Monday, March 18, 2013

ഭാഗ്യക്കുറി സമ്മാനത്തുക തട്ടാന്‍ സര്‍ക്കാര്‍ ശ്രമം


ലോട്ടറി അടിച്ചാലും ഇനി രക്ഷയില്ല

ലോട്ടറി അടിച്ചാലും ഇനി രക്ഷപ്പെടാനാകില്ല. പ്രധാന സമ്മാനങ്ങളുടെ ഒരു ഭാഗം സംസ്ഥാനസര്‍ക്കാര്‍ സ്ഥിര നിക്ഷേപമാക്കി കൈവശം വയ്ക്കും. മൂന്നു വര്‍ഷത്തിന് ശേഷം മാസത്തില്‍ കുറച്ച് തുകവീതം തരും. 10 വര്‍ഷത്തിനുശേഷമേ സമ്മാനത്തുക പൂര്‍ണമായും കൈയില്‍കിട്ടൂ. ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റിലാണ് ഭാഗ്യാന്വേഷികളെ നിരാശപ്പെടുത്തുന്ന തീരുമാനം. "ലോട്ടറി വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപമാക്കി മാറ്റി, പലിശ സ്ഥിരവരുമാനമാക്കാന്‍ "സമ്പാദ്യ" എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്കരിക്കും. നിക്ഷേപകന് മൂന്നു വര്‍ഷത്തിന് ശേഷം പ്രതിമാസം നിശ്ചിത തുകയും പത്തു വര്‍ഷത്തിനുശേഷം നിക്ഷേപത്തുകയും മടക്കി നല്‍കും" എന്നാണ് ബജറ്റിലെ നിര്‍ദേശം. പ്രത്യക്ഷത്തില്‍ നിക്ഷേപകന് സമ്പാദ്യമാണ് പദ്ധതിയെങ്കിലും ഒന്നാം സമ്മാനത്തിന്റെ പ്രധാനഭാഗം സര്‍ക്കാരിന്റെ പദ്ധതിയിലേക്ക് മാറ്റിയാല്‍ ലോട്ടറി അടിച്ചയാള്‍ക്ക് കാര്യമായ പ്രയോജനമില്ലാതാകും.

സര്‍ക്കാര്‍ ലോട്ടറി അടിക്കുന്നവരില്‍ മഹാഭൂരിപക്ഷവും നിര്‍ധനരും തീരാദുരിതങ്ങളില്‍ കഴിയുന്നവരുമാണ്. വീട്, മക്കളുടെ വിവാഹം, കടംവീട്ടല്‍, പുരയിടം വാങ്ങല്‍ എന്നിവയെല്ലാം സാധ്യമാക്കാനാണ് സമ്മാനത്തുക മിക്കവരും വിനിയോഗിക്കുന്നത്. ലോട്ടറി സമ്മാനത്തുക സര്‍ക്കാര്‍ സ്ഥിരനിക്ഷേപമാക്കുന്നത് ഖജനാവിന് വരുമാനം കണ്ടെത്താനുള്ള കുറുക്കുവഴിയുടെ ഭാഗമാണ്. ലോട്ടറിയുടെ വില്‍പ്പനയെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാതെയാണ് പുതിയ നടപടി. സമ്മാനാര്‍ഹരുടെ സമ്മതംകൂടാതെ നിര്‍ബന്ധിതമായി സമ്മാനത്തുക സര്‍ക്കാര്‍ കവരുന്നത് ഭാഗ്യാന്വേഷികളെ പ്രയാസത്തിലാക്കും. 2009ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും ലോട്ടറിത്തൊഴിലാളി യൂണിയന്‍ നേതാവ് എം വി ജയരാജനും മുന്‍കൈയെടുത്ത് ഒന്നാം സമ്മാനം ലഭിച്ചവരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ലോട്ടറി അടിച്ചതുമൂലം മക്കളെ വിവാഹം ചെയ്തയച്ചതിന്റെയും പുരയിടം വാങ്ങിയതിന്റെയുമൊക്കെ സന്തോഷം നിറഞ്ഞ അനുഭവമാണ് പലരും പങ്കിട്ടത്. വിരലിലെണ്ണാവുന്നവര്‍മാത്രമാണ് സമ്മാനത്തുക ജീവിതക്ഷേമത്തിന് വിനിയോഗിക്കാതെ ധൂര്‍ത്തടിച്ചിട്ടുള്ളത്.

ഭാഗ്യക്കുറി സമ്മാനത്തുക തട്ടാന്‍ സര്‍ക്കാര്‍ ശ്രമം

തിരുവനന്തപുരം: ഭാഗ്യക്കുറി വില്‍പ്പനയിലൂടെ ലഭിക്കുന്ന കോടികളുടെ ലാഭത്തിനു പുറമേ സമ്മാനത്തുകയും തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം. ഇതിനായി ഭാഗ്യക്കുറി വകുപ്പും ധനമന്ത്രാലയവും അണിയറനീക്കം തുടങ്ങി. ലോട്ടറിയടിക്കുന്ന പണം പുതുതലമുറ ബാങ്കുകള്‍ക്ക് 10 വര്‍ഷത്തേക്ക് തീറെഴുതാനുള്ള പദ്ധതിയാണ് അണിയറയില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ഇൗ പദ്ധതിയുടെ പ്രഖ്യാപനവും ബജറ്റിലൂടെ ധനമന്ത്രി കെ എം മാണി നടത്തിക്കഴിഞ്ഞു.

ഭാഗ്യക്കുറി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതിന്റെ ആദ്യചുവടുവയ്പ്പായാണ് ‘സമ്പാദ്യഎന്ന പേരില്‍ ഒരു പുതുപദ്ധതി ബജറ്റിലൂടെ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം ഭാഗ്യക്കുറി സമ്മാനം ലഭിച്ച വ്യക്തി ടാക്‌സിനു ശേഷമുള്ള സമ്മാന തുകയുടെ സിംഹഭാഗവും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പുതുതലമുറ ബാങ്കുകളിലോ ട്രഷറികളിലോ 10 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമാക്കേണ്ടതായി വരും. ഇങ്ങനെ നിക്ഷേപിക്കുന്ന തുക അടിയന്തര ഘട്ടങ്ങളില്‍ നിക്ഷേപകന് പിന്‍വലിക്കാനുള്ള അവകാശംപോലും ഇപ്പോള്‍ ലഭ്യമാക്കിയിട്ടില്ല. ഈ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിക്ഷേപകന് ലഭിക്കണമെങ്കിലും മൂന്നുവര്‍ഷം കാത്തിരിക്കേണ്ടിവരും. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവ എങ്ങനെ തിരികെ നല്‍കുമെന്നോ മാനദണ്ഡങ്ങള്‍ എന്തെന്നോ വ്യക്തമാക്കിയിട്ടുമില്ല.

നിലവില്‍ ഭാഗ്യക്കുറി സമ്മാനം അടിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ ടിക്കറ്റ് ഏതെങ്കിലും അംഗീകൃത ബാങ്കുവഴിയോ നേരിട്ടോ ലോട്ടറി വകുപ്പില്‍ ഏല്‍പ്പിച്ചാല്‍ മാത്രമേ സമ്മാനത്തുക ലഭിക്കുകയുള്ളൂ. ലോട്ടറി വകുപ്പ് വിവിധ പരിശോധനയ്ക്കു ശേഷം ടാക്‌സ്, കമ്മീഷന്‍ എന്നിവ കഴിച്ച് ഒരു മാസത്തിനകം സമ്മാനര്‍ഹന് തുക നല്‍കും. പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ ആര്‍ക്കും സമ്മാനത്തുക നേരിട്ട് ലഭിക്കാത്ത അവസ്ഥയാണുള്ളത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള മാര്‍ഗമായാണ് പലരും ലോട്ടറിയെ കാണുന്നത്. ഇനി ലോട്ടറി അടിച്ചാലും പണം കയ്യില്‍ കിട്ടാന്‍ 10 വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന് വന്നാല്‍ പിന്നെ ലോട്ടറി എടുക്കുന്നതില്‍ അര്‍ഥംതന്നെയില്ലാതാകും. മാത്രമല്ല നിലവിലുള്ള പണത്തിന്റെ മൂല്യമായിരിക്കില്ല 10 വര്‍ഷം കഴിയുമ്പോള്‍. ഇതിനാല്‍ കാര്യമായ പ്രയോജനം ലോട്ടറിയടിച്ചയാള്‍ക്ക് ലഭിക്കണമെന്നുമില്ല.

ഇത് ലോട്ടറി കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിര്‍ധനരായ രണ്ട് ലക്ഷത്തോളം പേരാണ് ഭാഗ്യക്കുറി വ്യവസായത്തിലൂടെ ഉപജീവന മാര്‍ഗം തേടുന്നത്. ഇവരുടെ ഉപജീവനമാര്‍ഗത്തിനാണ് സമ്പാദ്യ പദ്ധതി വിലങ്ങുതടിയാവുന്നത്.ഭാഗ്യക്കുറി വകുപ്പില്‍ സംസ്ഥാന വ്യാപകമായി 22,581 രജിസ്റ്റേര്‍ഡ് ഏജന്റുമാരുണ്ട്. കൂടാതെ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 25,095 അംഗങ്ങള്‍ക്ക് പുറമേ നിര്‍ധനരും നിരാലംബരും ഉള്‍പ്പടെ 2 ലക്ഷത്തോളംപേര്‍ ഭാഗ്യക്കുറി വില്‍പ്പന നടത്തി ഉപജീവനം നടത്തുന്നുണ്ട്.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഭാഗ്യക്കുറി വില്‍പ്പനയുടെ നികുതിയിനത്തില്‍ 54.25 കോടി ലഭിക്കുകയും 394.87 കോടി രൂപ ലാഭവും ലഭിച്ചു. 2012-13 സാമ്പത്തിക വര്‍ഷം 1860 കോടി രൂപയാണ് ലോട്ടറി വില്‍പ്പനയിലൂടെ ലക്ഷ്യമിട്ടപ്പോള്‍ 2700 കോടിയോളം രൂപയുടെ റെക്കോഡ് വിറ്റുവരവാണ് ലഭിച്ചത്. ഇതിലൂടെ സര്‍ക്കാരിന് 650 കോടി രൂപയുടെ ലാഭമുണ്ടായി. ഇതില്‍ 94.25 കോടി രൂപ നികുതി വരുമാനമായി ലഭിക്കുകയും ചെയ്തു. ബംബര്‍ ഉള്‍പ്പെടെയുള്ള നറുക്കെടുപ്പുകളില്‍ നിന്നും 75 കോടിയില്‍പ്പരം രൂപ നികുതി ഇനത്തില്‍ ലഭിക്കുകയും ചെയ്തു. ഇത്തരത്തില്‍ സംസ്ഥാന ഖജനാവിലേക്ക് ഒഴുകുന്ന കോടികള്‍ക്ക് പുറമേയാണ് സമ്മാനാര്‍ഹരെക്കുടി പിഴിയുന്ന നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

സംസ്ഥാന ഭാഗ്യക്കുറിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയും വിശ്വാസ്യതയും കണക്കിലെടുത്ത് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതുതായി 3586 പേര്‍ ഭാഗ്യക്കുറി ഏജന്‍സി എടുത്തു. ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ധനസഹായമായി ആറ് കോടിയോളം രൂപ നല്‍കിയിട്ടുമുണ്ട്.

എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പൊതുജനം ലോട്ടറി എടുപ്പ് പൂര്‍ണ്ണമായും നിര്‍ത്തുകതന്നെചെയ്യും.
(മനോജ് മാധവന്‍)

deshabhimani/janayugom 180313

No comments:

Post a Comment