Monday, March 18, 2013

സംഘശക്തി വിളിച്ചോതി ചുമട്ടുതൊഴിലാളി റാലി


ചുമട്ടുതൊഴിലാളികളുടെ കരുത്തും സംഘശക്തിയും വര്‍ഗബോധവും വിളിച്ചോതിയ ഉജ്വല റാലിയോടെ കേരള സ്റ്റേറ്റ് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) 12-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. നീല യൂണിഫോം അണിഞ്ഞ് കാല്‍ ലക്ഷത്തിലധികം തൊഴിലാളികള്‍ അണിനിരന്ന പടുകൂറ്റന്‍ പ്രകടനം എറണാകുളം നഗരത്തെ ആവേശക്കടലാക്കി. ഇ ബാലാനന്ദന്‍ നഗറില്‍ (രാജേന്ദ്രമൈതാനം) ചേര്‍ന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്തു. അണമുറിയാത്ത മുദ്രാവാക്യവും വിപ്ലവഗാനങ്ങളുമായി ചിട്ടയാര്‍ന്ന ചുവടുകളോടെ കൈകളില്‍ ചെങ്കൊടികളുമായി തൊഴിലാളികള്‍ മുന്നോട്ടുനീങ്ങിയപ്പോള്‍ നീലയും ചുവപ്പും കലര്‍ന്ന് കൊച്ചിനഗരം ഉത്സവതിമിര്‍പ്പിലായി.

ചുമട്ടുതൊഴിലാളികളുടെ അവകാശസമര പോരാട്ടങ്ങളെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് അണിനിരന്ന കാല്‍ലക്ഷം തൊഴിലാളികള്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും നഗരത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ പ്രകടനം അലകടലായി. തെയ്യവും തിറയും കാവടിമേളവും ദഫ്മുട്ടും കോല്‍ക്കളിയും നാടന്‍ കലാരൂപങ്ങളും ഫ്ളോട്ടുകളും റാലിക്ക് മിഴിവേകി. കരിനിയമങ്ങളുണ്ടാക്കി തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള കനത്ത താക്കീതുകൂടിയായി റാലി. രാജേന്ദ്രമൈതാനത്ത് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കേരള സ്റ്റേറ്റ് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ എം സുധാകരന്‍ അധ്യക്ഷനായി. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി ടി രാജന്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി രാജീവ് എംപി സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ എം അഷറഫ് നന്ദിയും പറഞ്ഞു.

എറണാകുളം ഹൈക്കോടതി കവലയില്‍നിന്നാരംഭിച്ച പ്രകടനത്തിന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എം സുധാകരന്‍, ജനറല്‍ സെക്രട്ടറി പി ടി രാജന്‍, ട്രഷറര്‍ കാട്ടാക്കട ശശി, സംസ്ഥാന ഭാരവാഹികളായ സി കെ മണിശങ്കര്‍, ടി എല്‍ അനില്‍കുമാര്‍, എം എസ് സ്കറിയ, സി ജയന്‍ ബാബു, ഇ ഷാനവാസ്ഖാന്‍, കെ സി രാജഗോപാലന്‍, പി കെ ശശി, എം സുരേന്ദ്രന്‍, സി കെ ചന്ദ്രന്‍, കുഞ്ഞൂട്ടി പനോലന്‍, കെ പി രാജന്‍, ടി ആര്‍ സോമന്‍, എം എച്ച് സലിം, സിഐടിയു എറണാകുളം ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്് എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ എറണാകുളം ടൗണ്‍ഹാളില്‍ (പേരൂര്‍ക്കട സദാശിവന്‍ നഗര്‍) പ്രതിനിധി സമ്മേളനത്തില്‍ പൊതുചര്‍ച്ചയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ടി രാജന്‍ മറുപടി നല്‍കി. സമ്മേളനം ഭാരവാഹികളെ തെരഞ്ഞെടുത്തു.

deshabhimani 180313

No comments:

Post a Comment