Sunday, March 17, 2013

വിഴുപ്പലക്കല്‍ തകൃതി


മലപ്പുറം/കോഴിക്കോട്/കല്‍പ്പറ്റ/കൊച്ചി: ലൈംഗികവിവാദത്തിന്റെ അലകളടങ്ങുംമുമ്പ് ബജറ്റിന്റെപേരിലും തര്‍ക്കങ്ങളുയര്‍ന്നതോടെ യുഡിഎഫില്‍ ചേരിപ്പോരും വിഴുപ്പലക്കലും കൂടുതല്‍ രൂക്ഷമായി. ഇത്രനാളും സര്‍ക്കാരിന്റെ സംരക്ഷകരായി നിലകൊണ്ട മുസ്ലിംലീഗും വെടിപൊട്ടിച്ചതോടെ പ്രതിസന്ധി മുറുകുകയാണെന്ന് വ്യക്തമായി. ഘടക കക്ഷികള്‍ തമ്മിലുള്ള പോരിനുപുറമെ ചില ഘടക കക്ഷികളില്‍ത്തന്നെ ചേരിപ്പോര് കനത്തതോടെ യുഡിഎഫിന് പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയാണ് ഉടലെടുത്തിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജിനെതിരെ പാര്‍ടിയിലെ മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് കടുത്ത പ്രയോഗങ്ങളുമായി രംഗത്തുവന്നത് പാര്‍ടിക്കുള്ളില്‍ രൂപപ്പെടുന്ന പൊട്ടിത്തെറിക്കു തെളിവായി. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ എന്നിവരെല്ലാം രംഗത്തിറങ്ങി. സര്‍ക്കാരിലെ പ്രമുഖനായ ആര്യാടന്റെ രാജിയാണ് ലീഗിന്റെ ആവശ്യം. മന്ത്രിയെന്ന നിലയില്‍ ആര്യാടന്റെ അച്ചടക്കലംഘനവും പാര്‍ടിക്കെതിരെയുള്ള ആക്ഷേപവും യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കാനാണ് ലീഗ് തീരുമാനം. ബജറ്റിനെ വിമര്‍ശിച്ച മന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികതയില്ലെന്ന് ലീഗ് വ്യക്തമാക്കും.

കെ പി എ മജീദിനു പിന്നാലെ കുഞ്ഞാലിക്കുട്ടിയും മുനീറും ശനിയാഴ്ച പ്രസ്താവനകളുമായി രംഗത്തുവന്നു. ബജറ്റ് മികച്ചതാണെന്നും അനാവശ്യവിവാദങ്ങള്‍ നല്ലതല്ലെന്നും ആര്യാടനെ ഓര്‍മിപ്പിച്ച് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പോരില്‍ അണിചേര്‍ന്നു. ഇതിനെല്ലാം ആര്യാടന്റെ മറുപടി കടുത്ത ഭാഷയിലാണ്. ലീഗ് പിന്തുണച്ചാലുമില്ലെങ്കിലും തനിക്കൊരു ചുക്കുമില്ലെന്ന് ആര്യാടന്‍ തുറന്നടിച്ചു. ""ഭരണഘടനയും ജനാധിപത്യമര്യാദയും കൂട്ടുത്തരവാദിത്തവും എന്നെ പഠിപ്പിക്കാന്‍ മജീദല്ല ഹൈദരലി ശിഹാബ് തങ്ങള്‍പോലും വളര്‍ന്നിട്ടില്ല. എനിക്ക് ശരിയാണെന്നു തോന്നുന്നത് എന്റെ പാര്‍ടിയില്‍ പറയും. ഞാനൊരു മന്ത്രിയാണ്. മജീദിനെപോലെ എനിക്ക് പറയാനാകില്ല. അവരോട് ചോദിച്ച് തീട്ടൂരം വാങ്ങിപ്പോകാന്‍ എന്നെ കിട്ടില്ല"". കല്‍പ്പറ്റയിലും കോഴിക്കോട്ടും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരോടും ഘടക കക്ഷി നേതാക്കളോടും ആലോചിച്ചാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് കെ പി എ മജീദ് പറഞ്ഞത് അദ്ദേഹത്തിന്റെ വിവരക്കേടാണെന്നും ആര്യാടന്‍ പരിഹസിച്ചു. ഇപ്പോഴത്തെ സമീപനങ്ങളുമായി നടന്നാല്‍ പി സി ജോര്‍ജിനെ "ഒരു പട്ടിയും" വകവയ്ക്കില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പി സി ജോര്‍ജ് "ഗ്രാമീണഭാഷയില്‍" മറുപടി പറയുന്നതുകൊണ്ടാണ് താനും ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പി സി ജോര്‍ജിന്റേത് ധൈര്യമല്ല, വിവരക്കേടാണ്. എന്തുപറഞ്ഞാലും ആരും ചോദിക്കാനില്ലെന്ന രീതി ശരിയല്ല. ഗൗരിയമ്മയോട് മാപ്പുപറഞ്ഞതുകൊണ്ടുമാത്രം പ്രശ്നങ്ങള്‍ തീരില്ല. എന്തെങ്കിലും വിളിച്ചുപറയുകയും പിന്നീട് മാപ്പുപറയുകയും ചെയ്യുന്ന രീതി വച്ചുപൊറുപ്പിക്കാനാകില്ല. ഇത്തരം പ്രവണതകളെ പാര്‍ടി കര്‍ക്കശമായാണ് കാണുന്നതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. യുഡിഎഫിലെ ചെറുതും വലുതുമായ നേതാക്കളെല്ലാം ചാനല്‍ കണ്ടാല്‍ പരസ്പരം ചെളിവാരിയെറിയുകയാണ്.

ജോര്‍ജിനെതിരെ ജോസഫ് വിഭാഗം രംഗത്ത്

കോട്ടയം: പി സി ജോര്‍ജിനെ ചീഫ് വപ്പ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് പരസ്യമായ ആവശ്യവുമായി കൂടുതല്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. അടിയന്തരമായി കേരള കോണ്‍ഗ്രസ് നേതൃയോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. കെ സി ജോസഫ് എന്നീ നേതാക്കളുടെ നിലപാട്. ഇവര്‍ ഇക്കാര്യം പരസ്യമായും ആവശ്യപ്പെട്ടു. മന്ത്രി പി ജെ ജോസഫിന്റെ ആവശ്യമാണ് ഇവരിലൂടെ പുറത്തുവരുന്നതെന്നും സൂചനയുണ്ട്. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് ചേരുന്ന നിയമസഭാ കമ്മിറ്റിയും ഈ വികാരം പങ്കുവയ്ക്കും. ചീഫ് വിപ്പിന്റെ സ്ഥാനത്തിരുന്ന് നിലവാരമില്ലാത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ പി സി ജോര്‍ജിനെ അനുവദിക്കരുതെന്ന് ഇവര്‍ കെ എം മാണിയോട് ആവശ്യപ്പെടും.

കെ എം മാണിയും പി ജെ ജോസഫും മറ്റ് ആറ് എംഎല്‍മാരും ഈ അഭിപ്രായക്കാരണ്. മുതിര്‍ന്ന പാര്‍ടി ജനറല്‍ സെക്രട്ടറിമാരും ജോര്‍ജിനെ മാറ്റിയിട്ടാണെങ്കിലും പാര്‍ടിയുടെ പ്രതിച്ഛായ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. നേതൃത്വത്തിന്റെ ഈ നിലപാട് അറിയാവുന്നതുകൊണ്ട് തന്നെ ജോര്‍ജിനെതിരെ നാനാകോണുകളില്‍നിന്ന് വരുന്ന വിമര്‍ശനങ്ങളെ ഇവരാരും പ്രതിരോധിക്കുന്നില്ല. വി കെ സുനില്‍കുമാര്‍ എംഎല്‍എ ജോര്‍ജിനെതിരെ ചെരുപ്പൂരി കാണിച്ചിട്ടും ആരും പ്രതികരിക്കാതിരുന്നത് ഇതുകൊണ്ടാണെന്നും കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. മന്ത്രി കെ എം മാണി ബജറ്റ് അവതരണത്തിെന്‍ സമാപന ഘട്ടത്തില്‍ ശത്രുക്കള്‍ ഉള്ളില്‍ തന്നെയെന്ന പ്രഖ്യാപനം നടത്തിയത് പി സി ജോര്‍ജിനെ ഉദ്ദേശിച്ചാണ്. ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേദിവസങ്ങളില്‍ തന്നെ ഇത്തരമൊരു വിവാദമുണ്ടാക്കിയതിലൂടെ ബജറ്റിന്റെ പ്രാധാന്യത്തിനാണ് കറുവ് വന്നതെന്ന് കേരള കോണ്‍ഗ്രസിന്റെ ഉന്നത നേതാവ് പറഞ്ഞു. ഇതൊക്കെ സംഭവിക്കാതെ പക്വമായ നിലപാട് എടുക്കാന്‍ പാര്‍ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ക്ക് ബാധ്യതയുണ്ട്. അവര്‍ അത് നിറവേറ്റുന്നില്ലെന്നത് ദു:ഖകരമാണ്. പലപ്പോഴും ഇത്തരം വിവാദങ്ങള്‍ കെ എം മാണിയുടെ പ്രതിച്ഛായക്കാണ് മങ്ങലേല്‍പ്പിക്കുന്നത്. ഇത് ഇനി അനുവദിക്കില്ല- അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി എംപിയും തന്റെ അതൃപ്തി നേതാക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്.
(എസ് മനോജ്)

deshabhimani 170313

No comments:

Post a Comment