Sunday, March 17, 2013

സിഐടിയു ദേശീയ സമ്മേളനം: 22ന് പതാകദിനം


കണ്ണൂര്‍: സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാക ദിനം 22ന്. കേരളത്തില്‍ സംഘടിത ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതില്‍ മുഖ്യപങ്കുവഹിച്ച എ കെ ജിയുടെ ചരമവാര്‍ഷികദിനംകൂടിയായ 22ന് സംസ്ഥാനത്തെ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും തെരുവുകളിലും തൊഴിലാളികള്‍ സിഐടിയു പതാക ഉയര്‍ത്തും. പതിനാലാം ദേശീയ സമ്മേളനത്തിന്റെ വിളംബരമായി 14 വീതം പതാകകളായിരിക്കും പ്രധാന കേന്ദ്രങ്ങളില്‍ ഉയരുക. ആകര്‍ഷകമായ പ്രചാരണ ബോര്‍ഡുകളും സ്ഥാപിക്കും. പതാക ദിനാചരണം വിജയിപ്പിക്കാന്‍ സിഐടിയു സംസ്ഥാന കമ്മിറ്റി മുഴുവന്‍ പ്രവര്‍ത്തകരോടും അഭ്യര്‍ഥിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഏപ്രില്‍ നാലിന് വൈകിട്ട് കണ്ണൂരില്‍ നടക്കുന്ന ഐക്യട്രേഡ്യൂണിയന്‍ സമ്മേളനത്തില്‍ എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത എംപി, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി ദൊരൈരാജ്, എച്ച്എംഎസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ. തമ്പാന്‍ തോമസ്, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി സ്വദേശ് ദേബ്റോയ്, സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം എന്നിവര്‍ സംസാരിക്കും.

സിഐടിയു അഖിലേന്ത്യാ സമ്മേളനം: പയ്യന്നൂരിലും പ്രചാരണ ബോര്‍ഡുകള്‍ പൊലീസ് നശിപ്പിച്ചു

പയ്യന്നൂര്‍: സിഐടിയു അഖിലേന്ത്യാ സമ്മേളന പ്രചാരണ ബോര്‍ഡുകള്‍ പയ്യന്നൂരില്‍ പൊലിസ് വ്യാപകമായി നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ബോര്‍ഡുകള്‍ പൊലിസ് നശിപ്പിച്ചത്. പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറിന് മുന്നില്‍ ചെത്തുതൊഴിലാളി യൂണിയന്‍ പയ്യന്നൂര്‍ റെയിഞ്ച് കമ്മിറ്റിവച്ച വലിയ ബോര്‍ഡ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചവിട്ടി പൊളിച്ചു. ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് യൂണിയന്‍ ഉയര്‍ത്തിയ ബോര്‍ഡും നശിപ്പിച്ചു. ടൗണ്‍-പെരുമ്പ എന്നിവിടങ്ങളിലെ റോഡരികില്‍ ഉയര്‍ത്തിയ പത്തോളം ബോര്‍ഡുകളാണ് നശിപ്പിച്ചത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന് അഭിവാദ്യമര്‍പ്പിച്ചും, കെ സുധാകരനെ ചീത്തപറഞ്ഞും കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തിയ ബോര്‍ഡുകള്‍ കെട്ടിയപ്പോഴും പൊലീസിന് പ്രശ്നമായിരുന്നില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് സിഐടിയു ഏരിയാ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി നാരായണന്‍, ജില്ലാ കമ്മിറ്റിയംഗം ഇ പി കരുണാകരന്‍, പി വി കുഞ്ഞപ്പന്‍, കെ രാഘവന്‍, യു വി രാമചന്ദ്രന്‍, വി കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

deshabhimani 170313

No comments:

Post a Comment