Sunday, March 17, 2013
വനിതാപൊലീസ് അപമാനം: എഡിജിപി
സേനയ്ക്ക് വനിതാ പൊലീസ് അപമാനമാകുന്നുവെന്ന് കാണിച്ച് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവര്‍ക്ക് കത്തയച്ചു. സ്റ്റേഷനിലെത്തുന്നവരോടുള്ള വനിതാപൊലീസിന്റെ മോശം പെരുമാറ്റം എല്ലാ അതിരും ലംഘിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. പൊലീസ് സേനയ്ക്ക് സമീപകാലത്തുണ്ടായ ക്രൂരമുഖവും ജനവിരുദ്ധതയും വെളിവാക്കുന്നതാണ് കത്ത്. ആഭ്യന്തര വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉത്തര, ദക്ഷിണ മേഖലാ എഡിജിപിമാര്‍ എന്നിവര്‍ക്കും കത്തു നല്‍കി. ജനുവരി 17നാണ് കത്തയച്ചത്.
മുന്‍കാലങ്ങളിലെ പൊലീസിന്റെ അപരിഷ്കൃത സംസ്കാരത്തിലേക്കാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസ് എന്ന നിലയിലോ വനിത എന്ന നിലയിലോ ഒരിക്കലും പെരുമാറാന്‍ പാടില്ലാത്ത തരത്തിലാണ് സ്റ്റേഷനിലെത്തുന്ന സ്ത്രീകളടക്കമുള്ള സാധാരണക്കാരോടുള്ള വനിതാ പൊലീസിന്റെ പ്രവര്‍ത്തനം. പ്രായംപോലും അവഗണിച്ച് മര്യാദരഹിതമായി പെരുമാറുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്യുന്ന നടപടികളാണ് ഭൂരിഭാഗം സ്റ്റേഷനുകളിലും നടക്കുന്നത്. സ്റ്റേഷനില്‍ ആരുവന്നാലും വനിതാ പൊലീസ് ഇടപെടുകയാണ്. തന്റേതല്ലാത്ത കേസുകളില്‍ സ്റ്റേഷനിലെത്തുന്നവരെയും മറ്റുകാര്യങ്ങളിലെ പരാതിക്കാരെയും സംശയിക്കുന്നവരെയും പെറ്റിക്കേസുകളില്‍ പ്രതികളായെത്തുന്നവരെയും കളിയാക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് പല സ്റ്റേഷനിലും പതിവാണ്. പൊലീസിന്റെ പെരുമാറ്റവും പ്രവര്‍ത്തനവും കൂടുതല്‍ നന്നാകുമെന്ന പ്രതീക്ഷയിലാണ് കൂടുതല്‍ വനിതാ പൊലീസുകാരെ എടുത്തത്. ഏത് സാധാരണക്കാരനും സ്ത്രീക്കും ധൈര്യപൂര്‍വം കടന്നുചെല്ലാന്‍ കഴിയുന്ന ഇടമായി പൊലീസ് സ്റ്റേഷനുകള്‍ മാറുമെന്നാണ് കരുതിയത്. എന്നാല്‍, പല സ്റ്റേഷനിലും ഇതല്ല നടക്കുന്നത്. വനിതാ പൊലീസിന്റെ ക്രൂരമായ നടപടികളില്‍ പരാതിപ്പെടുന്നവര്‍ അത്യപൂര്‍വമായതിനാലാണ് ഇവ പുറത്തുവരാത്തതെന്നും ചൂണ്ടിക്കാട്ടുന്നു. വനിതാ പൊലീസിനെയും പൊലീസ് സേനയെയും നേര്‍വഴിക്ക് നടത്താന്‍ അത്യാവശ്യമായി സര്‍വീസ് പരിശീലനം (ഇന്‍സര്‍വീസ് കോഴ്സ്) നല്‍കണമെന്ന് സെന്‍കുമാര്‍ കത്തില്‍ ആവശ്യപ്പെടുന്നു.
പൊലീസിന്റെ ഭീകരമുഖം വെളിവാക്കുന്ന അതിഗൗരവമായ ഈ കത്ത് നല്‍കി രണ്ടു മാസമായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
(മിഥുന്‍ കൃഷ്ണ)
Subscribe to:
Post Comments (Atom)
No comments:
Post a Comment