നത് യുപിഎ സര്‍ക്കാരിന് നാണക്കേടായി. മമതയുടെ ഏകാധിപത്യപ്രവണതയില്‍ മനംമടുത്ത് ത്രിവേദി രാജിവച്ചത് പാര്‍ടിയിലെ മമതവിരുദ്ധവിഭാഗം ആയുധമാക്കും. ആറ് തൃണമൂല്‍ എംപിമാര്‍ മമതയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ബംഗാളില്‍ ഭരണമുന്നണി ജയിക്കുമെന്ന് ഉറപ്പുള്ള നാലു രാജ്യസഭാസീറ്റിലും മമത ഏകപക്ഷീയമായി തൃണമൂല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഭരണമുന്നണിക്ക് ഉറപ്പായ നാല് സീറ്റില്‍ ഒന്നില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്ന തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് ബംഗാള്‍ പിസിസി അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് മമത കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ത്രിവേദി രാജിവച്ചത്. കൊല്‍ക്കത്തയില്‍നിന്ന് തിരിക്കുന്നതിനുമുമ്പ് മമത ത്രിവേദിയെ ടെലിഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്ന് ത്രിവേദി രാജിസന്നദ്ധത അറിയിച്ചെന്ന് മമത മാധ്യമങ്ങളെ അറിയിച്ചു. മമത നേരിട്ട് ആവശ്യപ്പെട്ടാലേ രാജിവയ്ക്കൂ എന്നായിരുന്നു ത്രിവേദിയുടെ നിലപാട്. തൃണമൂല്‍ നേതാവ് മുകുള്‍ റോയിയെ പുതിയ റെയില്‍മന്ത്രിയാക്കണമെന്ന് മമത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മമതയും മുകുള്‍ റോയിയും ഞായറാഴ്ച രാത്രി ഡല്‍ഹിയിലെത്തി. മുകുള്‍ റോയി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
റെയില്‍വേ ബജറ്റില്‍ യാത്രക്കൂലി വര്‍ധിപ്പിച്ചത് തന്നോട് ആലോചിക്കാതെയാണെന്ന നാടകീയ നിലപാടുമായി മമത രംഗത്തുവന്നതാണ് ത്രിവേദിയുടെ രാജിയില്‍ കലാശിച്ചത്. ത്രിവേദിയെ മാറ്റി പകരം മുകുള്‍ റോയിയെ മന്ത്രിയാക്കണമെന്ന് ബജറ്റ് അവതരിപ്പിച്ച 14നുതന്നെ മമത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് റെയില്‍വേ ബജറ്റ് അവതരിപ്പിച്ച ദിവസംതന്നെ മന്ത്രി രാജിവയ്ക്കുന്നത് മന്ത്രിസഭയ്ക്ക് നാണക്കേടാകുമെന്നും പൊതുബജറ്റ് അവതരിപ്പിക്കുന്നതുവരെ കാക്കണമെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി മമതയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് രണ്ടു ദിവസത്തെ സാവകാശം മമത നല്‍കുകയായിരുന്നു.
മമത രാജി ആവശ്യപ്പെട്ടശേഷം ത്രിവേദി ഒരു വശത്തും ഒരുവിഭാഗം തൃണമൂല്‍ നേതാക്കള്‍ മറുവശത്തുമായി ശക്തമായ വാക്പോരാണ് നടന്നത്. മന്ത്രിസ്ഥാനം വലുതല്ലെന്നും റെയില്‍വേ ബജറ്റ് തയ്യാറാക്കുന്നതിനുമുമ്പ് മമതയുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്നും ത്രിവേദി തുറന്നടിച്ചിരുന്നു. മാര്‍ച്ച് 16ന് പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ ത്രിവേദിയുടെ രാജിപ്രശ്നമുയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. രാജി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രി ഉചിതമായ സമയത്ത് നടപടിയെടുക്കുമെന്ന് ലോക്സഭാ നേതാവ് പ്രണബ് മുഖര്‍ജി സഭയെ അറിയിച്ചു. ത്രിവേദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് തൃണമൂല്‍ നേതാവ് സുധീപ് ബന്ദോപാധ്യായ ലോക്സഭയെ അറിയിച്ചത്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ത്രിവേദി പിന്നീട് പ്രതിരോധമുയര്‍ത്തിയത്.
(വി ജയിന്‍)
ത്രിവേദിയുടെ രാജി പൊട്ടിത്തെറിയുടെ തുടക്കം
തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജിയുടെ ഏകാധിപത്യനിലപാടുകള്‍ അസഹനീയമായതിനെതുടര്‍ന്നുള്ള പൊട്ടിത്തെറിയുടെ തുടക്കമാണ് റെയില്‍മന്ത്രി ദിനേഷ് ത്രിവേദിയുടെ രാജി. തൃണമൂലില്‍നിന്ന് കൂടുതല്‍പേര്‍ പുറത്തേക്ക് പോകുമെന്നതിന്റെ സൂചനകൂടിയാണിത്. മമതയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ശക്തമായി പ്രതികരിച്ചശേഷമാണ് ത്രിവേദി രാജി സമര്‍പ്പിച്ചത്. റെയില്‍മന്ത്രി ആരുടെയും സ്വകാര്യസ്വത്തല്ലെന്ന് ഞായറാഴ്ച ദിനേശ് ത്രിവേദി തുറന്നടിച്ചു. ദിനേശ് ത്രിവേദി റെയില്‍വേ ബജറ്റിലൂടെ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ജനവിരുദ്ധവും റെയില്‍വേയുടെ പൊതുമേഖലാ സ്വഭാവം തകര്‍ക്കുന്നതുമായിരുന്നു. ഇത് ത്രിവേദിയുടെ സ്വന്തം നയമാണെന്ന് കരുതാന്‍ വയ്യ. യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയത്തിനനുസരിച്ച ബജറ്റാണ് അവതരിപ്പിച്ചത്. ഈ നയത്തോട് തൃണമൂല്‍ കോണ്‍ഗ്രസിനോ അതിന്റെ നേതാവ് മമത ബാനര്‍ജിക്കോ എതിര്‍പ്പില്ല. എന്നാല്‍ , തന്നോട് എതിര്‍പ്പുള്ള ത്രിവേദിയെ ബജറ്റിന്റെ പേരില്‍ പുറത്തുകളയുക എന്നതായിരുന്നു മമതയുടെ ലക്ഷ്യം. ട്രെയിന്‍ യാത്രാനിരക്കുവര്‍ധന തങ്ങളോട് ആലോചിക്കാതെയായിരുന്നുവെന്നാണ് മമത പറഞ്ഞത്. ബജറ്റ് തയ്യാറാക്കുന്നതിനുമുമ്പ് പാര്‍ടി നേതാവിനോട് ആലോചിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ലെന്നായിരുന്നു ത്രിവേദിയുടെ പ്രതികരണം.
തൃണമൂല്‍ മന്ത്രിമാര്‍ മമതയുടെ നിര്‍ദേശമനുസരിച്ചുമാത്രം പ്രവര്‍ത്തിച്ചുകൊള്ളണമെന്നതാണ് കീഴ്വഴക്കം. പാര്‍ലമെന്ററി പാര്‍ടി യോഗം പ്രഹസനമായി മാറിയിരുന്നു. എല്ലാം മമത പറയുന്നതനുസരിച്ച് ചെയ്യുകയെന്നതായിരുന്നു രീതി. ഇതിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് തൃണമൂല്‍ എംപി കബീര്‍ സുമനാണ്. ബംഗാളില്‍ മമത സര്‍ക്കാര്‍ സ്വീകരിച്ച നിരവധി ജനവിരുദ്ധനടപടികള്‍ക്കെതിരെ സുമന്‍ തുറന്നടിച്ചു. പശ്ചിമബംഗാളിലെ വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. എംപി മാത്രമായതുകൊണ്ടാണ് കബീര്‍ സുമനെതിരെ മമത പ്രതികാരനടപടികളെടുക്കാതിരുന്നത്. എന്നാല്‍ , റെയില്‍മന്ത്രിയായിരിക്കെ പല കാര്യത്തിലും ദിനേഷ് ത്രിവേദി മമതയുടെ ഉപദേശം തേടാതെ പ്രധാനമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ചു. ഏതെങ്കിലുമൊരു കാരണം കണ്ടെത്തി ത്രിവേദിയെ പുറത്താക്കാന്‍ കാത്തിരുന്ന മമതയ്ക്ക് വീണുകിട്ടിയ സന്ദര്‍ഭമായി റെയില്‍വേ ബജറ്റ്.
ത്രിവേദിക്കുപകരം മുകുള്‍ റോയിയെ റെയില്‍മന്ത്രിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനെ ബുദ്ധിമുട്ടിലാക്കിയിരിക്കയാണ്. പ്രധാനമന്ത്രിയെയും കോണ്‍ഗ്രസിനെയും വകവയ്ക്കാത്ത സ്വഭാവമാണ് മുകുളിന്റേത്. റെയില്‍വേ ബജറ്റുകളില്‍ നിര്‍ദേശിച്ച വര്‍ധനയെല്ലാം പിന്‍വലിക്കാന്‍ പുതിയ റെയില്‍മന്ത്രി ഒരുങ്ങിയാല്‍ അത് പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും വെല്ലുവിളിക്കുന്ന നടപടിയാകും. തൃണമൂലിനെ ഒഴിവാക്കി സമാജ്വാദി പാര്‍ടിയെ യുപിഎയില്‍ ഉള്‍പ്പെടുത്തുകയാണ് കോണ്‍ഗ്രസിനുമുന്നിലുള്ള പോംവഴി. ഇതിന് ചര്‍ച്ച നടക്കുകയാണ്. ഇത് വിജയിച്ചില്ലെങ്കില്‍ യുപിഎ സര്‍ക്കാരിനെയാകെ തൃണമൂല്‍ കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാകും. എന്തായാലും ഈയാഴ്ച തലസ്ഥാനനഗരം നിരവധി രാഷ്ട്രീയനാടകങ്ങള്‍ക്ക് വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
deshabhimani 190312
തൃണമൂല്‍ കോണ്‍ഗ്രസിലെയും കേന്ദ്രമന്ത്രിസഭയിലെയും പ്രതിസന്ധി രൂക്ഷമാക്കി, മുതിര്‍ന്ന നേതാവായ ദിനേശ് ത്രിവേദി റെയില്‍മന്ത്രിസ്ഥാനം രാജിവച്ചു. നാലുദിവസം നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ ഞായറാഴ്ച രാത്രിയാണ് രാജി സമര്‍പ്പിച്ചത്. റെയില്‍വേ ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങള്‍ക്കകം മന്ത്രി രാജിവയ്ക്കുന്നത് പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യം. ബജറ്റ് അവതരിപ്പിച്ച മന്ത്രിക്ക് ലോക്സഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ മറുപടി പറയാനാകാതെ പടിയിറങ്ങേണ്ടി വരുന്നത് യുപിഎ സര്‍ക്കാരിന് നാണക്കേടായി. മമതയുടെ ഏകാധിപത്യപ്രവണതയില്‍ മനംമടുത്ത് ത്രിവേദി രാജിവച്ചത് പാര്‍ടിയിലെ മമതവിരുദ്ധവിഭാഗം ആയുധമാക്കും. ആറ് തൃണമൂല്‍ എംപിമാര്‍ മമതയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ReplyDelete