Monday, March 18, 2013

നിലയില്ലാക്കയത്തില്‍


തിങ്കളാഴ്ച നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ആരംഭിക്കാനിരിക്കെ യുഡിഎഫ് മുന്നണി സംവിധാനമാകെ ശിഥിലമായി. ബജറ്റിനെതിരെ മന്ത്രിമാരും യുഡിഎഫ് എംഎല്‍എമാരും തിരിഞ്ഞതോടെ യുഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാതെ വലയുകയാണ്. പി സി ജോര്‍ജ് പ്രശ്നത്തോടൊപ്പം ബജറ്റ്, ആര്യാടന്‍, ഗണേശ് വിഷയങ്ങള്‍ കൂടിയായതോടെ യുഡിഎഫ് പ്രതിസന്ധി നിലയില്ലാക്കയത്തിലായി.

ബജറ്റ് ചര്‍ച്ചയില്‍നിന്ന് മൂന്ന് ഭരണകക്ഷി എംഎല്‍എമാര്‍ വിട്ടുനില്‍ക്കുമെന്നും ടി എന്‍ പ്രതാപന്‍ എതിര്‍ത്ത് സംസാരിക്കുമെന്നും വ്യക്തമാക്കിയതോടെ സഭയില്‍ സാങ്കേതികമായി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട നിലയാണ്. ഹൈബി ഈഡന്‍, എം പി വിന്‍സന്റ്, കെ എം ഷാജി എന്നിവരാണ് ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പാര്‍ലമെന്ററി പാര്‍ടിയെ അറിയിച്ചത്. ടി എന്‍ പ്രതാപന്‍ എതിര്‍ത്ത് സംസാരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബജറ്റിനെതിരെ രണ്ട് മന്ത്രിമാര്‍തന്നെ രംഗത്തിറങ്ങിയത് പ്രശ്നം സങ്കീര്‍ണമാക്കി. കെഎസ്ആര്‍ടിസിക്കു വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിന്റെ പേരിലാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്തിറങ്ങിയത്. മന്ത്രിസഭയിലോ യുഡിഎഫിലോ ആലോചിക്കാതെയാണ് മാണി തീരുമാനങ്ങള്‍ എടുത്തതെന്നും ആര്യാടന്‍ തുറന്നടിച്ചു. ബജറ്റില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിഷേധമുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയാണ് അദ്ദേഹത്തിന്റെ അവസാന വാക്ക്. ഇതിനിടെ, ആര്യാടനും മുസ്ലിംലീഗും തമ്മിലുള്ള അടി മൂത്തു. ലീഗിന് വീണ്ടും മറുപടിയുമായി രംഗത്തെത്തിയ ആര്യാടന്‍ ലക്ഷ്യമിടുന്നത് ഉമ്മന്‍ചാണ്ടിയെക്കൂടിയാണ്. പാര്‍ടി നേതൃത്വം പറഞ്ഞാല്‍മാത്രമേ താന്‍ അനുസരിക്കൂവെന്നാണ് ആര്യാടന്‍ പറയുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഉമ്മന്‍ചാണ്ടിയും ആര്യാടനും തമ്മില്‍ തുടങ്ങിയ ഭിന്നത മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആര്യാടന്റെ വെല്ലുവിളി. എറണാകുളം ജില്ലയില്‍നിന്നുള്ള മന്ത്രിയുടെയും ഒരു എംഎല്‍എയുടെയും നേതൃത്വത്തില്‍ നടക്കുന്ന പണപ്പിരിവിനെതിരെ ആര്യാടന്‍ കേന്ദ്രനേതൃത്വത്തിന് പരാതി അയച്ചിട്ടുണ്ട്. പരാതി ലക്ഷ്യമിടുന്നത് ഉമ്മന്‍ചാണ്ടിയെത്തന്നെയാണ്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ രാഹുല്‍ഗാന്ധി നേരിട്ട് അന്വേഷണം തുടങ്ങിയെന്നാണ് വിവരം. ഇതോടെയാണ് ആര്യാടന്‍ ഇടിച്ചുകയറാന്‍ തുടങ്ങിയത്. ആര്യാടന് പിന്തുണയുമായി വി ഡി സതീശനുമുണ്ട്. പി സി ജോര്‍ജ് പ്രശ്നം ചര്‍ച്ചചെയ്യാന്‍ വീണ്ടും യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ചേരുമെങ്കിലും കാര്യമായ തീരുമാനമൊന്നുമുണ്ടാകില്ല. ജോര്‍ജിനെ മാറ്റിയില്ലെങ്കില്‍ മുന്നണി വിടുമെന്ന ജെഎസ്എസിന്റെ മുന്നറിയിപ്പും ജോര്‍ജിനെതിരെ നടപടി വേണമെന്ന സോഷ്യലിസ്റ്റ് ജനത, ആര്‍എസ്പി ബി, ഗണേശ്കുമാര്‍ എന്നിവരുടെ ആവശ്യവും ചര്‍ച്ചചെയ്ത് തള്ളുകയേ ഉള്ളൂ.

ജോര്‍ജിനെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവില്ല. ചീഫ് വിപ്പ് സ്ഥാനം മാണി ഗ്രൂപ്പിന് നല്‍കിയതാണെന്നും അവരാണ് തീരുമാനമെടുക്കേണ്ടതെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ജോര്‍ജിനെ മാറ്റാന്‍ മാണിയും തയ്യാറല്ല. പാര്‍ടിയുടെ സവിശേഷമായ സ്ഥിതിയില്‍ ജോര്‍ജിനെ മാറ്റിയാല്‍ പ്രശ്നമാകുമെന്നാണ് മാണിയുടെ നിലപാട് .  പി സി ജോര്‍ജും ഫ്രാന്‍സിസ് ജോര്‍ജും തമ്മിലുള്ള തര്‍ക്കംപോലും മാണിക്ക് പരിഹരിക്കാന്‍ കഴിയുന്നില്ല. പഴയ ജോസഫ് ഗ്രൂപ്പും ജോര്‍ജും ഇപ്പോഴും വെവ്വേറെ പാര്‍ടിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതും.

ജോര്‍ജും ഗണേശും തമ്മിലുള്ള സംഘര്‍ഷവും അതേ നിലയില്‍ തുടരുകയാണ്. ഇതിനിടയില്‍ ഗണേശിന്റെ ഭാര്യയ്ക്കു നേരെ നടന്ന ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള പരാതികളും പ്രശ്നങ്ങളും ഇതുവരെ പറഞ്ഞുതീര്‍ക്കാനായിട്ടില്ല.
(എം രഘുനാഥ്)

ജോര്‍ജിനെ നീക്കണം ജെഎസ്എസ്

ആലപ്പുഴ: പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കണമെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും യുഡിഎഫ് കണ്‍വീനര്‍ക്കും കെ എം മാണിക്കും കത്തു നല്‍കും. നടപടി ഉണ്ടായില്ലെങ്കില്‍ പിന്നീട് ആലോചിക്കും. ജോര്‍ജിന് സമനില തെറ്റിയിരിക്കുകയാണ്. എന്നിട്ടും ജോര്‍ജിന്റെ തോളില്‍ തട്ടി മുഖ്യമന്ത്രി സംസാരിക്കുന്നത് ശരിയല്ല.മുഖ്യമന്ത്രിയെക്കുറിച്ച് താന്‍ പറഞ്ഞാല്‍ കൂടിപ്പോകുമെന്നും അവര്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ സമീപനം തൃപ്തികരമല്ല. മരിക്കുന്നവരെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും. ജോര്‍ജിനെതിരെയുള്ള പരാമര്‍ശങ്ങള്‍ നിയമസഭാരേഖകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. ജോര്‍ജിന്റെ അടുത്ത ലക്ഷ്യം മാണി തന്നെയായിരിക്കുമെന്നും അവര്‍ പറഞ്ഞു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റിയോഗത്തില്‍ പ്രമേയം പാസാക്കി. മുഴുവന്‍ അംഗങ്ങളും അനുകൂലിച്ചു. ഇത്തരത്തില്‍ അപമാനം സഹിച്ചുകൊണ്ട് തുടരാന്‍ കഴിയില്ലെന്നും പ്രമേയത്തില്‍ പറയുന്നു. അടിയന്തിരനടപടിയെടുക്കാത്ത പക്ഷം യുഡിഎഫില്‍ തുടരുന്ന കാര്യം അടുത്ത സംസ്ഥാനകമ്മറ്റി ആലോചിക്കും.

deshabhimani 180313

No comments:

Post a Comment