ശ്രീലങ്കയില്‍ യുദ്ധസമയത്തുനടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് ഫലപ്രദമായ അന്വേഷണം നടത്താനും തമിഴ് വംശജര്‍ നേരിടുന്ന പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം കാണാനും ശ്രീലങ്കന്‍ സര്‍ക്കാരിനുമേല്‍ കേന്ദ്ര ഗവണ്‍മെന്റ് സമ്മര്‍ദം ചെലുത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ശ്രീലങ്കന്‍ സൈന്യവും എല്‍ടിടിഇയും തമ്മില്‍ നടന്ന യുദ്ധം തീര്‍ന്ന് നാല് വര്‍ഷമായെങ്കിലും അവസാനഘട്ടത്തിലുണ്ടായ ക്രൂരത സംബന്ധിച്ച് ഫലപ്രദമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. നിരപരാധികളായ ജനങ്ങള്‍ക്കുനേരെ കടുത്ത യുദ്ധക്കുറ്റങ്ങള്‍ നടന്നുവെന്നതിന് യഥേഷ്ടം തെളിവുകള്‍ നിലനില്‍ക്കുന്നു. ലസന്‍സ് ലേണ്‍ഡ് ആന്‍ഡ് റീകണ്‍സിലിയേഷന്‍ കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ 2012 മാര്‍ച്ചില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതും നടപ്പാക്കിയിട്ടില്ല. ആഭ്യന്തര യുദ്ധകാലത്ത് നടന്ന യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് വിശ്വസനീയവും സ്വതന്ത്രവുമായ അന്വേഷണം നടത്തുന്നതിന് ശ്രീലങ്ക സമ്മതിക്കണമെന്ന നിലപാട് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ സ്വീകരിക്കണം. തമിഴ് സംസാരിക്കുന്നവര്‍ പാര്‍ക്കുന്ന മേഖലകള്‍ക്ക് സ്വയംഭരണം നല്‍കില്ലെന്ന ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്സെയുടെ പ്രഖ്യാപനം ആശങ്കാജനകമാണ്. ഭരണഘടനയുടെ 13-ാം ഭേദഗതിയില്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ അധികാരം തമിഴ് മേഖലകള്‍ക്ക് നല്‍കാമെന്ന മുന്‍ നിലപാടില്‍നിന്ന് വ്യതിചലിക്കുകയാണ് രാജപക്സെയെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
ശ്രീലങ്കന്‍ പ്രശ്നം: മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ഡിഎംകെ
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് ശിക്ഷ നല്‍കാന്‍ ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ കടുത്ത നടപടികളിലേക്ക്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ശ്രീലങ്കന്‍ തമിഴ് ജനതയ്ക്കായി തങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് കരുണാനിധി പറഞ്ഞു. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെപ്പറ്റി നിരവധി അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. യുദ്ധക്കുറ്റവാളികളെ കണ്ടെത്താനും സമയബന്ധിതമായി അവര്‍ക്കെതിരെ നടപടിയെടുക്കാനുമുള്ള വ്യവസ്ഥ പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കണം. ഈ ഭേദഗതിയോടെ പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കണമെന്നാണ് ആവശ്യമെന്ന് കരുണാനിധി പറഞ്ഞു.
എല്‍ടിടിഇ നേതാവ് പ്രഭാകരന്റെ മകനെ ക്രൂരമായി കൊലപ്പെടുത്തിയത് സംബന്ധിച്ച ചിത്രം പുറത്തുവന്നതോടെയാണ് ശ്രീലങ്കന്‍ യുദ്ധക്കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തണമെന്ന ഡിഎംകെയുടെ ആവശ്യം ശക്തമായത്. അമേരിക്കന്‍ പ്രമേയത്തിന്റെ ഉള്ളടക്കം പൂര്‍ണമായി പുറത്തുവന്നിട്ടില്ല. അന്താരാഷ്ട്ര ഏജന്‍സിയുടെ നിയന്ത്രണത്തില്‍ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച അന്വേഷണം, നടപടി, പരാതിപരിഹാര നടപടി എന്നിവയുണ്ടാകണമെന്നാണ് പ്രമേയത്തിന്റെ കാതല്‍. യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച അന്വേഷണവും നടപടിയും ശ്രീലങ്കയുടെ പരമാധികാരത്തില്‍ കൈകടത്തിയാകരുത് എന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍, തമിഴ് ജനതയ്ക്കു നേരെ നടന്ന ക്രൂരതകളെക്കുറിച്ച് ശക്തമായ അന്വേഷണവും നടപടിയും വേണം. ഇതിനായി ശ്രീലങ്കന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതാണ് ശരിയായ നടപടിയെന്നാണ് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. രാജ്യസഭയിലെ ചര്‍ച്ചയില്‍ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ ഭരണ, പ്രതിപക്ഷ പാര്‍ടികള്‍ ഒരേ സ്വരത്തില്‍ ശ്രീലങ്കയ്ക്കെതിരായ അമേരിക്കന്‍ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് യുപിഎ സര്‍ക്കാരിനെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഒരാഴ്ചയിലധികമായി പാര്‍ലമെന്റിന്റെ ഇരുസഭയിലും തമിഴ്നാട്ടില്‍നിന്നുള്ള എംപിമാര്‍ ശ്രീലങ്കന്‍ വിഷയമുയര്‍ത്തി പ്രതിഷേധത്തിലാണ്. തമിഴ്നാട്ടിലാകെ സമരാന്തരീക്ഷവും നിലനില്‍ക്കുന്നു. ഡിഎംകെ മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഭീഷണി ഉയര്‍ന്നതോടെ യുപിഎ കടുത്ത പ്രതിസന്ധിയിലാണ്.
(വി ജയിന്‍)
deshabhimani 170313
No comments:
Post a Comment