Saturday, March 16, 2013

പുതുതലമുറ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തകൃതി


സ്വകാര്യമേഖലയിലെ പുത്തന്‍ തലമുറ ബാങ്കുകളിലൂടെ സഹസ്രകോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ കേന്ദ്രധനമന്ത്രാലയത്തെ ഞെട്ടിപ്പിക്കുന്നു.
സ്വിസ് ബാങ്കുകളടക്കമുള്ള വിദേശബാങ്കുകളിലെ ലക്ഷക്കണക്കിന് കോടിരൂപയുടെ കള്ളപ്പണം തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യത്തിനുനേരെ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നതിനിടയിലാണ് ഐ സി ഐ സി ഐ, ആക്‌സിസ്, എച്ച് ഡി എഫ് സി എന്നീ പുതുതലമുറബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആശങ്കാജനകമായ വിവരങ്ങള്‍ 'കോബ്രാ പോസ്റ്റ്' എന്ന ഓണ്‍ലൈന്‍ മാധ്യമം ഒരു ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

ബാങ്കിംഗ് മേഖലയില്‍ പരിഭ്രാന്തി പരത്തിയ ഈ തട്ടിപ്പ് പുറത്തുവന്നിട്ടും കേന്ദ്ര ധനമന്ത്രാലയം കയ്യുംകെട്ടി നോക്കിനില്‍ക്കുമ്പോള്‍ തട്ടിപ്പു സ്ഥിരീകരിക്കുന്നവിധത്തില്‍ ഐ സി ഐ സി ഐ ബാങ്ക് 18 ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി. ആരോപണത്തെക്കുറിച്ച് ഫോറന്‍സിക് പരിശോധനയടക്കമുള്ള അന്വേഷണം നടത്താന്‍ എച്ച് ഡി എഫ് സി ബാങ്ക് ഡെലോയിറ്റ് ടച്ച് തൊമാറ്റ്‌സു എന്ന സ്ഥാപനത്തേയും നിയമലംഘനത്തിന്റെ പരിശോധനകള്‍ നടത്താന്‍ മറ്റൊരു കമ്പനിയേയും ചുമതലപ്പെടുത്തിയതായി അറിയിച്ചു.

നിയമവിരുദ്ധമായി സ്വകാര്യബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിട്ടും ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചതല്ലാതെ ആക്‌സിസ് ബാങ്ക് കാര്യമായ നടപടികളൊന്നും സ്വീരീകരിച്ചിട്ടില്ല. കള്ളപ്പണ മാഫിയകള്‍ കേന്ദ്രഭരണത്തിന്റെ കൊമ്പത്തുള്ളവരുമായി ഒത്തുചേര്‍ന്ന് നടത്തിയ ഗുരുതരമായ ഈ സാമ്പത്തിക കുറ്റകൃത്യം ഏതാനും ജീവനക്കാരെ ബലിയാടാക്കി ഒതുക്കിത്തീര്‍ക്കാനാണ് ഈ ബാങ്കുകളുടെയും ധന മന്ത്രാലയത്തിലേയും ഉന്നതങ്ങളില്‍ ഗൂഢാലോചന നടക്കുന്നതെന്ന സൂചനയുമുണ്ട്.

'കോബ്രാപോസ്റ്റ്' ചീഫ് എഡിറ്റര്‍ അനിരുദ്ധ ബഹലിന്റെ വെളിപ്പെടുത്തല്‍ ഓഹരിവിപണിയിലും സംഭ്രാന്തി പരത്തിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ശരിയല്ലെന്ന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ ബാങ്കുകള്‍ തന്നെ അറിയിച്ചിട്ടുണ്ടെന്ന ഒഴുക്കന്‍ പ്രതികരണമാണ് കേന്ദ്രധനമന്ത്രി പി ചിദംബരത്തിന്റേത്. ഓപ്പറേഷന്‍ റെഡ് സ്‌പൈഡര്‍ എന്നു പേരിട്ട ചാരക്യാമറകളുപയോഗിച്ചുള്ള 'കോബ്രാപോസ്റ്റി'ന്റെ ഓപ്പറേഷനില്‍ ഈ സ്വകാര്യ ബാങ്കുകളിലെ മധ്യതലത്തിലും മേഖലാതലത്തിലും മാത്രമല്ല ബ്രാഞ്ചുതലത്തില്‍ പോലും കള്ളപ്പണം വെളുപ്പിക്കുന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചു. ഡല്‍ഹി, ഫരീദാബാദ്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഒരേവിധത്തിലുള്ള തെളിവുകളാണ് കിട്ടിയത്. എച്ച് ഡി എഫ് സി ലൈഫ്, ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ സഹോദര സ്ഥാപനങ്ങള്‍ വഴി കള്ളപ്പണം വെളുപ്പിച്ചുകൊടുക്കാമെന്ന വാഗ്ദാനങ്ങളും 150 മിനിറ്റ് ദൈര്‍ഘ്യമുള്ള 'കോബ്രാപോസ്റ്റി'ന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്.

'കോബ്രാപോസ്റ്റി'ന്റെ അസോസിയേറ്റ് എഡിറ്റര്‍ സയ്യദ് മന്‍സൂര്‍ ഹസനാണ് രാജേഷ് ശര്‍മ്മ എന്ന മറുപേരില്‍ ഒരു കേന്ദ്രമന്ത്രിയുടെ ഉറ്റചങ്ങാതി ചമഞ്ഞ് ഈ ബാങ്കുകളെ സമീപിച്ചത്. 'മന്ത്രി'യുടെ സാങ്കല്‍പിക ഭാര്യമാരായ നീതയ്ക്കും വന്ദനയ്ക്കും കോടികളുടെ കള്ളപ്പണം വെളുപ്പിക്കാനുണ്ടെന്നു പറഞ്ഞാണ് ബാങ്കുകളുടെ നിയമവിരുദ്ധ നടപടികളുടെ ശക്തമായ തെളിവുകള്‍ സംഘടിപ്പിച്ചത്. വമ്പന്‍ നിക്ഷേപലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള തത്രപ്പാടിലാണ് ബാങ്കുകള്‍ കള്ളപ്പണ ഇടപാടുകളിലേക്ക് നീങ്ങിയതെന്നും സൂചനയുണ്ട്.

ആദായനികുതി നിയമം, റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍, വിദേശപ്പണ നിയന്ത്രണനിയമം തുടങ്ങിയ ഒരുപിടി കര്‍ക്കശ നിയമങ്ങളും ഈ സ്വകാര്യ ബാങ്കുകള്‍ കാറ്റില്‍ പറത്തുകയായിരുന്നു. എന്നാല്‍ ആരോപണം തെളിഞ്ഞാല്‍ ഈ ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന 'ആചാരപരമായ' ഒരു പ്രതികരണം മാത്രമായിരുന്നു കേന്ദ്ര ധനമന്ത്രാലയത്തിലെ സെക്രട്ടറി രാജീവ് തക്രുവിന്റേത്.

 janayugom

No comments:

Post a Comment