Sunday, March 17, 2013
ഓരോ മിനിറ്റിലും എഴുതിത്തള്ളുന്നത് 70 ദശലക്ഷം രൂപ!
ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെയും അതിസമ്പന്നരുടെയും നികുതി തീരുവ ഇനങ്ങളില്‍ ഓരോ മിനിറ്റിലും എഴുതി തള്ളുന്നത് 70 ദശലക്ഷത്തിലധികം രൂപ!
കോര്‍പ്പറേറ്റ് ആദായനികുതി ഇനത്തില്‍ ഏറ്റവും അവസാനം ഇന്ത്യാ ഗവണ്‍മെന്റ് എഴുതിത്തള്ളിയത് 68,006 കോടിരൂപ. ഇക്കൊല്ലം സര്‍ക്കാര്‍ പിരിച്ചെടുക്കാതെ വേണ്ടെന്നുവച്ച കോര്‍പ്പറേറ്റ് നികുതി വരുമാനം 5.28 ലക്ഷം കോടി. 2005-06 സാമ്പത്തികവര്‍ഷം മുതല്‍ ഇതുവരെ കോര്‍പ്പറേറ്റ് നികുതി, എക്‌സൈസ്, കസ്റ്റംസ് തീരുവകള്‍ എന്നീയിനങ്ങളില്‍ മൊത്തം എഴുതിത്തള്ളിയത് 31.11 ലക്ഷം കോടി രൂപ.
ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റ് സ്വര്‍ണം, രത്‌നാഭരണ ഇറക്കുമതി ഇനത്തില്‍ ഉപേക്ഷിക്കുന്ന കസ്റ്റംസ് തീരുവ മൊത്തം 61,035 കോടി രൂപവരും. ഇത് അസംസ്‌കൃത എണ്ണ, ധാതു എണ്ണകള്‍, മെഷിനറികള്‍ എന്നിവയുടെ തീരുവയില്‍ ഉപേക്ഷിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന തുകയാണ്. കഴിഞ്ഞ 36 മാസത്തിനുള്ളില്‍ സ്വര്‍ണം, രത്‌നം ഇനങ്ങളില്‍ കസ്റ്റംസ് തീരുവ ഇളവു നല്‍കിയത് 1.76 ലക്ഷം കോടി രൂപ.
ഇത് 2 ജി കുംഭകോണത്തില്‍ രാഷ്ട്ര ഖജനാവിനു നഷ്ടമായതില്‍ ഏറെയാണ്. രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യന്‍ ആഭരണ വ്യാപാരികള്‍ ഫോര്‍ബ്‌സ് മാസികയുടെ ലോക ഡോളര്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചതിന്റെ കാരണം അന്വേഷിച്ച് ഏറെ മിനക്കെടേണ്ടതില്ല.
'ക്ഷാമത്തെയും പട്ടിണിയേയും സംബന്ധിച്ച ലോകത്തെ ഏറ്റവും മികച്ച വിദഗ്ധരിലൊരാള്‍' എന്ന് നോബല്‍ സമ്മാന ജേതാവ് അമൃത്യാ സെന്‍ വിശേഷിപ്പിച്ച പി സായിനാഥ് കഴിഞ്ഞ ദിവസം ഹിന്ദു ദിനപത്രത്തിലെഴുതിയ 'ദി ഫീഡിംഗ് ഫ്രന്‍സി ഓഫ് കഌപ്‌റ്റോക്രസി' എന്ന ലേഖനമാണ് ഈ വസ്തുതകള്‍ വെളിപ്പെടുത്തുന്നത്. ഗ്രാമീണ റിപ്പോര്‍ട്ടര്‍, എന്ന് സ്വയം വിശേഷിപ്പിക്കുന്ന സായ്‌നാഥ് ഹിന്ദുവിന്റെ റൂറല്‍ അഫയേഴ്‌സ് എഡിറ്ററാണ്.
janayugom
Subscribe to:
Post Comments (Atom)
No comments:
Post a Comment