ഗര്‍ഭ നിരോധന ഗുളികയുടെ അമിതോപയോഗം മൂലം ആദിവാസി സ്ത്രീകളില്‍ വന്ധ്യത വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ് സര്‍വേ. സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ മാത്രം 117 ദമ്പതികള്‍ക്ക് കുട്ടികളില്ല. ആര്‍ത്തവചക്രം ഒഴിവാക്കാന്‍ കൗമാരക്കാര്‍ ഉള്‍പ്പെടെ "മാലാ-ഡി" ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നതാണ് വന്ധ്യത അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി ജെ അലോഷ്യസിന്റെ നേതൃത്വത്തില്‍ അന്‍പതോളം ഉദ്യോഗസ്ഥര്‍ നടത്തിയ സര്‍വേയിലാണ് വെളിപ്പെടുത്തല്‍. ഇടമലക്കുടിക്ക് പുറമെ ചിന്നക്കനാല്‍, അടിമാലി, മറയൂര്‍ ഉള്‍പ്പെടെയുള്ള കോളനികളിലും ഈ പ്രശ്നമുണ്ട്. ആദിവാസി മേഖലയില്‍ പെട്ടിക്കടകളില്‍ പോലും മാലാ-ഡി പോലുള്ള ഗുളിക ലഭ്യമാണ്. കൂടാതെ തമിഴ്നാട്ടില്‍ നിന്നും ഏജന്റുമാര്‍ കുടികളിലും ഗുളിക എത്തിക്കുന്നു. രണ്ടുമുതല്‍ പത്തുവര്‍ഷംവരെ തുടര്‍ച്ചയായി ഗുളിക ഉപയോഗിച്ച സ്ത്രീകള്‍ക്കാണ് കുട്ടികള്‍ ജനിക്കാത്തത്. ഇടമലക്കുടിയിലെ 15 നും 40 നും മധ്യേപ്രായമുള്ള 381 ഓളം വരുന്ന ദമ്പതികളില്‍ 117 പേര്‍ക്ക് കുട്ടികളില്ല. ഒരു കുട്ടി മാത്രമുള്ള 130 കുടുംബങ്ങളും ഇടമലക്കുടിയിലുണ്ട്.
ഒരു കുട്ടി ജനിച്ചാല്‍ അടുത്ത കുട്ടിയുണ്ടാകാനുള്ള ഇടവേള കണക്കാക്കി മാത്രമേ ഈ ഗുളിക കഴിക്കാവൂവെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. കോളനിയിലെ ആദിവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളും അന്ധവിശ്വാസങ്ങളുമാണ് ഗര്‍ഭനിരോധന ഗുളികയുടെ അമിത ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയാകുമ്പോഴും മാസമുറസമയത്തും സ്ത്രീകള്‍ വീടുകളില്‍ താമസിക്കാന്‍ പാടില്ലെന്നും "വാലാപ്പുര" പോലുള്ള കുടിലിലോ പുരയിലോ ഒറ്റയ്ക്ക് കഴിയണമെന്നുമാണ് മുതുവാന്‍, മന്നാന്‍ വിഭാഗങ്ങളിലെ ആചാരം. വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ ഈ "തീണ്ടാരിപ്പുരകളില്‍" പോകാനുള്ള അസൗകര്യവും പേടിയുമാണ് സ്ത്രീകള്‍ ഈ സമയങ്ങളില്‍ ഗുളിക കഴിക്കുന്നത്. വെള്ളം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഭൂരിപക്ഷം കുടികളിലുമില്ല. ആദിവാസികള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ്് 2010 ല്‍ ഇടമലക്കുടിപഞ്ചായത്ത് രൂപീകരിച്ചത്. മുതുവാന്‍ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തിലെ ആകെ ജനസംഖ്യ 1844 ആണ്. 27 കോളനികളിലായി 572 വീടുണ്ട്.
(കെ ടി രാജീവ്)
deshabhimani 170313
No comments:
Post a Comment