Wednesday, March 20, 2013
സിഐടിയു സമ്മേളനം: സംഘാടകസമിതി ഓഫീസും ബോര്‍ഡുകളും പൊലീസ് നശിപ്പിച്ചു
സിഐടിയു അഖിലേന്ത്യാസമ്മേളന പ്രചാരണബോര്‍ഡും സംഘാടകസമിതി ഓഫീസും പൊലീസ് വ്യാപകമായി നശിപ്പിച്ചു. പടുവിലായി, വേങ്ങാട് മേഖലകളിലെ പ്രചാരണ സാമഗ്രികളാണ് കൂത്തുപറമ്പ് പൊലീസ് തകര്‍ത്തത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പ്രചാരണസാമഗ്രികള്‍ തകര്‍ത്ത് പൊലീസിന്റെ അഴിഞ്ഞാട്ടം. പടുവിലായി വണ്ണാന്റെമെട്ടക്ക് സ്ഥാപിച്ച സംഘാടകസമിതി ഓഫീസ് പൊളിച്ച് റോഡിലിട്ടു. സംഘാടകസമിതി ഓഫീസിലും സിപിഐ എം ഓഫീസിലും പരിസരങ്ങളിലുമായി വച്ച ആറ് ബോര്‍ഡും അഭിവാദ്യഗേറ്റുകളും എടുത്തുകൊണ്ടുപോയി നശിപ്പിച്ചു. വണ്ണാന്റെമെട്ട, കല്ലിക്കുന്ന്, മുണ്ടമെട്ട എന്നിവിടങ്ങളിലെ കൊടിമരങ്ങളും തകര്‍ത്തിട്ടുണ്ട്. വേങ്ങാട്, കനാല്‍ക്കര മേഖലകളിലും ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യവ്യക്തികളുടെ സ്ഥലത്തും പാര്ടിഓഫീസിന് സമീപവും സ്ഥാപിച്ച ബോര്‍ഡുകളും എടുത്തുകൊണ്ടുപോയി.
കണ്ണൂര്‍ ടൗണിലും ചക്കരക്കല്ലിനടുത്ത് തിലാന്നൂരും സമ്മേളന ബോര്‍ഡുകള്‍ എടുത്തുകൊണ്ടുപോയതിനെതിരെ ജനരോഷം ഉയരുമ്പോഴാണ് പടുവിലായി, വേങ്ങാട് മേഖലകളിലെ പ്രചാരണസാമഗ്രികള്‍ പൊലീസ് നശിപ്പിച്ചത്. ബോര്‍ഡ് തിരികെ വേണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പ് സ്റ്റേഷനിലെത്തിയ സിപിഐ എം- സിഐടിയു നേതാക്കളോട് കൊടിമരം വഴിയില്‍ ഉപേക്ഷിച്ചെന്നും ബോര്‍ഡുകള്‍ നശിപ്പിച്ചെന്നുമായിരുന്നു കൂത്തുപറമ്പ് എസ്ഐയുടെ മറുപടി. സിപിഐ എം ഏരിയാസെക്രട്ടറി പി ബാലന്, ജില്ലാകമ്മിറ്റി അംഗം കെ ലീല, ടി അനില്‍, കെ കെ രാജീവന്, ടി ശശി, കെ വി മനോജ്, ഉച്ചമ്പള്ളി പ്രദീപന് എന്നിവരാണ് സ്റ്റേഷനിലെത്തി പൊലീസ് നടപടിക്കെതിരെ പ്രതിഷേധംഅറിയിച്ചത്. സമ്മേളന ബോര്‍ഡും കൊടിമരങ്ങളും നശിപ്പിക്കുന്നത് ആരായാലും അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ ബോര്‍ഡും സംഘാടകസമിതി ഓഫീസുകളും പുനഃസ്ഥാപിക്കാന്‍ ധാരണയായി.
സെമിനാറുകള്‍ക്ക് ഉജ്വല തുടക്കം
കണ്ണൂര്‍: സിഐടിയു ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകള്‍ക്ക് ഇ എം എസ് ദിനത്തില്‍ പ്രൗഢോജ്വല തുടക്കം. ആഗോളവല്‍ക്കരണത്തിന്റെ തിക്തഫലങ്ങള്‍ തൊഴില്‍മേഖലയില്‍ ഉണ്ടാക്കിയ തകര്‍ച്ചയുടെ ആഴം വരച്ചുകാട്ടിയ സെമിനാറുകള്‍ ചെറുത്തുനില്പിന്റെ ആവശ്യകതയും പ്രസക്തിയും ബോധ്യപ്പെടുത്തി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വികലനയങ്ങള്ക്കെതിരായ പോരാട്ടത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഉയര്‍ന്നുവന്ന തൊഴിലാളികളുടെ ഐക്യനിരയെ ശക്തിപ്പെടുത്തുന്നതായി സെമിനാറുകളിലെ പങ്കാളിത്തം. നയംമാറ്റാന്‍ വര്‍ഗസമരം ശക്തിപ്പെടുത്തുകയെന്ന സമ്മേളന സന്ദേശത്തെ കണ്ണൂരിലെ ജനത നെഞ്ചേറ്റിയ കാഴ്ച സെമിനാറുകളില്‍ ദൃശ്യമായി. ചൊവ്വാഴ്ച പയ്യന്നൂര്‍, അഞ്ചരക്കണ്ടി, പെരിങ്ങോം, ആലക്കോട് എന്നിവിടങ്ങളിലാണ് സെമിനാര്‍ നടന്നത്. പയ്യന്നൂരില്‍ അഖിലേന്ത്യാ വൈസ്പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥും അഞ്ചരക്കണ്ടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും പെരിങ്ങോം ബസാറില്‍ എം വി ഗോവിന്ദനും ആലക്കോട് സി രവീന്ദ്രനാഥ് എംഎല്‍എയും സെമിനാര്‍ ഉദ്ഘാടനംചെയ്തു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ഇരിട്ടി (ചെറുകിട വില്പന മേഖലയിലെ വിദേശനിക്ഷേപം), പിലാത്തറ (സ്ത്രീവിമോചനവും സാമൂഹ്യ വ്യവസ്ഥയും), പിണറായി (വ്യവസായ മേഖലയിലെ യുഡിഎഫ് നയം) എന്നിവിടങ്ങളില്‍ സെമിനാര്‍ നടക്കും.
തൊഴിലാളികളുടെ സംഘടിത പോരാട്ടം തുടരും: കെ എന്‍ രവീന്ദ്രനാഥ്
പയ്യന്നൂര്‍: തൊഴിലാളികളുടെ പൊതുമണിമുടക്കിനുശേഷവും യു പിഎ സര്‍ക്കാര്‍ നവലിബറല്‍ നയങ്ങള്‍ ശക്തമായി നടപ്പിലാക്കുകയാണെന്ന് സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ എന്‍ രവിന്ദ്രനാഥ് പറഞ്ഞു. ഇതിനെതിരെ സംഘടിത പോരാട്ടം തുടരും. സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ "യുപിഎ സര്‍ക്കാറിന്റെ നവലിബറല്‍ നയങ്ങള്‍" എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ കടമെടുക്കാനുള്ള ശേഷി കുറഞ്ഞുവരികയാണെന്ന് വന്‍കിട കോര്‍പ്പറേറ്റുകള്‍ പാടിനടക്കുകയാണ്. വിദേശഫണ്ട് സ്വീകരിക്കല്‍ മാത്രം പോംവഴിയെന്നാണ് ഇവരുടെ വാദം. വന്‍കിട സ്ഥാപനങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ക്ക് അംഗീകാരം കൊടുക്കാന്‍ പോലും മുതലാളിമാര്‍ തയ്യാറാകുന്നില്ല. ഇത്തരം നയങ്ങള്‍ തിരുത്താന്‍ തുടര്‍ന്നും ശക്തമായ പ്രക്ഷോഭം നടത്താന്‍ തൊഴിലാളിവര്‍ഗം തയ്യാറാകണമെന്നും രവീന്ദ്രനാഥ് പറഞ്ഞു. പൊതുസമൂഹത്തിന് ലഭിക്കേണ്ട ശാസ്ത്ര സാങ്കേതിക പുരോഗതി പൂര്‍ണമായും ആധുനിക കോര്‍പ്പറേറ്റ് ഭീമന്മാര് കൈയടക്കിയെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. നവലിബറല്‍നയം ദരിദ്രരെ കൂടുതല്‍ ദരിദ്രരും സമ്പന്നരെ അതിസമ്പന്നരുമാക്കുന്നുവെന്ന് തുടര്‍ന്ന് സംസാരിച്ച ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം വി രാജിവന് പറഞ്ഞു.
നവലിബറല്‍നയം തിരുത്തണം: പ്രൊഫ. സി രവീന്ദ്രനാഥ്
ആലക്കോട്: കാര്‍ഷിക മേഖല രക്ഷപ്പെടണമെങ്കില്‍ നവലിബറല്‍നയം തിരുത്തി പഴയ കാര്ഷികനയംകൊണ്ടുവരാന് മന്‍മോഹന്‍സിങ്ങും ചിദംബരവും തയ്യാറാകണമെന്ന് പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ പറഞ്ഞു. സിഐടിയു അഖിലേന്ത്യാസമ്മേളനത്തിന്റെ ഭാഗമായി ഉദാരവല്‍ക്കരണ നയങ്ങളും കാര്‍ഷിക പ്രതിസന്ധിയും എന്ന വിഷയത്തില്‍ ആലക്കോട് ഏരിയാകമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോര്‍പ്പറേറ്റുകള്‍ക്ക് നല്കുന്ന നികുതിയിളവുകള്‍ ഗവണ്മെന്റ് സബ്സിഡിയായി കാര്‍ഷികമേഖലക്ക് നല്കിയാല് കാര്‍ഷിക മേഖല രക്ഷപ്പെടും. നവലിബറല്‍ നയങ്ങള്‍ തൊഴിലാളികളെ വെല്ലുവിളിക്കുന്ന നയമാണ്. 1992 മുതല്‍ ഈ നയങ്ങള്‍ക്കെതിരെ സമരവുമായി കമ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവന്നു. അന്ന് വ്യാപാരിവ്യവസായി ഏകോപനസമിതിക്കാരും മാധ്യമങ്ങളും സമരത്തെ പുച്ഛിച്ചുതള്ളി. ഇന്ന് നവലിബറല്‍ നയം നടപ്പില്വരുത്തിയതുകാരണം വ്യാപാര മേഖലയിലും വിദേശ കുത്തകകള്‍ കടന്നുകയറി. അതിെന്റ ദുരന്തം വ്യാപാരികള്‍ അനുഭവിക്കുകയാണ് അദ്ദേഹം പറഞ്ഞു. എം കരുണാകരന് അധ്യക്ഷനായി. കെ എം ജോസഫ്,എം പ്രകാശന് എന്നിവര്‍ സംസാരിച്ചു. ടി പ്രഭാകരന് സ്വാഗതം പറഞ്ഞു.
deshabhimani 200313
Labels:
പോലീസ്,
വാർത്ത,
സി.ഐ.ടി.യു
Subscribe to:
Post Comments (Atom)
No comments:
Post a Comment