Monday, March 18, 2013

300 കോടിയുടെ എസ്എസ്എ ഫണ്ട് കേരളം പാഴാക്കി


സര്‍വശിക്ഷ അഭിയാന്‍ പദ്ധതിയില്‍ (എസ്എസ്എ) കേരളത്തിന് അടുത്ത സാമ്പത്തികവര്‍ഷം അധ്യാപക ഗ്രാന്റടക്കമുള്ള ധനസഹായം വെട്ടിക്കുറച്ചു. ഈവര്‍ഷം കേരളത്തിന് അനുവദിച്ച 500 കോടി രൂപയില്‍ 300 കോടിയും പാഴാക്കിയ സാഹചര്യത്തിലാണിത്്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വികസന പദ്ധതി അംഗീകരിക്കുന്നതിന് ഡല്‍ഹിയില്‍ ചേര്‍ന്ന പദ്ധതി അംഗീകാര സമിതിയാണ് തുക 300 കോടിയാക്കി വെട്ടിക്കുറച്ചത്. പാഴാക്കാനായി എന്തിന് പണം അനുവദിക്കണമെന്ന സമിതിയുടെ അന്വേഷണത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ കേരളത്തിന്റെ പ്രതിനിധികള്‍ക്കായില്ല. ഇതോടെ അധ്യാപക ഗ്രാന്റ്, പട്ടികജാതി-മതന്യൂനപക്ഷ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള തുക എന്നിവയില്‍ വന്‍ വെട്ടിക്കുറവാണ് വരുത്തിയത്.

സര്‍വശിക്ഷ അഭിയാനില്‍ വിദഗ്ധരെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ ഓഫീസില്‍നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് അടിയ്ക്കടി മാറ്റിയതാണ് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയായത്. പ്രോജക്ട് ഡയറക്ടര്‍ രാമനന്ദന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പിണങ്ങിപ്പിരിഞ്ഞു. വിദ്യാഭ്യാസ വികസനപദ്ധതി തയ്യാറാക്കുന്നതില്‍ വിദഗ്ധനായ ഹയര്‍സെക്കന്‍ഡറി അധ്യാപകനായ സുദര്‍ശനെയും മന്ത്രിയുടെ ഓഫീസ് മടക്കി അയച്ചു. അക്കാദമിക് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഡയറ്റ് അധ്യാപകന്‍ അബ്ദുറഹിമാനെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തക രചനയില്‍ പങ്കെടുത്തെന്ന കാരണത്താല്‍ പിരിച്ചുവിട്ടു. തുടര്‍ന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവായിരുന്ന ഗോപിനാഥന് അക്കാദമിക് വിഭാഗത്തിന്റെ ചുമതല നല്‍കിയത്. പദ്ധതിക്ക് അംഗീകാരം നല്‍കുന്ന സമിതിയില്‍ ഹാജാരാകേണ്ട ചുമതല അദ്ദേഹത്തിനായിരുന്നു. ഡല്‍ഹിയില്‍ പദ്ധതി അംഗീകാര സമിതിക്ക് മുന്നില്‍ ഹാജരാകാനായി അദ്ദേഹത്തിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതാണ്. എന്നാല്‍, ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് അവസാന നിമിഷം പ്രോജക്ടില്‍നിന്ന് നീക്കംചെയ്തു. ഇതോടെ കേന്ദ്രത്തിന് മുന്നില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ വിദഗ്ധര്‍ ഇല്ലാതെപോയി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എസ്എസ്എ പദ്ധതിക്ക് 35 ശതമാനം തുക പദ്ധതി വിഹിതമായി നല്‍കുന്നുണ്ട്. ഇതിനായി കഴിഞ്ഞവര്‍ഷം 150 കോടി രൂപ മാറ്റിവച്ചിരുന്നു. പഞ്ചായത്തുകളില്‍ കുടിവെളള പദ്ധതികള്‍ പോലുള്ള ജനോപകാര പദ്ധതികള്‍ക്കുപോലും മുടക്കാന്‍ പണമില്ലാത്ത സാഹചര്യത്തില്‍ എസ്എസ്എയ്ക്ക് നല്‍കുന്ന തുക വിനിയോഗിക്കാത്തതില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും പ്രതിഷേധത്തിലാണ്. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനുള്ള പ്രോജക്ടിലെ അഴിമതി വെളിച്ചത്തുകൊണ്ടുവരാന്‍ സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഭരണപക്ഷ അധ്യാപക സംഘടനകളുംആവശ്യപ്പെടുന്നു.
(ജോര്‍ജ് വര്‍ഗീസ്)

deshabhimani 180313

No comments:

Post a Comment