Saturday, March 16, 2013

സംവരണ മേല്‍ത്തട്ട് പരിധി 6 ലക്ഷമാക്കാന്‍ ശുപാര്‍ശ


ഒബിസി സംവരണത്തിനുള്ള ക്രീമിലയര്‍ പരിധി ആറ് ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിതല സമിതിയുടെ ശുപാര്‍ശ. 4.50 ലക്ഷം രൂപ വാര്‍ഷിക വരുമാനത്തില്‍ താഴെയുള്ളവര്‍ക്കാണ് നിലവില്‍ സംവരണം നല്‍കുന്നത്. വാര്‍ഷിക വരുമാന പരിധി ഏഴ് ലക്ഷത്തിലേക്ക് എങ്കിലും ഉയര്‍ത്തണമെന്ന് സമിതിയില്‍ ഒരു വിഭാഗം മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഗ്രാമീണ മേഖലയില്‍ വാര്‍ഷിക വരുമാന പരിധി ഒന്‍പത് ലക്ഷവും നഗര മേഖലയില്‍ 12 ലക്ഷവും ആക്കണമെന്ന്പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. വരുമാന പരിധി ആറ് ലക്ഷമാക്കണമെന്ന ശുപാര്‍ശ കഴിഞ്ഞ ജൂണില്‍ തന്നെ മന്ത്രിസഭയുടെ പരിഗണനയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു. സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. എന്നാല്‍ പല്ലം രാജു, കുമാരി സെല്‍ജ, വി നാരായണമന്ത്രി തുടങ്ങിയ മന്ത്രിമാര്‍ ആറ് ലക്ഷം കുറഞ്ഞ തുകയാണെന്ന നിലപാട് സ്വീകരിച്ചു.

കടുത്ത വിലക്കയറ്റത്തിന്റെയും നാണയപ്പെരുപ്പത്തിന്റെയും പശ്ചാത്തലത്തില്‍ കുറഞ്ഞ പരിധി ഏഴ് ലക്ഷമെങ്കിലും ആയി നിശ്ചയിക്കണമെന്നായിരുന്നു വാദം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് മന്ത്രിതല സമിതിയുടെ പരിഗണനയ്ക്ക് വിട്ടത്. വരുമാന പരിധി കൂട്ടുന്നത് സംവരണത്തിന്റെ ആനുകൂല്യം പിന്നോക്ക വിഭാഗത്തിലെ സമ്പന്നരിലേക്ക് ചുരുങ്ങാന്‍ ഇടയാക്കുമെന്നായിരുന്നു ചിദംബരത്തിന്റെ നിലപാട്. ഗ്രാമീണ, നഗര മേഖലകള്‍ക്ക് വ്യത്യസ്ത വരുമാന പരിധി നിശ്ചയിക്കണമെന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള കമ്മീഷന്റെ ശുപാര്‍ശയും സ്വീകരിച്ചില്ല. സാമൂഹ്യക്ഷേമ മന്ത്രാലയവും നേരത്തേ ശുപാര്‍ശ നിരസിച്ചിരുന്നു. മന്ത്രിതല സമിയുടെ ശുപാര്‍ശ ഇനി മന്ത്രിസഭ അംഗീകരിക്കണം. 1993ലാണ് വരുമാന പരിധി പിന്നോക്ക സംവരണത്തിനുള്ള മാനദണ്ഡമാക്കിയത്. ഒരു ലക്ഷം രൂപയായിരുന്നു അന്ന് ക്രീമിലയര്‍ പരിധിയായി നിശ്ചയിച്ചത്. 2004ല്‍ ഇത് 2.50 ലക്ഷം രൂപയും 2008ല്‍ 4.50 ലക്ഷം രൂപയുമാക്കി. നാല് വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണ വരുമാന പരിധിയില്‍ മാറ്റം വരുത്താറുള്ളത്.

deshabhimani

No comments:

Post a Comment