Monday, March 18, 2013

25 ലക്ഷം വീട്ടുകാര്‍ക്ക് വൈദ്യുതി നിരക്ക് കൂടും


വൈദ്യുതി ഉപയോക്താക്കള്‍ക്കുള്ള സബ്സിഡി തുടരാന്‍ ബജറ്റില്‍ പണം അനുവദിക്കാത്തത് പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാകും. ഈ നടപടിമൂലം സംസ്ഥാനത്തെ 25 ലക്ഷം വീട്ടുകാരുടെ വൈദ്യുതി നിരക്ക് കുത്തനെ കൂടും. സബ്സിഡി തുക വകയിരുത്താത്തത് കാര്‍ഷിക വൈദ്യുതിയുടെ നിരക്ക് വര്‍ധനയ്ക്കും കാരണമാകും. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് കഴിഞ്ഞ ജൂലൈ 26ന് റെഗുലേറ്റി കമീഷന്‍ ഇറക്കിയ ഉത്തരവില്‍, പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് 1.15 രൂപയില്‍നിന്ന് 1.50 രൂപയായും 41 മുതല്‍ 80 യൂണിറ്റ് വരെയുള്ളവര്‍ക്ക് 1.90 രൂപയില്‍ നിന്ന് 2.40 രൂപയായും കൂട്ടി. 81 മുതല്‍ 120 യൂണിറ്റ് വരെ ഉപയോഗമുള്ളവര്‍ക്ക് 2.40 നിന്ന് 2.90 ആയാണ് വര്‍ധിപ്പിച്ചത്. കടുത്ത ജനരോഷത്തെ തുടര്‍ന്ന് പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗമുള്ളവരെ വര്‍ധനയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്ഥിരം നിരക്കില്‍ നിന്ന് ഇവരെ ഒഴിവാക്കി. ഇതിനുള്ള തുക ധനാഭ്യര്‍ഥനയെ തുടര്‍ന്ന് അനുവദിച്ചു.

എന്നാല്‍, കെ എം മാണി പുതിയ ബജറ്റില്‍ സബ്സിഡിക്കുള്ള തുക വകയിരുത്താത്തതിനാല്‍ ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡ് നിര്‍ബന്ധിതമാകും. 120 യൂണിറ്റ് വരെയുള്ളവരെ ഒഴിവാക്കാന്‍ പ്രതിവര്‍ഷം 294 കോടിയാണ് വേണ്ടത്. ഇതിനിടെ കൂടുതല്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമീഷനെ സമീപിച്ചിട്ടുണ്ട്. 40 യൂണിറ്റ് വരെ 1.65 രൂപയും 80 യൂണിറ്റ് വരെ 2.30 രൂപയും 120 യൂണിറ്റ് വരെ 2.70 രൂപയും ആണ് വര്‍ധന ആവശ്യപ്പെടുന്നത്. നിരക്ക് വര്‍ധന വീണ്ടും ഉറപ്പായ സാഹചര്യത്തില്‍ സബ്സിഡി തുടരാന്‍ സര്‍ക്കാര്‍ കൂടുതല്‍ തുക മുടക്കേണ്ടി വരും. ഇതിനിടെയാണ് നിലവിലുള്ള സബ്സിഡി തുകപോലും മുടങ്ങുന്നത്. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 65 പൈസയില്‍നിന്ന് ഒന്നര രൂപയായാണ് വധിപ്പിച്ചിരുന്നത്. സബ്സിഡി പ്രഖ്യാപിച്ചതിനാല്‍ അതും ഒഴിവായിരുന്നു. കാര്‍ഷിക വൈദ്യുതിക്ക് 20 മുതല്‍ 33 ശതമാനം വരെ വര്‍ധിപ്പിക്കണമെന്നാണ് ഇപ്പോള്‍ ബോര്‍ഡിന്റെ ആവശ്യം. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴും ഉല്‍പ്പാദനമേഖലയില്‍ 54 കോടി മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ എട്ടുകോടി സൗരോര്‍ജ വൈദ്യുതപദ്ധതികള്‍ക്കാണ്.
(ആര്‍ സാംബന്‍)

deshabhimani 180313

No comments:

Post a Comment