Wednesday, March 20, 2013

സാക്ഷികള്‍ മൊഴിമാറ്റുന്നു: വിസ്തരിക്കാനാകാതെ പ്രോസിക്യൂഷന്‍


പ്രോസിക്യൂഷന്റെ തിരക്കഥക്കനുസരിച്ച് മൊഴി നല്‍കാന്‍ സാക്ഷികള്‍ തയാറാകില്ലെന്ന് ഉറപ്പായതോടെ രണ്ടു സാക്ഷികളെ വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍ തീരുമാനം. കേസ് ഡയറിയിലെ 38, 39 സാക്ഷികളായ അഴിയൂര്‍ തെരുവിങ്കല്‍ വീട്ടില്‍ ടി അശോകന്‍, ചൊക്ലി നാരായണന്‍പറമ്പ് തണല്‍ വീട്ടില്‍ കെ പി സരീഷ് എന്നിവരെ വിസ്തരിക്കുന്നതില്‍നിന്നാണ് പ്രോസിക്യൂഷന്‍ പിന്മാറിയത്. ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് സ്ഥാപിക്കാനാണ് ഇവരെ സാക്ഷികളാക്കിയത്. സിപിഐ എം നേതാവ് കാരായി രാജനെ കേസില്‍ കുടുക്കാനുള്ള തെളിവായാണ് സരീഷിനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കേസില്‍ ഒന്നാംപ്രതിയായി ചേര്‍ത്ത എം സി അനൂപ് നിടുമ്പ്രത്ത് മരണവീട്ടില്‍വച്ച് 26-ാം പ്രതിയായി ചേര്‍ത്ത കാരായി രാജനോട് സ്വകാര്യമായി സംസാരിക്കുന്നത് കണ്ടു എന്നായിരുന്നു ആരോപണം. കൊല നടന്നതിനുമുമ്പും ശേഷവും പ്രതികള്‍ ഇന്നോവ കാറില്‍ കറങ്ങുന്നത് സരീഷ് കണ്ടുവെന്നും കുറ്റപത്രത്തിലുണ്ട്. സിപിഐ എമ്മിനെ കേസുമായി ബന്ധിപ്പിക്കാന്‍ പൊലീസ് സഹായത്തോടെ ചമച്ച കഥ, സരീഷിനെ വിസ്തരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ പൊളിഞ്ഞു.

ചന്ദ്രശേഖരനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ തന്റെ വീടിന്റെ ടെറസില്‍ സൂക്ഷിച്ചുവെന്നും ആയുധങ്ങള്‍ കൊണ്ടുവച്ച പ്രതികളെ തിരിച്ചറിയുമെന്നും പറയിപ്പിക്കാനാണ് ടി അശോകനെ സാക്ഷിപ്പട്ടികയില്‍ പെടുത്തിയത്. ഇക്കാര്യവും അശോകനെ വിസ്തരിച്ചാല്‍ പൊളിയുമെന്നുകണ്ടാണ് പ്രോസിക്യൂഷന്റെ പിന്മാറ്റം. സാക്ഷികളെ വിശ്വാസമില്ലാത്തതിനാല്‍ മുമ്പും രണ്ടുപേരെ വിസ്തരിക്കുന്നതില്‍നിന്ന് പ്രോസിക്യൂഷന്‍ പിന്മാറിയിരുന്നു. നേരത്തെ രണ്ടു പ്രധാന സാക്ഷികള്‍ പൊലീസ് പീഡനത്തെത്തുടര്‍ന്നാണ് മജിസ്ട്രേട്ട് മുമ്പാകെ മൊഴി കൊടുക്കാനിടയായത് എന്നും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ആര്‍എംപി- ആര്‍എസ്എസ് സജീവ പ്രവര്‍ത്തകര്‍ മാത്രമേ ഇതുവരെ പ്രോസിക്യൂഷന്‍ പറഞ്ഞതനുസരിച്ച് മൊഴി നല്‍കിയിട്ടുള്ളു എന്നത് ശ്രദ്ധേയമാണ്.

പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ചൊവ്വാഴ്ച ഒരു സാക്ഷിയെ മാത്രമേ വിസ്തരിച്ചുള്ളു. പ്രോസിക്യൂഷന്‍ 21-ാം സാക്ഷിയായി ഓര്‍ക്കാട്ടേരിയിലെ ബാബുവിനെയാണ് വിസ്തരിച്ചത്. നിറയെ വൈരുധ്യമുള്ളതാണ് ബാബുവിന്റെ മൊഴി. കേസ് ഡയറിയിലെ 41, 42, 43 സാക്ഷികളെ ബുധനാഴ്ച വിസ്തരിക്കും.

deshabhimani 200313

No comments:

Post a Comment