Wednesday, March 20, 2013

എണ്ണക്കമ്പനികളുടെ നികുതി കുടിശ്ശിക 2,150 കോടി


എണ്ണക്കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിന് വില്‍പ്പന നികുതി കുടിശ്ശികയിനത്തില്‍ നല്‍കാനുള്ളത് 2,150 കോടിയിലേറെ രൂപ. സംസ്ഥാനത്തെ മൊത്തം വില്‍പ്പനനികുതി കുടിശ്ശികയുടെ മൂന്നിലൊന്നിനേക്കാള്‍ കൂടുതലാണിത്. എണ്ണക്കമ്പനികളടക്കമുള്ള പൊതു, സ്വകാര്യ കമ്പനികള്‍ വരുത്തിയ മൊത്തം കുടിശ്ശിക 5,163 കോടി രൂപയാണ്. ദേശാഭിമാനി ഏജന്റും വിവരാവകാശ പ്രവര്‍ത്തകനുമായ രാജു വാഴക്കാലയ്ക്ക് വിവരാവകാശപ്രകാരം ലഭിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തങ്ങള്‍ കൃത്യമായി വില്‍പ്പനനികുതി നല്‍കുന്നതിനാല്‍ കെഎസ്ആര്‍ടിസിയുടെ അധികബാധ്യത സര്‍ക്കാര്‍തന്നെ ഏറ്റെടുക്കണമെന്ന് എണ്ണക്കമ്പനികള്‍ വാദിക്കുന്നതിനിടയിലാണ് ഇത്രയും തുക കുടിശ്ശിക വരുത്തിയത്.

ഒരു ലിറ്റര്‍ പെട്രോളിന് 12 രൂപ സര്‍ക്കാരിന് വില്‍പ്പനനികുതി നല്‍കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം സര്‍ക്കാര്‍തന്നെ വഹിക്കണമെന്നായിരുന്നു എണ്ണക്കമ്പനികള്‍ ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം വാദിച്ചത്. എന്നാല്‍, കേരളത്തിലെ പ്രധാന എണ്ണ ശുദ്ധീകരണശാലയായ ബിപിസിഎല്‍ കൊച്ചി റിഫൈനറി മാത്രം 2012 ജൂണ്‍വരെ വരുത്തിയ കുടിശ്ശിക 1957.92 കോടി രൂപയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) 153.81 കോടി രൂപയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്പിസി) 38.92 കോടി രൂപയും നല്‍കാനുണ്ട്. ഇതുസംബന്ധിച്ച് നിരവധി കേസുകള്‍ നിലവിലുണ്ട്. കൊച്ചി റിഫൈനറി ബിപിസിഎല്ലുമായി ലയിക്കുന്നതിനു മുമ്പ് ബിപിസിഎല്‍ വരുത്തിയ കുടിശ്ശിക 157 കോടി രൂപയാണ്.

കോഴിക്കോട് ജില്ലയിലെ 10 വില്‍പ്പനനികുതി ഓഫീസുകളില്‍നിന്നുള്ള കണക്കുകള്‍ ഒഴികെ സംസ്ഥാനത്ത് പൊതു സ്വകാര്യ കമ്പനികളുടെ കൃത്യമായ നികുതി കുടിശ്ശിക 5163.482 കോടി രൂപയാണ്. എണ്ണക്കമ്പനികള്‍ മൂന്നും സ്ഥിതിചെയ്യുന്നത് എറണാകുളത്തായതിനാല്‍ ഇതില്‍ പകുതിയിലേറെയും എറണാകുളം ജില്ലയുടെ വകയാണ്. 2669.40 കോടി രൂപയുടെ കുടിശ്ശികയാണ് എറണാകുളത്ത്. 882.23 കോടി രൂപയുടെ കുടിശ്ശിക വരുത്തിയ പാലക്കാട് ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. 525.21 കോടി രൂപയുടെ കുടിശ്ശികയുള്ള തൃശൂരും 382.17 കോടിരൂപ അടയ്ക്കാനുള്ള കൊല്ലം ജില്ലയുമാണ് തൊട്ടുപിന്നില്‍. 253.87 കോടി രൂപയാണ് തലസ്ഥാന ജില്ലയുടെ കുടിശ്ശിക. കോട്ടയം (114.29 കോടി), ആലപ്പുഴ (74.84 കോടി), മലപ്പുറം (58.69 കോടി), കാസര്‍കോട് (54.06 കോടി), പത്തനംതിട്ട (50.56 കോടി), കണ്ണൂര്‍ (35.55 കോടി), വയനാട് (35.09 കോടി), ഇടുക്കി (33.33 കോടി), കോഴിക്കോട് (03.7 കോടി-അപൂര്‍ണം) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ കുടിശ്ശിക.
(ഷഫീഖ് അമരാവതി)

deshabhimani 200313

No comments:

Post a Comment